സ്വകാര്യ ബസ് പണിമുടക്ക്; യാത്രക്കാര്‍ വലഞ്ഞു

മാനന്തവാടി: ഗതാഗത ഉപദേശക സമിതി തീരുമാനം നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് സംയുക്ത ബസ് തൊഴിലാളികള്‍ മാനന്തവാടി താലൂക്കില്‍ പണിമുടക്ക് നടത്തി. ഇതോടെ നിരവധി യാത്രക്കാര്‍ വാഹനം കിട്ടാതെ വലഞ്ഞു. അതേസമയം, സ്കൂളുകള്‍ക്ക് അവധി നല്‍കിയത് നേരിയ ആശ്വാസം നല്‍കി. കെ.എസ്.ആര്‍.ടി.സി കൂടുതലായി സര്‍വീസ് നടത്തിയത് യാത്രക്കാര്‍ക്ക് അനുഗ്രഹമായി. സ്വകാര്യ ബസുകളെ മാത്രം ആശ്രയിക്കുന്ന റൂട്ടുകളിലാണ് യാത്രക്കാര്‍ വലഞ്ഞത്. ഇത്തരം റൂട്ടുകളില്‍ ടാക്സി വാഹനങ്ങള്‍ അമിത ചാര്‍ജ് ഈടാക്കിയതായി പല സ്ഥലങ്ങളില്‍ നിന്ന് പരാതിയുയര്‍ന്നിരുന്നു. കനത്ത മഴയായതിനാല്‍ പൊതുവെ യാത്രക്കാര്‍ കുറവായിരുന്നു. മാസങ്ങള്‍ക്കുമുമ്പ് ഗതാഗത ഉപദേശക സമിതിയെടുത്ത തീരുമാനങ്ങള്‍ ബസുകള്‍ക്ക് മാത്രമാണ് നടപ്പാക്കിയത്. ഇതിനെതിരെ ആഗസ്റ്റ് ഒന്നിന് ബസ് തൊഴിലാളികള്‍ ