പ്രതീകാത്മക ചിത്രം

മാരുതിയുടെ ഡിസംബർ ഓഫറിൽ അമ്പരന്ന് വാഹന പ്രേമികൾ; രണ്ട് ലക്ഷം രൂപവരെയുള്ള ആനുകൂല്യങ്ങൾ!

ഇന്ത്യൻ വാഹനനിർമാതാക്കളായ മാരുതി സുസുകി തങ്ങളുടെ അരീന (Arena), നെക്സ (Nexa) റീട്ടെയിൽ ശൃംഖലകളിലെ മോഡലുകൾക്ക് 2025 ഡിസംബറിൽ ആകർഷകമായ വർഷാവസാന കിഴിവുകൾ പ്രഖ്യാപിച്ചു. മോഡലുകൾക്കും വേരിയന്റുകൾക്കുമനുസരിച്ച്, ഉപഭോക്താക്കൾക്ക് നേരിട്ടുള്ള ക്യാഷ് ഡിസ്‌കൗണ്ടുകൾ, എക്‌സ്‌ചേഞ്ച് അല്ലെങ്കിൽ സ്‌ക്രാപ്പേജ് ബോണസുകൾ, കോർപ്പറേറ്റ്/ഇൻസ്റ്റിറ്റ്യൂഷണൽ സ്കീമുകൾ, റൂറൽ ഓഫറുകൾ എന്നിവ പ്രയോജനപ്പെടുത്താം. തെരഞ്ഞെടുത്ത നെക്സ മോഡലുകൾക്ക് രണ്ട് ലക്ഷം രൂപവരെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.

അരീന മോഡലുകൾക്ക് ലഭിക്കുന്ന പരമാവധി ആനുകൂല്യം

ആൾട്ടോ കെ10 (Alto K10)

മാരുതിയുടെ എൻട്രി ലെവൽ ഹാച്ച്ബാക്ക് വാഹനമായ ആൾട്ടോ കെ10 മോഡലിന് 25,000 രൂപയുടെ കൺസ്യൂമർ ഡിസ്‌കൗണ്ട് കമ്പനി നൽകുന്നുണ്ട്. കൂടാതെ എക്സ്ചേഞ്ച് ബോണസായി 15,000 രൂപയും സ്‌ക്രാപ്പേജ് ബോണസായി 25,000 രൂപവരെയും ആനുകൂല്യം ലഭിക്കും.

എസ്-പ്രെസ്സോ (S-Presso)

എൻട്രി ലെവൽ ഹാച്ച്ബാക്ക് കാറിനു തൊട്ടുമുകളിലുള്ള മാരുതിയുടെ മറ്റൊരു ജനപ്രിയ വാഹനമാണ് എസ്-പ്രെസ്സോ. ഡിസംബർ മാസത്തിൽ 52,500 രൂപവരെയുള്ള ആനുകൂല്യങ്ങൾ എസ്-പ്രെസ്സോക്ക് ലഭിക്കുന്നുണ്ട്. ആൾട്ടോ കെ10 മോഡലിന് ലഭിക്കുന്ന അതെ ആനുകൂല്യങ്ങളാണ് എസ്-പ്രെസ്സോക്കും കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

വാഗൺആർ (WagonR)

മാരുതി സുസുകി വാഹനനിരയിലെ ബെസ്റ്റ് സെല്ലിങ് കാറിൽ തലയുയർത്തി നിൽക്കുന്ന മോഡലാണ് വാഗൺആർ. 58,100 രൂപവരെയുള്ള മികച്ച ആനുകൂല്യത്തിൽ ഉപഭോക്താക്കൾക്ക് പുതിയ വാഹനം സ്വന്തമാക്കാം. 30,000 രൂപയുടെ കൺസ്യൂമർ ആനുകൂല്യത്തിന് പുറമെ 15,000 രൂപയുടെ എക്സ്ചേഞ്ച് ഓഫറും 25,000 രൂപയുടെ സ്‌ക്രാപ്പേജ് ബോണസും ലഭിക്കുന്നു.

