മന്ത്രി സ്മൃതി ഇറാനി ഡിഗ്രി വിവാദത്തില്‍

ന്യൂഡൽഹി: മാനവശേഷി വികസനമന്ത്രി സ്മൃതി ഇറാനിയുടെ ‘യേൽ ഡിഗ്രി’ വിവാദത്തിൽ. അമേരിക്കയിലെ യേൽ സ൪വകലാശാലയിൽനിന്നുള്ള ഡിഗ്രിക്ക് ഉടമയാണ് താനെന്ന് കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്ന ‘ഇന്ത്യാ ടുഡെ’ വനിതാ ഉച്ചകോടിയിൽ മന്ത്രി അവകാശപ്പെട്ടിരുന്നു. ‘ചില൪ ഞാൻ നിരക്ഷരയാണെന്നൊക്കെ പറയുന്നുണ്ട്. പക്ഷേ, യേൽ യൂനിവേഴ്സിറ്റിയുടെ ഡിഗ്രിയുണ്ടെനിക്ക്. വേണമെങ്കിൽ കാണിച്ചുതരുകയും ചെയ്യാം’ എന്നായിരുന്നു സ്മൃതി ഇറാനി പറഞ്ഞത്.
പക്ഷേ, യേൽ ഡിഗ്രിയെക്കുറിച്ച് വനിതാ സമ്മേളനത്തിൽ മന്ത്രി വിശദീകരിച്ചിരുന്നില്ല. എന്നാൽ പിന്നീട് മാനവശേഷി വികസന മന്ത്രാലയം വിശദീകരണക്കുറിപ്പ് ഇറക്കി. എം.പിയെന്ന നിലക്ക് വിവിധ പാ൪ട്ടികളിൽ പെട്ട എം.പിമാ൪ക്കൊപ്പം ഇറാനിയെ യേലിൽ നേതൃ പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ ക്ഷണിച്ചിരുന്നെന്നും അതുവഴി സ൪ട്ടിഫിക്കറ്റ് കിട്ടിയെന്നുമാണ് പ്രസ്താവന.
കണക്ടിക്കട്ട് ന്യൂ ഹെവനിലെ യേൽ കാമ്പസിൽ നടന്ന ആറു ദിവസത്തെ നേതൃത്വ പരിപാടിയിൽ 11 എം.പിമാരാണ് പങ്കെടുത്തത്. എട്ടുവ൪ഷമായി അവ൪ കോഴ്സ് നടത്തുന്നുണ്ട്. ഇതുവരെ 80ൽപരം എം.പിമാ൪ പങ്കെടുത്തിട്ടുണ്ട്. തൻെറ പരാമ൪ശം തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നുവെന്ന് പിന്നീട് ഇറാനിയും ട്വിറ്ററിൽ പ്രതികരിച്ചു.
മോദി മന്ത്രിസഭയിലെ ഏറ്റവും ചെറുപ്പക്കാരിയായ വിദ്യാഭ്യാസ മന്ത്രി, പദവി വഹിക്കാൻ തനിക്കുള്ള യോഗ്യതയെക്കുറിച്ച് അടുത്തിടെ കൂടുതലായി സംസാരിക്കുന്നുണ്ടെന്നാണ് സോഷ്യൽ മീഡിയ സൈറ്റുകളിൽനിന്ന് ലഭിക്കുന്ന വിവരം.
എന്നാൽ സത്യവാങ്മൂലങ്ങളിലെ ഡിഗ്രികളിൽ പൊരുത്തക്കേടുണ്ട്. തെരഞ്ഞെടുപ്പുസമയത്ത് നാമനി൪ദേശ പത്രികക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ പൊരുത്തക്കേടുണ്ടെന്ന് നേരത്തേ ആക്ഷേപം ഉയ൪ന്നിരുന്നു. മന്ത്രിക്ക് വിദ്യാഭ്യാസ യോഗ്യതയല്ല, ആത്മാ൪ഥതയും സത്യസന്ധതയുമാണ് പ്രധാനമെന്നാണ് കോൺഗ്രസ് വക്താവ് പ്രിയങ്കാ ചതു൪വേദി ട്വിറ്ററിൽ പ്രതികരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.