ദേശീയപാതയില്‍ ഗതാഗതം ദുസ്സഹമായി

കോഴിക്കോട്: വയനാട് റോഡില്‍ മൂഴിക്കല്‍ വളവിനടുത്ത് അപ്രതീക്ഷിതവെള്ളപ്പൊക്കം. കേബിളിടാന്‍ കുഴിയെടുത്തവര്‍ പഴയ ഡ്രെയ്നേജ് അടച്ചതാണ് ദേശീയപാതയില്‍ മുട്ടോളം വെള്ളം ഉയര്‍ത്തിയത്. ബുധനാഴ്ച പുലര്‍ച്ചെ മുതല്‍ വയനാട് റോഡില്‍ വെള്ളമുയര്‍ന്ന് വാഹന ഗതാഗതം മണിക്കൂറുകളോളം മുടങ്ങി. പ്രശ്നം എങ്ങനെ പരിഹരിക്കണമെന്നറിയാതെ പി.ഡബ്ള്യു.ഡി അധികൃതരും ഫയര്‍ഫോഴ്സും പൊലീസും കൈമലര്‍ത്തിയപ്പോള്‍ നാട്ടുകാര്‍ രംഗത്തിറങ്ങി പ്രതിസന്ധി ഒഴിവാക്കി. ഉച്ചക്ക് ഒന്നരയോടെയാണ് റോഡിലെ വെള്ളക്കെട്ട് ഒഴിവായി തടസ്സം നീങ്ങിയത്. മൂഴിക്കല്‍ അയ്യമ്പാറവളവില്‍ കേബിളിടാന്‍ കുഴിയെടുത്തപ്പോള്‍ അടഞ്ഞ ഡ്രെയ്നേജ് പി.ഡബ്ള്യു.ഡി അധികൃതര്‍ നന്നാക്കാത്തതാണ് പ്രതിസന്ധിയായത്. ജപ്പാന്‍ കുടിവെള്ളപദ്ധതിക്ക് വേണ്ടിയും സ്വകാര്യകമ്പനികളുടെ കേബിളിടാനും കുഴിയെടുത്തപ്പോഴാണ് റോഡ് മുറിച്ചുപോകുന്ന ഡ്രെയ്നേജില്‍ മണ്ണ് നിറഞ്ഞത്. ബുധനാഴ്ച രാത്രി പെയ്ത ശക്തമായ മഴയില്‍ വെള്ളം ഒഴിഞ്ഞുപോകാന്‍ വഴിയില്ലാതെ പ്രളയമായി മാറുകയായിരുന്നു. പ്രതിസന്ധിക്കിടെ ഇതുവഴിയത്തെിയ പി.ഡബ്ള്യു.ഡി അധികൃതരെ നാട്ടുകാര്‍ തടഞ്ഞു. വെള്ളക്കെട്ട് ഒഴിവാക്കാന്‍ ഫയര്‍ഫോഴ്സ് എത്തിയെങ്കിലും ചളിവെള്ളമായതിനാല്‍ മോട്ടോര്‍വെച്ച് പമ്പുചെയ്യാനാവില്ളെന്നു പറഞ്ഞ് അവര്‍ പിന്മാറി. ഒടുവില്‍ നാട്ടുകാര്‍ ഡ്രെയ്നേജിന്‍െറ ഇരുഭാഗവും തുരന്ന് വെള്ളത്തിന് വഴിയൊരുക്കി. ചെറിയ വാഹനങ്ങള്‍ വെള്ളക്കെട്ട് മുറിച്ച് കടക്കാനാവാത്തതിനാല്‍ കട്ടയാട്ട്പറമ്പിലൂടെയുള്ള കോര്‍പറേഷന്‍ റോഡിനെ ആശ്രയിച്ചു. കോര്‍പറേഷന്‍ കൗണ്‍സിലര്‍ എം.പി. ഹമീദിന്‍െറ നേതൃത്വത്തില്‍ കെ.പി. ശിവജി, ഇഫ്തിയാര്‍ മുഹമ്മദ്, ഷംസുദ്ദീന്‍, അബ്ബാസ് തുടങ്ങിയവരാണ് പഴയ ഡ്രെയ്നേജ് തുരന്ന് പ്രതിസന്ധി പരിഹരിച്ചത്. ഡ്രെയ്നേജ് സംവിധാനം കാര്യക്ഷമമല്ലാത്തതിനാല്‍ ഈ മേഖലയില്‍ രൂപപ്പെട്ട കുഴികള്‍ വന്‍ഗര്‍ത്തമായി മാറിയിട്ടുണ്ട്. റോഡില്‍ വെള്ളക്കെട്ട് കൂടിയതോടെ ഇതുവഴിയുള്ള ഗതാഗതം ദുരിതപൂര്‍ണമായിരിക്കയാണ്.പ്രശ്നത്തിന് ഉടന്‍ ശാശ്വതപരിഹാരമുണ്ടാക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി മൂഴിക്കല്‍-ചെറുവറ്റ യൂനിറ്റ് പ്രസിഡന്‍റ് കെ.ടി.സിദ്ദീഖ് ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.