കരാറുകാരുടെ സമരം രണ്ടാം ഘട്ടത്തിലേക്ക്; സര്‍ക്കാറിന്‍െറ നിര്‍മാണ പ്രവൃത്തികള്‍ നിലച്ചു

മഞ്ചേരി: കരാറുകാരുടെ സമരത്തെ തുടര്‍ന്ന് സംസ്ഥാനത്ത് കോടികളുടെ നിര്‍മാണ പ്രവൃത്തികള്‍ ടെന്‍ഡര്‍ ഉറപ്പിക്കാനാവാതെ പ്രതിസന്ധിയില്‍. ഒരുമാസമായി പൊതുമരാമത്ത് വകുപ്പ് നടത്തുന്ന ടെന്‍ഡറുകള്‍ മിക്കതും സമരത്തിന്‍െറ ഭാഗമായി കരാറുകാര്‍ ബഹിഷ്കരിക്കുകയാണ്. 50 ലക്ഷത്തിന് മുകളിലുള്ള പ്രവൃത്തികള്‍ സൂപ്രണ്ടിങ് എന്‍ജിനീയറുടെ ഓഫിസാണ് ടെന്‍ഡര്‍ വിളിക്കുന്നത്. അവയും ഏറ്റെടുക്കാനാളില്ല. ടെന്‍ഡര്‍ ബഹിഷ്കരണസമരത്തിന്‍െറ ഭാഗമായി സംസ്ഥാനത്ത് നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ണമായി നിര്‍ത്തിവെച്ചു. വാറ്റ് ബില്ലില്ലാത്ത അസംസ്കൃത വസ്തുക്കള്‍ക്ക് കച്ചവട ഉല്‍പന്നങ്ങള്‍ക്ക് ചുമത്തുന്നതുപോലെ 14.5 ശതമാനം നികുതിയീടാക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്നാണ് കരാറുകാരുടെ പ്രധാന ആവശ്യം. ഒരുമാസം മുമ്പ് ടെന്‍ഡര്‍ ബഹിഷ്കരണസമരം തുടങ്ങുമ്പോള്‍ സംസ്ഥാനത്ത് 2,500 കോടിയായിരുന്നു കരാറുകാര്‍ക്കുള്ള കുടിശ്ശിക. ഇത് പിന്നെയും വര്‍ധിച്ചു. മഞ്ചേരി റോഡ്സ് ഡിവിഷനില്‍ മാത്രം 500 കോടി രൂപയുടെ കുടിശ്ശിക വരുമെന്ന് കരാറുകാരുടെ സംഘടന പറയുന്നു. കുടിശ്ശിക നല്‍കാത്തതിന് പുറമെ അടിക്കടി നികുതി ചുമത്തുന്നത് ചെറുകിട കരാറുകാരെ മേഖലയില്‍ നിന്ന് അകറ്റി മള്‍ട്ടിനാഷനല്‍ കമ്പനികളെ സഹായിക്കാനാണെന്നാണ് പരാതി. എത്ര വലിയ നിര്‍മാണപ്രവൃത്തികള്‍ ഏറ്റെടുക്കുമ്പോഴും നേരത്തെ ഇ.എം.ഡി (ഏണസ്റ്റ് മണി ഡെപോസിറ്റ്) തുക 50,000 രൂപയും സെക്യൂരിറ്റി ഡെപ്പോസിറ്റ് പരമാവധി ഒരുലക്ഷം രൂപയുമായിരുന്നുവെങ്കില്‍ ഇത് കഴിഞ്ഞ വര്‍ഷം കുത്തനെ വര്‍ധിപ്പിച്ചു. ഇ.എം.ഡി 50 ലക്ഷവും സെക്യൂരിറ്റി ഡെപ്പോസിറ്റ് എത്ര തുകയുടെ പ്രവര്‍ത്തിയാണെങ്കിലും പത്ത് ശതമാനവുമാക്കി. ഒട്ടേറെ സമരപരിപാടികള്‍ നടത്തിയ ശേഷമാണ് നേരിയ ഇളവ് സര്‍ക്കാര്‍ അനുവദിച്ചത്. എന്നാല്‍, തൊട്ടുപിറകെ വാറ്റ് ബില്ലില്ലാത്ത അസംസ്കൃത വസ്തുക്കള്‍ക്ക് 14.5 ശതമാനം നികുതി ഏര്‍പ്പെടുത്തുകയായിരുന്നു. കമ്പനി ഉല്‍പന്നങ്ങളല്ലാത്തതിനാല്‍ മെറ്റല്‍, മണല്‍, മണ്ണ് തുടങ്ങിയവക്ക് പലപ്പോഴും വാറ്റ് പരിധിയില്‍ പെടുത്തി ബില്ല് ലഭിക്കില്ല. ഇത്തരം നിര്‍ദേശങ്ങള്‍ നിര്‍മാണ മേഖലയില്‍ ഒട്ടേറെ കൃത്രിമങ്ങള്‍ക്കും കൈക്കൂലി, അഴിമതി എന്നിവ വളരാനും ഇടയാക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അതേസമയം, സര്‍ക്കാറിന് അര്‍ഹതപ്പെട്ട നികുതിയാണ് പുതുതായി ചുമത്തിയതെന്നും നിര്‍മാണ മേഖലയില്‍ ഉള്ളവരുമായി ഇത് സംബന്ധിച്ച് പലതവണ ചര്‍ച്ച നടത്തിയിട്ടുണ്ടെന്നുമാണ് സര്‍ക്കാര്‍ വിശദീകരണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.