സെലേറിയോ (Celerio)

2021ലാണ് അവസാനമായി മാരുതി സുസുക്കി സെലേറിയോ ഫേസ് ലിഫ്റ്റ് നടത്തി വിപണിയിൽ എത്തിയത്. മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകൾക്ക് പരമാവധി 52,500 രൂപയുടെ ആനുകൂല്യം ഡിസംബർ മാസത്തിൽ ലഭിക്കും.

മാരുതി സുസുകി സ്വിഫ്റ്റ് (Swift)

മാരുതി സുസുക്കിയുടെ ജനപ്രിയ വാഹനമെന്ന വിശേഷണം വേണ്ടുവോളമുള്ള വാഹനമാണ് മാരുതി സുസുകി സ്വിഫ്റ്റ്. പെട്രോൾ വകഭേദത്തിൽ എൽ.എക്സ്.ഐ വേരിയന്റ് ഉൾപ്പെടെ മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകൾക്ക് കമ്പനി ആനുകൂല്യം പ്രഖ്യാപിച്ചിട്ടുണ്ട്. 25,000 രൂപയുടെ കൺസ്യൂമർ ഡിസ്‌കൗണ്ടും 15,000 രൂപയുടെ എക്സ്ചേഞ്ച് ഓഫറും 25,000 രൂപ വരെയുള്ള സ്‌ക്രാപ്പേജ് ബോണസും സ്വിഫ്റ്റിന് ലഭിക്കും.

മാരുതി സുസുകി ബ്രെസ്സ (Brezza)

മാരുതി സുസുകി സെഗ്‌മെന്റിലെ അഭിമാന എസ്.യു.വിയാണ് ബ്രെസ്സ. ഏറെ ആരാധകവൃത്തമുള്ള ബ്രെസ്സ മികച്ച ഓഫറിൽ ഇപ്പോൾ സ്വന്തമാക്കാം. 40,000 രൂപവരെയുള്ള ആനുകൂല്യങ്ങളാണ് മാരുതി ബ്രെസ്സ എസ്.യു.വിക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. 10,000 രൂപയുടെ കൺസ്യൂമർ ഡിസ്‌കൗണ്ട്, 15,000 രൂപയുടെ എക്സ്ചേഞ്ച് ബോണസ്, 25,000 രൂപയുടെ സ്ക്രാപ്പേജ് ഓഫറും ബ്രെസ്സക്ക് ലഭിക്കുന്നു.

മാരുതി സുസുകി സ്വിഫ്റ്റ് ഡിസയർ (Dzire)

മാരുതി സുസുക്കിയുടെ പുത്തൻ ഡിസയർ സെഡാനും കമ്പനി ഡിസംബർ മാസത്തിലെ ആനുകൂല്യത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പരമാവധി 12,500 രൂപയാണ് അനുകൂല്യമായി ലഭിക്കുക.

മാരുതി സുസുകി എർട്ടിഗ (Ertiga)

സെവൻ സീറ്റർ നിരയിലെ മികച്ച വാഹനമാണ് എർട്ടിഗ. സ്വകാര്യ ആവിശ്യങ്ങൾക്ക് പുറമെ ടാക്സി വാഹനവുമായി എർട്ടിഗ കളം നിറഞ്ഞാടുകയാണ്. ഡിസംബർ മാസത്തിൽ 10,000 രൂപയുടെ കൺസ്യൂമർ ഡിസ്‌കൗണ്ടാണ് കമ്പനി വാഹനത്തിന് നൽകുന്നത്.

നെക്സ മോഡലുകളിലെ ഡിസംബർ 2025 ഓഫറുകൾ

മാരുതി സുസുകി ഇഗ്നിസ് (Ignis)

ഹാച്ച്ബാക്ക് സെഗ്‌മെന്റിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന അഞ്ച് സീറ്റർ വാഹനമാണ് ഇഗ്നിസ്. 50,000 രൂപവരെയുള്ള കൺസ്യൂമർ ഡിസ്‌കൗണ്ടും 15,000 രൂപയുടെ എക്സ്ചേഞ്ച് ബോണസും 30,000 രൂപയുടെ സ്‌ക്രാപ്പേജ് ബോണസും ഇഗ്നിസിന് മാരുതി നൽകുന്നുണ്ട്.

