തിരുവല്ല: ശക്തമായ വെള്ളപ്പൊക്കത്തില്‍ തിരുവല്ല താലൂക്കിലെ ഭൂരിഭാഗം റോഡുകളും തകര്‍ന്നു. അപ്പര്‍ കുട്ടനാടന്‍ പ്രദേശങ്ങളിലെ ഗ്രാമീണ റോഡുകള്‍ ഗതാഗത യോഗ്യമല്ലാതായി. കുത്തൊഴുക്കില്‍ റോഡില്‍ വലിയ കുഴികള്‍ രൂപപ്പെട്ടു. മഴ വന്നതോടെ കുഴിയടക്കാന്‍ പറ്റാതെയുമായി. എം.സി റോഡില്‍ ഇടിഞ്ഞില്ലം മുതല്‍ കുറ്റൂര്‍ വരെയുള്ള ഭാഗം പൂര്‍ണമായി തകര്‍ന്നു. കുറ്റൂരിനും ഇടിഞ്ഞില്ലത്തിനുമിടയില്‍ ജലവിതരണകുഴല്‍ സ്ഥാപിക്കാന്‍ എക്സ്കവേറ്റര്‍ ഉപയോഗിച്ച് കുഴിയെടുത്തത് അടുത്തിടെയാണ് നികത്തിയത്. വെള്ളം കയറിയതോടെ പലയിടത്തും മെറ്റലുകള്‍ ഇളകി. ഇരുചക്രവാഹനങ്ങളാണ് കൂടുതല്‍ പ്രയാസപ്പെടുന്നത്. തിരുവല്ല റെയില്‍വേ സ്റ്റേഷന്‍ റോഡും തകര്‍ന്നു. ചിലങ്ക ജങ്ഷന്‍ മുതല്‍ റെയില്‍വേ ജങ്ഷന്‍വരെ വന്‍ കുഴികള്‍ രൂപപ്പെട്ടു. പൊതുമരാമത്ത് വകുപ്പ് ഒരാഴ്ചക്ക് മുമ്പ് അടച്ച ഈ റോഡിലെ കുഴികള്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു. തിരുവല്ല കോഴഞ്ചേരി റോഡില്‍ പുഷ്പഗിരി റോഡ് ആരംഭിക്കുന്ന ഭാഗത്ത് കുഴികളില്‍ വെള്ളക്കെട്ടാണ്. ഇടിഞ്ഞില്ലം കാവുംഭാഗം റോഡ് വെള്ളം കയറും മുമ്പുതന്നെ തകര്‍ന്നിരുന്നു. അമ്പലപ്പുഴ - തിരുവല്ല പാതയില്‍ മഴ കനത്ത നാശമാണ് വരുത്തിയത്. നെടുമ്പ്രം, നീരേറ്റുപുറം, കൊച്ചമ്മനം, എടത്വ എന്നിവിടങ്ങളില്‍ വെള്ളം കെട്ടിനിന്നതുമൂലം റോഡ് തകര്‍ന്നു. കുറ്റൂര്‍ - വള്ളംകുളം റോഡില്‍ വെള്ളംകെട്ടിനിന്ന് ടാറിങ് ഇളകി. വളഞ്ഞവട്ടം ചക്കുളം റോഡ്, കാവുംഭാഗം ചാത്തങ്കരി റോഡ്, മേപ്രാല്‍ കാരക്കല്‍, കുറ്റൂര്‍ പനച്ചമൂട്, നെടുമ്പ്രം ആശുപത്രി റോഡ്, നെടുമ്പ്രം കോച്ചാരിമുക്കം എന്നിവയും തകര്‍ന്നു. എടത്വ - ഹരിപ്പാട് റോഡും പൂര്‍ണമായി തകര്‍ന്നു. സൈക്കിള്‍ മുക്ക് - തേവേരി റോഡില്‍ ആലപ്പുഴ കുടിവെള്ള പദ്ധതിക്കായി കുഴിയെടുത്ത ഭാഗങ്ങളില്‍ റോഡ് പാടെ തകര്‍ന്ന നിലയിലാണ്. തിരുവല്ല റോഡ് ഡിവിഷനില്‍ അറ്റകുറ്റപ്പണിക്കായി അനുവദിച്ചത് ഏഴുലക്ഷം മാത്രമായിരുന്നു. ചെങ്ങന്നൂര്‍ ഏറ്റുമാനൂര്‍ എം.സി റോഡ് വികസനത്തിനായി കെ.എസ്.ടി.പിക്ക് റോഡ് വിട്ടുനല്‍കിയതുമൂലം അറ്റകുറ്റപ്പണി നടത്തുന്നതില്‍ പൊതുമരാമത്ത് വകുപ്പ് അനാസ്ഥ കാട്ടുകയായിരുന്നു. മഴക്കാലത്തിന് മുമ്പ് പൊതുമരാമത്ത് വകുപ്പ് പതിവായി നടത്തിവന്ന അറ്റകുറ്റപ്പണികള്‍ ഇത്തവണ നടത്തിയില്ല. ചില റോഡുകളില്‍ കുഴിയടക്കല്‍ മാത്രമാണ് നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.