ടാറ്റയുടെ കുത്തക തകർന്നു; ഏറ്റവും കൂടുതൽ വിറ്റത് ചൈനയുടെ ഇ.വി

മുംബൈ: രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറങ്ങിയ ശേഷം ആദ്യമായി ടാറ്റ മോട്ടോർസി​ന്റെ കുത്തക തകർത്ത് ചൈനീസ് കാർ നിർമാതാക്കൾ. ഈ വർഷം ഏറ്റവും കൂടുതൽ വിൽപന നടത്തിയതിൽ ടാറ്റ മോട്ടോർസിന്റെ ഇലക്ട്രിക് വാഹനങ്ങൾ രണ്ടാം സ്ഥാന​ത്തേക്ക് തള്ളപ്പെട്ടു. ചൈനീസ് കമ്പനിയായ എം.ജിയുടെ വിൻഡ്സർ ഇ.വിയാണ് ടാറ്റ മോട്ടോർസിന്റെ നക്സണിനെയും പഞ്ചിനെയും പിന്തള്ളി ഒന്നാമതെത്തിയത്. ജനുവരി മുതൽ നവംബർ വരെയുള്ള കണക്ക് പ്രകാരം 43,139 യൂനിറ്റ് വിൻഡ്സർ കാറുകളാണ് എം.ജി വിൽപന നടത്തിയത്. എന്നാൽ, നക്സൺ ഇ.വിയുടെ 22,878 യൂനിറ്റുകളും പഞ്ച് ഇ.വിയുടെ 14,634 യൂനിറ്റുകളുമാണ് വിപണിയിലിറങ്ങിയത്. 2020ൽ രാജ്യത്ത് ഇലക്ട്രിക് വാഹന വിൽപന തുടങ്ങിയ ശേഷം ആദ്യമായാണ് ഈ മാറ്റം.

കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് വിൻഡ്സർ ഇ.വി ഇന്ത്യയിൽ പുറത്തിറങ്ങിയത്. മേയ് വരെയുള്ള കണക്ക് പ്രകാരം ഓരോ മാസവും 3000 യൂനിറ്റുകളാണ് വിറ്റത്. തുടർന്ന് പ്രതിമാസ വിൽപന 4000 യൂനിറ്റായി ഉയർന്നു. സെപ്റ്റംബറിൽ 4741 യൂനിറ്റുകൾ വിറ്റ് ചരിത്രം കുറിച്ചു. ആദ്യം 38 കിലോവാട്ട് ഹവേസ് ബാറ്ററി പാക്കിൽ 332 കിലോമീറ്റർ റേഞ്ചുള്ള കാറാണ് കമ്പനി പുറത്തിറക്കിയിരുന്നത്. എന്നാൽ, 52.9 കിലോവാട്ട് ഹവേസ് ബാറ്ററി പാക്കിൽ 449 കിലോമീറ്റർ റേഞ്ചിൽ പുറത്തിറങ്ങിയതോടെ വിൻഡ്സർ ഇ.വിയുടെ വിൽപന കുതിച്ചുയർന്നു.

നാല് വർഷമായി ടാറ്റ മോട്ടോർസിന് ഇലക്ട്രിക് വാഹന രംഗത്തുണ്ടായിരുന്ന ആധിപത്യമാണ് എം.ജി തകർത്തത്. ഇതുവരെ ടാറ്റ മോട്ടോർസി​ന്റെ കാറുകൾ മാത്രമായിരുന്നു ഇ.വി വിൽപനയിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്നത്. ടാറ്റ മോട്ടോർസ് നക്സൺ ഇ.വി പുറത്തിറക്കിയതോടെയാണ് രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങൾ ജനപ്രിയമായത്. 2020ൽ 4000 ഇലക്ട്രിക് കാറുകൾ വിറ്റുപോയതിൽ 2,600 എണ്ണവും നക്സൺ ഇ.വിയായിരുന്നു. 2021 നക്സൺ ഇ.വിയുടെ 9000 യൂനിറ്റുകളും 2022ൽ 30,000 യൂനിറ്റുകളും വിറ്റുപോയി. ഒപ്പം ടിഗോർ ഇ.വിയും വിപണിയിലെത്തിയതോടെ ടാറ്റ മോട്ടോർസിന്റെ ആധിപത്യം ശക്തമായി. 2023 ജനുവരിയിൽ പുറത്തിറങ്ങിയ ടിയാഗോ ഇ.വി നക്സണിനെയും കടത്തിവെട്ടി 35,000 യൂനിറ്റുകൾ വിൽപന നടത്തി. അതേ വർഷമാണ് എം.ജിയുടെ കൊമെറ്റ് ഇ.വിയും, സിട്രൺ ഇസി3യും മഹീന്ദ്ര എക്സ്‍യുവി400, ബിവൈഡി ആട്ടോ-3 തുടങ്ങിയ വാഹനങ്ങളും വിപണിയിലെത്തിയത്. കഴിഞ്ഞ വർഷം രാജ്യത്ത് ഇലക്ട്രിക് വാഹന വിൽപന ആദ്യമായി ഒരു ലക്ഷം കടന്നു. മാത്രമല്ല, 22,724 യൂനിറ്റുകൾ വിൽപന നടത്തി ടാറ്റ മോട്ടോർസിന്റെ പഞ്ച് ഇ.വി ഒന്നാം സ്ഥാനത്തെത്തി.

Tags:    
News Summary - MG Windsor EV beats TATA Motors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.