കോര്‍പറേഷന്‍െറ ‘ഓപറേഷന്‍ സ്വീപ്പും’ പാളുന്നു

തൃശൂര്‍: ആദ്യം മിഠായി കൊടുത്ത് മയക്കാന്‍ നോക്കി. പിന്നീട് പേടിപ്പിച്ച് നടപ്പാക്കാന്‍ ശ്രമിച്ചു. മാലിന്യം വലിച്ചെറിയുന്നത് തടയാന്‍ തൃശൂര്‍ കോര്‍പറേഷന്‍ സ്വീകരിക്കുന്ന നടപടികളെല്ലാം പാളുകയാണ്. ഇതോടെ കോര്‍പറേഷന്‍ പ്രദേശം തെരുവുനായ്ക്കളുടെയും എലി, കൊതുക് എന്നിവയുടെയും വിഹാര രംഗമായി. മിക്ക ഡിവിഷനിലും മാലിന്യം കുന്നുകൂടുമ്പോള്‍ ഇനിയെന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് അധികൃതര്‍. മാലിന്യ സംസ്കരണ പദ്ധതികള്‍ക്കായി കോടികള്‍ കെട്ടിക്കിടക്കുമ്പോഴാണ് കോര്‍പറേഷന്‍ ഫലം കാണാത്ത പദ്ധതികളുടെ പരമ്പര തീര്‍ക്കുന്നത്. നിശ്ചിത കേന്ദ്രങ്ങളില്‍ മാലിന്യം എത്തിച്ചാല്‍ മിഠായി കൊടുക്കുന്ന പദ്ധതിയാണ് ആദ്യം വന്നത്. ആദ്യ ആവേശം കെട്ടതോടെ പദ്ധതി അവസാനിച്ചു. അതുകഴിഞ്ഞാണ് ശക്തന്‍ സംസ്കരണ പ്ളാന്‍റ് വിപുലീകരിക്കാന്‍ ശ്രമം നടത്തിയത്. അടുത്തത് ‘ഓപറേഷന്‍ സ്വീപ്പ്’ ആണ്. മാലിന്യം വലിച്ചെറിഞ്ഞാല്‍ കുറഞ്ഞത് ഒരു വര്‍ഷം വരെ തടവും 5,000 രൂപ വരെ പിഴയും നല്‍കി ശിക്ഷിക്കുന്നതാണ് ഇത്. ഇതിന് പൊലീസിന്‍െറയും കോര്‍പറേഷന്‍ ആരോഗ്യ വിഭാഗത്തിന്‍െറയും സംയുക്ത സ്ക്വാഡ് രൂപവത്കരിച്ചു. നിരീക്ഷണ കാമറകള്‍ വഴിയും മഫ്ടി പൊലീസ്-ട്രാഫിക് പൊലീസ് സംവിധാനങ്ങള്‍ ഉപയോഗിച്ചും പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നവരെ കണ്ടത്തൊനായിരുന്നു നീക്കം. പദ്ധതി അവതരിപ്പിച്ച് മാസം ഒന്ന് കഴിഞ്ഞെങ്കിലും നടപടിയുണ്ടായില്ല. മാലിന്യം വലിച്ചെറിയുന്നവര്‍ അത് തുടരുന്നുണ്ട്. ഹെല്‍മറ്റ് വേട്ടക്ക് പൊലീസ് നടത്തുന്ന ശുഷ്കാന്തി ഉണ്ടായിരുന്നെങ്കില്‍ മാലിന്യത്തിന്‍െറ പൊടിപോലും ഉണ്ടാവുമായിരുന്നില്ല. വേണ്ട മുന്നൊരുക്കമോ ആത്മാര്‍ഥതയോ ഇല്ലാതെ അവതരിപ്പിച്ച മറ്റൊരു പദ്ധതി കൂടി പാളിയതാണ് ഫലം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.