ഗുരുവായൂര്‍: അഴുക്കുചാല്‍ പദ്ധതി നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ അഴിമതിയുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ വാട്ടര്‍ അതോറിറ്റി ഓഫിസില്‍ പരിശോധന നടത്തി. ചെമ്പുക്കാവിലെ വാട്ടര്‍ അതോറിറ്റി എക്സിക്യൂട്ടീവ് ഓഫിസറുടെ ഓഫിസിലും ഗുരുവായൂരിലെ അസി. എക്സിക്യൂട്ടീവ് ഓഫിസറുടെ ഓഫിസിലും പരിശോധന നടത്തി ഫയലുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. വിജിലന്‍റ് സിറ്റിസണ്‍ സംഘടനയുടെ സെക്രട്ടറി ജയപ്രകാശ് കേശവനാണ് അഴിമതി ആരോപിച്ച് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയത്. അഴുക്കുചാല്‍ പദ്ധതിയുടെ പൈപ്പിടുന്നതിനുള്ള കരാര്‍ കരാറുകാരന് ഗുണകരമാകുന്ന വിധത്തില്‍ തയാറാക്കിയതാണെന്നാണ് പ്രധാന ആരോപണം. പരാതി ലഭിച്ചതിനെ തുടര്‍ന്ന് ആരോപണത്തില്‍ കഴമ്പുണ്ടോയെന്ന് അന്വേഷിക്കാനായി എറണാകുളത്തെ വിജിലന്‍സ് സ്പെഷല്‍ സെല്‍ എസ്.പിയെ ചുമതലപ്പെടുത്തി. കരാറുമായി ബന്ധപ്പെട്ട ഫയലുകള്‍ വിജിലന്‍സ് വിഭാഗം പിടിച്ചെടുത്തിട്ടുണ്ട്. രേഖകളുടെ പരിശോധന പൂത്തിയായാല്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് ഗുരുവായൂരില്‍ പരിശോധനക്ക് നേതൃത്വം നല്‍കിയ സി.ഐ. ബൈജു പറഞ്ഞു. സീനിയര്‍ സി.പി.ഒ വിപിന്‍ ജോര്‍ജ്, സിവില്‍ പൊലീസ് ഓഫിസര്‍ എച്ച്. മുജീബ്, പൊതുമരാമത്ത് വകുപ്പ് അസി. എന്‍ജിനീയര്‍ എ.കെ. നവീന്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു. പദ്ധതിയുടെ കരാറുകാരനെ സംബന്ധിച്ച് നിരവധി ആരോപണങ്ങള്‍ നേരത്തെ ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രി ഇടപെട്ടിട്ടുപോലും പദ്ധതി സമയത്ത് പൂര്‍ത്തിയാക്കാത്ത കരാറുകാരനെ മാറ്റണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.