മലയിഞ്ചി മറക്കില്ല ആ ദിനം

തൊടുപുഴ: മഴയെന്ന് കേള്‍ക്കുമ്പോള്‍ മലയിഞ്ചിക്കാരുടെ നെഞ്ചില്‍ ഇപ്പോഴും തീയാണ്. രാത്രി മുഴുവന്‍ പെയ്ത മഴക്കൊടുവില്‍ കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് അഞ്ചിന് പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലാണ് ഇവിടെനിന്ന് ഒരു അമ്മയുടെയും പിഞ്ചുകുഞ്ഞിന്‍െറയും ജീവന്‍ തട്ടിയെടുത്തത്. മകള്‍ ബീനയുടെയും (32) പേരക്കുട്ടി ഒന്നരവയസ്സുകാരി ആദിത്യയുടെയും മരണവുമായത്തെിയ ആ മലവെള്ളപ്പാച്ചിലിനെക്കുറിച്ച് പറയുമ്പോള്‍ മലയിഞ്ചി പാട്ടക്കല്‍ പൂമിട്ടത്ത് പി.കെ. രവീന്ദ്രനാഥ് എന്ന എഴുപതുകാരന്‍ കര്‍ഷകന്‍െറ കണ്ണുകളില്‍ സങ്കടങ്ങളുടെയും ഭീതിയുടെയും പ്രളയമുണ്ട്. ‘പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു അത്. ഞാനും ഭാര്യ രാധാമണിയും മകള്‍ ബീനയും ഭര്‍ത്താവ് ഷാജിയും ഇവരുടെ മക്കളായ ഏഴ് വയസ്സുകാരി അമൃത, ആദിത്യ എന്നിവരുമാണ് വീട്ടിലുണ്ടായിരുന്നത്. എല്ലാവരും ഉറക്കത്തിലായിരുന്നു. വലിയ ശബ്ദം കേട്ടു. പിന്നാലെ രാധാമണി കിടന്നിടത്തേക്ക് വെള്ളവും മണ്ണും കല്ലും കുത്തിയൊലിച്ചത്തെി. ഞങ്ങളെല്ലാം പുറത്തേക്കോടി. അമൃതയെ ഷാജി കൈയിലെടുത്തു. ആദിത്യയെ ഒക്കത്തുവെച്ച് പുറത്തേക്കിറങ്ങിയ ബീന കുടയെടുക്കാന്‍ വീട്ടിലേക്ക് തിരിച്ച് കയറിയതായിരുന്നു. പെട്ടെന്ന് ആര്‍ത്തലച്ചത്തെിയ മലവെള്ളത്തില്‍ അവളും കുഞ്ഞും ഒഴുക്കില്‍പ്പെട്ടു. ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ഞാനും രാധാമണിയും ഒഴുക്കില്‍പ്പെട്ടെങ്കിലും അള്ളിപ്പിടിച്ച് കിടന്ന് രക്ഷപ്പെട്ടു. രാധാമണിക്ക് വാരിയെല്ലിനും മറ്റും ഗുരുതര പരിക്കേറ്റു. രണ്ടാഴ്ച ആശുപത്രിയില്‍ കഴിഞ്ഞ രാധാമണിക്ക് ഇപ്പോഴും പഴയ ആരോഗ്യം വീണ്ടുകിട്ടിയിട്ടില്ല’. ദുരന്തത്തിന് ശേഷം രവീന്ദ്രനാഥും ഭാര്യയും മലയിഞ്ചിയില്‍ തന്നെ മറ്റൊരിടത്തേക്ക് താമസം മാറി. ഷാജി മകള്‍ അമൃതയോടൊപ്പം കരിമണ്ണൂരിലെ സ്വന്തം വീട്ടിലാണ്. ദുരന്തത്തില്‍ പൈമ്പള്ളില്‍ ജോര്‍ജ്, ഇടപ്പാട്ട് വിന്‍സന്‍റ്, മുതലക്കോടം ജോസ്, അമ്പാട്ട് ജസ്റ്റിന്‍ എന്നിവരുടേതടക്കം ആറ് കുടുംബങ്ങളുടെ കൂടി കിടപ്പാടം നഷ്ടപ്പെട്ടു. ഇപ്പോഴും വാടക വീടുകളിലും ബന്ധു വീടുകളിലുമായാണ് ഇവരുടെ താമസം. രവീന്ദ്രനാഥിന്‍െറ കുടുംബത്തിന് മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള രണ്ട് ലക്ഷം രൂപ വീതവും വീടുവെക്കാന്‍ രണ്ട് ലക്ഷവും ചികിത്സാ സഹായമായി 50,000 ഉം കൃഷിനാശത്തിന് 47,000 ഉം നഷ്ടപരിഹാരം കിട്ടി. അധികൃതര്‍ വന്ന് വിവരങ്ങള്‍ ശേഖരിച്ച് പോയതല്ലാതെ മറ്റ് ആറ് കുടുംബങ്ങള്‍ക്കും ഒരു സഹായവും കിട്ടിയില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.