കോഴിക്കോട്: വെള്ളക്കരം കുടിശ്ശിക കുന്നുകൂടുമ്പോഴും പിരിച്ചെടുക്കാന്‍ വാട്ടര്‍ അതോറിറ്റി സ്വീകരിച്ച നടപടികള്‍ കടലാസിലൊതുങ്ങി. 2011മാര്‍ച്ചില്‍ 340.77 കോടിയായിരുന്നത് 2013ല്‍ 532 കോടിയായി ഉയര്‍ന്നിട്ടും പണം പിരിച്ചെടുക്കാനുള്ള നടപടികള്‍ എങ്ങുമത്തെിയില്ല. നോട്ടീസ് നല്‍കല്‍, റവന്യു റിക്കവറി തുടങ്ങിയ നടപടികള്‍ പോലും നടക്കുന്നില്ല തുടങ്ങിയ രൂക്ഷമായ വിമര്‍ശങ്ങളാണ് വാട്ടര്‍ അതോറിറ്റിക്ക് നേരേ സി.എ.ജിയുടെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ഉന്നയിച്ചിരിക്കുന്നത്. നിശ്ചിത സമയപരിധിക്കുള്ളില്‍ വെള്ളക്കരം അടക്കാത്തവരുടെ ജലവിതരണം വിച്ഛേദിക്കാന്‍ ജല അതോറിറ്റി റെഗുലേഷന്‍ 1991 വകുപ്പ് 14 (സി) അനുസരിച്ച് അധികാരമുണ്ടെങ്കിലും നടപ്പാക്കിയിട്ടില്ല. നിയമത്തിലെ വ്യവസ്ഥകള്‍ ദീര്‍ഘകാലമായി കുടിശ്ശിക വരുത്തിയ ഉപഭോക്താക്കള്‍ക്കുനേരെ പ്രയോഗിക്കാന്‍ തയാറാകാത്തതാണ് കുടിശ്ശികയുടെ അളവില്‍ വര്‍ധന ഉണ്ടാകാനുള്ള പ്രധാന കാരണമായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്. 2013 വരെയുള്ള കുടിശ്ശികയുടെ 18 ശതമാനവും സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്വയംഭരണ സ്ഥാപനങ്ങളും അടക്കാനുള്ള തുകയാണ്. ഈ സ്ഥാപനങ്ങളില്‍നിന്ന് കുടിശ്ശിക കേന്ദ്രീകൃതമായി അടക്കാനുള്ള സംവിധാനം 2013 ജനുവരിയില്‍ നിലവില്‍ വന്നിരുന്നു. എന്നാല്‍, ഇത് ഫലപ്രദമായി ഉപയോഗിക്കാന്‍ ജല അതോറിറ്റിക്ക് കഴിഞ്ഞില്ല. കുടിശ്ശികയില്‍ 30 ശതമാനം തിരിച്ചറിയാനാവാത്ത വാട്ടര്‍ കണക്ഷനുകളും കിട്ടാക്കടവുമാണെന്നാണ് അധികൃതരുടെ വാദം. സര്‍ക്കാര്‍, തദ്ദേശ സ്വയംഭരണ വകുപ്പിനായി ബജറ്റില്‍ നീക്കിവെച്ച തുകയില്‍നിന്ന് വെള്ളത്തിന്‍െറ ചാര്‍ജ് ഈടാക്കുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. ഇതും നടപ്പായില്ല. മറ്റൊന്ന് വരുമാനമില്ലാത്ത ജലമാണ്. ചോര്‍ച്ച, കളവ് തുടങ്ങിയവകൊണ്ടും ജലം നഷ്ടമാവുന്നുണ്ട്. നഗരവികസ മന്ത്രാലയത്തിന്‍െറ അഭിപ്രായത്തില്‍ മൊത്തം ഉല്‍പാദനത്തിന്‍െറ 20 ശതമാനമാണ് ഇങ്ങനെ നഷ്ടപ്പെടുന്നത്. ഏറ്റവുമധികം വരുമാനമില്ലാത്ത ജല നഷ്ടം തിരുവനന്തപുരത്താണ്. 2012-13ല്‍ മാത്രം തിരുവനന്തപുരം ഡിവിഷനില്‍ 26.76 കോടിയുടെ നഷ്ടമാണ് ഉണ്ടായത്. മോഷണവും ചോര്‍ച്ചയും തിട്ടപ്പെടുത്തുന്നതിന് ഓരോ സര്‍ക്കിള്‍ ഓഫിസിലും മോഷണവിരുദ്ധ സ്ക്വാഡുകള്‍ രൂപവത്കരിക്കണമെന്നും തീരുമാനിച്ചിരുന്നു. എന്നാല്‍, ഒമ്പത് സര്‍ക്കിളുകളില്‍ രണ്ടിടത്തുമാത്രമേ ഇതുവരെ സ്ക്വാഡുകള്‍ രൂപവത്കരിച്ചിട്ടുള്ളൂ. അതേസമയം, വരുമാനം ഉണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനുള്ള തീരുമാനത്തിലും അതോറിറ്റിയുടെ കെടുകാര്യസ്ഥത തടസ്സമായി. പ്രതിവര്‍ഷം മൂന്നരക്കോടി രൂപ ലാഭമുണ്ടാക്കുന്ന കുടിവെള്ള ബോട്ടിലിങ് പ്ളാന്‍റ് അരുവിക്കരയില്‍ സ്ഥാപിക്കാനായിരുന്നു പദ്ധതി. ഇതിനായി 2008-10 സാമ്പത്തികവര്‍ഷത്തില്‍ ജല അതോറിറ്റിക്ക് സര്‍ക്കാര്‍ 2.20 കോടി നല്‍കി. എന്നിട്ടും പദ്ധതി മുന്നോട്ടുപോയില്ല. പ്രഫഷനലായ പ്രോജക്ട് റിപ്പോര്‍ട്ടിന്‍െറ അഭാവമാണ് പദ്ധതി മുടങ്ങാന്‍കാരണമെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. പദ്ധതിയുടെ നിര്‍മാണം തുടങ്ങുന്നതിന് ഉടന്‍ ടെന്‍ഡര്‍ നല്‍കുമെന്നാണ് ഇവരുടെ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.