ജില്ലയില്‍ മയക്കുമരുന്നിന് അടിമകളായവരില്‍ 12 വയസ്സുകാരും

കാസര്‍കോട്: ജില്ലയില്‍ 12 വയസ്സുള്ള കുട്ടികള്‍പോലും മയക്കുമരുന്നിന് അടിമകളായിട്ടുണ്ടെന്ന് അടുത്തകാലത്ത് നടത്തിയ സര്‍വേയില്‍ വ്യക്തമായതായി ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍. മദ്യം-മയക്കുമരുന്നു വിരുദ്ധ കാമ്പയിന്‍ സംഘടിപ്പിക്കുന്നതിന്‍െറ ഭാഗമായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ വി.വി. സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. വിദ്യാര്‍ഥികളില്‍ മദ്യത്തിനേക്കാള്‍ ലഹരിപദാര്‍ഥങ്ങളുടെ ഉപയോഗം വര്‍ധിച്ചുവരുകയാണ്. മയക്കുമരുന്ന് ഉപയോഗിക്കാനും കൊണ്ടുനടക്കാനും എളുപ്പമാണെന്നതും അമിത ലഹരി ലഭിക്കുന്നുണ്ടെന്നതുമാണ് ഇതിന് കാരണമെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. കാസര്‍കോട് ജില്ലയില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ടെന്ന് നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി കെ.എ. സുരേഷ് ബാബു പറഞ്ഞു. അന്തര്‍ സംസ്ഥാന മയക്കുമരുന്നു കടത്തുകാരെ പിടികൂടുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരത്ത് മയക്കുമരുന്നു വില്‍പന നടത്തുന്നവരെ പിടികൂടാന്‍ നാലു ഷാഡോ പൊലീസ് വിഭാഗം പ്രവര്‍ത്തിച്ചു വരുന്നു. ലഹരിയുള്ള മിഠായി, ചൂയിങ്ങം, ജ്യൂസ് തുടങ്ങിയവ അതിര്‍ത്തി കടന്ന് എത്തുന്നു. മറുനാടന്‍ തൊഴിലാളികള്‍ കഞ്ചാവ്, പാന്‍മസാല എന്നിവ ജില്ലയിലേക്ക് കടത്തിക്കൊണ്ടുവരുന്നു. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ലക്ഷ്യമാക്കിയാണ് മയക്കുമരുന്നു ഉത്പന്നങ്ങള്‍ വില്‍പന നടത്തുന്നത്. എക്സൈസ് വകുപ്പ് ബോധവത്കരണ ക്ളാസിനു മാത്രമായി ആറു പരിശീലകരെ നിയോഗിച്ചിട്ടുണ്ട്. ജില്ലയിലെ 81 സ്കൂളുകളില്‍ 40 വീതം വിദ്യാര്‍ഥികള്‍ അംഗങ്ങളായ ലഹരി വിരുദ്ധ ക്ളബുകള്‍ രൂപവത്കരിച്ച് ബോധവത്കരണ പ്രവര്‍ത്തനം നടത്തുന്നുണ്ട്. സംസ്ഥാന യുവജനകമീഷന്‍ മദ്യത്തിനും മയക്കുമരുന്നിനും മറ്റു ലഹരി പദാര്‍ഥങ്ങള്‍ക്കും എതിരെ യുവാക്കളെയും വിദ്യാര്‍ഥികളെയും സംഘടിപ്പിച്ച് കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തും. ഇതിന്‍െറ ഭാഗമായി ആഗസ്റ്റ് അവസാനവാരം ജില്ലാതലത്തില്‍ റാലികളും സമ്മേളനങ്ങളും ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കും. ലഹരി വിരുദ്ധകൂട്ടയോട്ടവും നടത്തും. വിദ്യാര്‍ഥികള്‍, യുവജനസംഘടനകള്‍, കുടുംബശ്രീ, എന്‍.സി.സി, എന്‍. എസ്.എസ്, റസിഡന്‍സ് അസോസിയേഷന്‍, സന്നദ്ധസംഘടനകള്‍, വ്യാപാരവ്യവസായി സംഘടനകള്‍ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുക. കാമ്പസുകള്‍ മദ്യം, മയക്കുമരുന്നു വിമുക്തമാക്കാന്‍ സേഫ് കാമ്പസ് ക്ളീന്‍ കാമ്പസ് എന്ന പരിപാടി സംഘടിപ്പിക്കും. സ്കൂളുകളിലും കോളജുകളിലും സെമിനാറുകള്‍, നാടകം, ഷോര്‍ട്ട് ഫിലിം പ്രദര്‍ശനങ്ങള്‍ എന്നീ പരിപാടികള്‍ സംഘടിപ്പിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ചിത്രരചന, പ്രബന്ധ-ഉപന്യാസ മത്സരങ്ങളും നടത്തും. സംസ്ഥാന യുവജന കമീഷന്‍ ചെയര്‍മാന്‍ ആര്‍.വി. രാജേഷ് അധ്യക്ഷത വഹിച്ചു. യൂത്ത് കമീഷന്‍ സെക്രട്ടറി കെ.വി. സന്തോഷ് കുമാര്‍, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫിസര്‍ വിനോദന്‍ പൃത്തിയില്‍, റസിഡന്‍റ്സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്‍റ് ഇ. ചന്ദ്രശേഖരന്‍ നായര്‍, പ്രഫ. എ. ശ്രീനാഥ്, കോട്പ അംഗം മോഹനന്‍ മാങ്ങാട്, മഞ്ചേശ്വരം ബ്ളോക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഹര്‍ഷാദ് വോര്‍ക്കാടി എന്നിവര്‍ പങ്കെടുത്തു. ഡെപ്യൂട്ടി കലക്ടര്‍ എന്‍.പി. ബാലകൃഷ്ണന്‍ നായര്‍ സ്വാഗതവും സംസ്ഥാന യുവജന കമീഷന്‍ അംഗം ഖാദര്‍ മാന്യ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.