ഗജവിജ്ഞാനോത്സവം സെപ്റ്റംബര്‍ അഞ്ച് മുതല്‍ ഒമ്പതുവരെ

കോന്നി: ആനക്കൂട് കേന്ദ്രീകരിച്ച് സെപ്റ്റംബര്‍ അഞ്ച് മുതല്‍ ഒമ്പതുവരെ ഗജവിജ്ഞാനോത്സവം സംഘടിപ്പിക്കുമെന്ന് മന്ത്രി അടൂര്‍ പ്രകാശ്. കോന്നി ഫോറസ്റ്റ് ഐ.ബിയില്‍ ചേര്‍ന്ന സ്വാഗതസംഘ രൂപവത്കരണ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ഭരണകൂടം, വനം-ടൂറിസം വകുപ്പുകള്‍, ഡി.ടി.പി.സി, തദ്ദേശ സ്ഥാപനങ്ങള്‍, വ്യാപാരി വ്യവസായികള്‍ എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി. സെപ്റ്റംബര്‍ അഞ്ചിന് ഗജവിജ്ഞാനോത്സവം ആരംഭിക്കും. ആനയെ അടുത്തറിയാന്‍ അവസരമൊരുക്കുകയാണ് ലക്ഷ്യം. രാവിലെ ഒമ്പത് മുതല്‍ രാത്രി ഒമ്പതുവരെയാണ് പ്രവേശം. വിദ്യാര്‍ഥികള്‍ക്ക് പ്രവേശം സൗജന്യം. ആനയെക്കുറിച്ച് അറിവു പകരുന്നതിന് എല്ലാ ദിവസവും വിദഗ്ധര്‍ നയിക്കുന്ന രണ്ടു ക്ളാസുകള്‍ നടത്തും. നാട്ടാന-കാട്ടാന സംരക്ഷണം എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തും. ആന കഥാപാത്രങ്ങളായ സിനിമകളുടെ പ്രദര്‍ശനം പ്രധാന ആകര്‍ഷണമാകും. പുറമേ കുട്ടികള്‍ക്കായി പെയിന്‍റിങ് മത്സരം നടത്തും. എല്ലാ ദിവസവും രാത്രി ആറ് മുതല്‍ ഒമ്പതുവരെ സാംസ്കാരിക പരിപാടികള്‍. കുടുംബശ്രീ ഭക്ഷണശാലകളില്‍ നാടന്‍ ഭക്ഷണം ലഭ്യമാക്കും. ആനക്കൂട്ടില്‍ വനം വികസന സമിതി നടത്തുന്ന കാന്‍റീന്‍ വിപുലമാക്കും. ആനകളുടെ ഷവര്‍ബാത്താണ് മറ്റൊരു ആകര്‍ഷണം. രണ്ടാഴ്ചക്കുള്ളില്‍ ഇതിന്‍െറ നിര്‍മാണം പൂര്‍ത്തിയാക്കും. ആനച്ചമയ പ്രദര്‍ശനവും ആന സവാരിയും ഉണ്ടാകും. ഇതിനൊപ്പം ഫോട്ടോ, വീഡിയോ എന്നിവ എടുക്കാം. ആനത്താവളത്തിലെ മൂല്യവര്‍ധിത കേന്ദ്രത്തില്‍ 12 സ്റ്റാളുകള്‍ തുടങ്ങും. ആനയുടെ അസ്ഥിയുടെ പൂര്‍ണരൂപം, ആനപിണ്ഡം അടിസ്ഥാനമാക്കി പേപ്പര്‍ നിര്‍മാണ യൂനിറ്റ്, ആനപിടിത്തത്തിന്‍െറ അപൂര്‍വ ചിത്രങ്ങള്‍ എന്നിവ സന്ദര്‍ശകര്‍ക്ക് പുതിയ അനുഭവം പകരും. ആനക്കൂട്ടില്‍ നിലവില്‍ ഏഴ് ആനകളുണ്ട്. ഇതില്‍ ആറെണ്ണം സര്‍ക്കാറിന്‍െറ ഉടമസ്ഥതയിലാണ്. 73 വയസ്സുള്ള സോമനാണ് കൂടുതല്‍ പ്രായക്കാരന്‍. ലക്ഷ്മി എന്ന കുട്ടിയാനയുടെ കുസൃതികള്‍ ഏവരെയും ആകര്‍ഷിക്കും. ഒരു ദിവസം 10000 പേരെയാണ് സന്ദര്‍ശകരായി പ്രതീക്ഷിക്കുന്നത്. എല്ലാ ദിവസത്തെയും പരിപാടികളില്‍ അതിഥികളായി മന്ത്രിമാര്‍ എത്തും. കോന്നി ആനക്കൂട് കേന്ദ്രീകരിച്ച് ഇക്കോ ടൂറിസം-അടവി-ഗവി എന്നിവ ബന്ധിപ്പിച്ച് ടൂറിസം സര്‍ക്ക്യൂട്ട് വികസിപ്പിക്കുന്നതിന് എട്ടുകോടി രൂപ വിനോദസഞ്ചാര വകുപ്പ് അനുവദിച്ചു. കാട് സംരക്ഷിച്ച് ടൂറിസം വികസനം നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ലാ കലക്ടര്‍ എസ്. ഹരികിഷോര്‍, ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ഡോ.പുകഴേന്തി, ഡി.എഫ.്ഒ ടി.പ്രദീപ്കുമാര്‍, അസി. കലക്ടര്‍ ഡോ.ശ്രീറാം വെങ്കിട്ടരാമന്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ ബാബു ജോര്‍ജ്, അഡ്വ.ഹരിദാസ് ഇടത്തിട്ട, റോബിന്‍പീറ്റര്‍, ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്‍റ് മാത്യു കുളത്തുങ്കല്‍, ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് എലിസബത്ത് അബു, ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റുമാര്‍, ബ്ളോക്-ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, വ്യാപാരി പ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.