മാരുതി സുസുകി ബലേനോ (Baleno)

ചരക്ക് സേവനനികുതി (ജി.എസ്.ടി) പരിഷ്‌ക്കരിച്ചപ്പോൾ ഏറ്റവും കൂടുതൽ വിൽപ്പന രേഖപ്പെടുത്തിയ ബലേനോക്ക് 82,100 രൂപവരെയുള്ള ആനുകൂല്യങ്ങൾ ലഭിക്കും. ഇത് മാനുവൽ വേരിയന്റുകൾക്കാണ്. എന്നാൽ ഓട്ടോമാറ്റിക് വേരിയന്റുകൾക്ക് 87,100 രൂപയുടെ ആനുകൂല്യവും മാരുതി പ്രഖ്യാപിച്ചിട്ടുണ്ട്.

മാരുതി സുസുകി ഫ്രോങ്സ് (Fronx)

മാരുതി സുസുകി സെഗ്‌മെന്റിലെ മികച്ച വിൽപ്പനയും കയറ്റുമതിയും രേഖപ്പെടുത്തിയ ഫ്രോങ്‌സിന് 60,000 രൂപവരെയുള്ള ആനുകൂല്യങ്ങളാണ് മാരുതി സുസുകി പ്രഖ്യാപിച്ചിരിക്കുന്നത്.

മാരുതി സുസുകി എക്സ്എൽ6 (XL6)

സെവൻ സീറ്റർ സെഗ്‌മെന്റിലെ മറ്റൊരു വാഹനമാണ് എക്സ്എൽ6. 50,000 രൂപവരെയുള്ള മികച്ച ആനുകൂല്യത്തിൽ ഈ ഫാമിലി വാഹനം ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം.

മാരുതി സുസുകി ജിംനി (Jimny)

മാരുതി സുസുക്കിയുടെ ഓഫ്‌റോഡ് വാഹനമാണ് ജിംനി. വിദേശത്തും സ്വദേശത്തും ഒരുപോലെ ഡിമാൻഡുള്ള വാഹനം ഇന്ത്യൻ കരസേനയിലും പ്രശസ്തമായ റോൾ വഹിക്കുന്നുണ്ട്. ഒരു ലക്ഷം രൂപവരെയുള്ള ഏറ്റവും മികച്ച ഓഫറുകളാണ് ജിംനിക്ക് ഡിസംബറിൽ മാരുതി നൽകുന്നത്.

മാരുതി സുസുകി ഗ്രാൻഡ് വിറ്റാര (Grand Vitara)

മാരുതി സെഗ്‌മെന്റിൽ ഏറ്റവും കൂടുതൽ ആനുകൂല്യം ലഭിക്കുന്നത് ഗ്രാൻഡ് വിറ്റാരക്കാണ്. മോഡലുകളും വേരിയന്റും അനുസരിച്ച് 2.19 ലക്ഷം രൂപവരെയുള്ള ആനുകൂല്യങ്ങൾ കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

മാരുതി സുസുകി ഇൻവിക്റ്റോ (Invicto)

ഇന്നോവ ഹൈക്രോസിനോട് ഡിസൈൻ സാമ്യത പുലർത്തുന്ന ഇൻവിക്റ്റോ എം.പി.വി 2.15 ലക്ഷം രൂപവരെയുള്ള ആനുകൂല്യത്തിൽ ഇപ്പോൾ സ്വന്തമാക്കാം. ഒരുലക്ഷം രൂപയുടെ കൺസ്യൂമർ ഓഫറാണ് ഇൻവിക്റ്റോക്ക് ലഭിക്കുന്നത്.

ഡീലർഷിപ്പുകളും വകഭേദവും അനുസരിച്ച് മാറ്റങ്ങൾ വന്നേക്കാം. കൃത്യമായ ഓഫറുകൾക്കായി അടുത്തുള്ള ഡീലർഷിപ്പ് സന്ദർശിക്കുക


Tags:    
News Summary - Maruti Suzuki Announced December Offers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.