പൊന്‍കുന്നം: സ്പെയര്‍ പാര്‍ട്ടിന്‍െറ ദൗര്‍ലഭ്യം മൂലം പൊന്‍കുന്നം ഡിപ്പോയില്‍നിന്നുള്ള നാല് ദീര്‍ഘദൂര ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ പാതിവഴിയില്‍ സര്‍വീസ് മുടക്കി. ഇവ പല ഡിപ്പോകളിലായി കിടക്കുകയാണ്. ബസുകള്‍ യഥാസമയം അറ്റകുറ്റപ്പണി നടത്താത്തതിനാല്‍ തിങ്കളാഴ്ച ദീര്‍ഘദൂരമടക്കം നിരവധി സര്‍വീസുകള്‍ റദ്ദാക്കുമെന്നറിയുന്നു. മൂന്നുദിവസം മുമ്പ് രാവിലെ 4.40ന് വഴിക്കടവിന് പോയ ബസ് കുന്നംകുളത്ത് ബ്രേക് ഡൗണായി. ഇത് ഗുരുവായൂര്‍ ഡിപ്പോയില്‍ കിടക്കുകയാണ്. ഗുരുവായൂര്‍ക്ക് വെള്ളിയാഴ്ചയും ശനിയാഴ്ചയും പോയ ബസുകള്‍ ബ്രേക് ഡൗണായി. വെള്ളിയാഴ്ച രാവിലെ അഞ്ചരക്ക് പോയ ബസ് പറവൂരില്‍ വെച്ച് പണിമുടക്കി. ഇത് പറവൂര്‍ ഡിപ്പോയില്‍ കിടക്കുകയാണ്. ശനിയാഴ്ച ഗുരുവായൂര്‍ക്ക് പോയ ബസ് തകരാര്‍ മൂലം ഗുരുവായൂരില്‍ സര്‍വീസ് അവസാനിപ്പിക്കേണ്ടിവന്നു. ഏറ്റവും അവസാനം ഞായറാഴ്ച രാവിലെ 4.50ന് തിരുവനന്തപുരത്തിന് പോയ ഫാസ്റ്റ് പാസഞ്ചര്‍ തിരുവനന്തപുരത്തുവെച്ച് തകരാറിലായി. ഇത് തിരുവനന്തപുരത്ത് ഡിപ്പോയിലാക്കിയശേഷം ഡ്രൈവറും കണ്ടക്ടറും മറ്റൊരു ബസില്‍ ഡിപ്പോയില്‍ തിരികെ എത്തുകയായിരുന്നു. ഈ ബസുകള്‍ പണികള്‍ തീര്‍ത്ത് തിരികെ ലഭിക്കാത്തതിനാലും പകരം സര്‍വീസിന് അയക്കാന്‍ ബസ് ഇല്ലാത്തതിനാലും തിങ്കളാഴ്ച നിരവധി സര്‍വീസുകള്‍ റദ്ദാക്കുമെന്നറിയുന്നു. തിരുവനന്തപുരം, ഗുരുവായൂര്‍ അടക്കമുള്ള ദീര്‍ഘദൂരബസുകളും തെക്കേമല, ചേനപ്പാടി തുടങ്ങിയ സ്ഥലങ്ങളിലെ യാത്രക്കാര്‍ക്ക് ആശ്രയവുമായ ഓര്‍ഡിനറി സര്‍വീസുകളും റദ്ദാക്കുന്നവയില്‍പ്പെടും. ദീര്‍ഘദൂര ബസുകള്‍ റദ്ദാക്കിയാല്‍ തിരുവനന്തപുരം, തൃശൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകേണ്ട സ്ഥിരം യാത്രക്കാരായ സര്‍ക്കാര്‍ ജീവനക്കാരടക്കം ബുദ്ധിമുട്ടിലാകും. ഇതിനുപുറമെ പുനലൂര്‍ക്കുള്ള ചെയിന്‍ സര്‍വീസുകളുടെ എണ്ണംവെട്ടിക്കുറക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. ഇത് സംഭവിച്ചാല്‍ അതിന്‍െറ ഗുണം ലഭിക്കുന്നതാകട്ടെ സ്വകാര്യ ബസുടമകള്‍ക്കും. തിങ്കളാഴ്ച അയച്ചതില്‍ കൂടുതല്‍ സര്‍വീസുകള്‍ മറ്റുദിവസങ്ങളില്‍ അയക്കേണ്ടതില്ളെന്ന കോര്‍പറേഷന്‍െറ വാക്കാല്‍ നിര്‍ദേശവും നിലവിലുണ്ട്. ഇതോടെ മറ്റുദിവസങ്ങളില്‍ കൂടുതല്‍ സര്‍വീസുകള്‍ നടത്താന്‍ കഴിയാത്ത സ്ഥിതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.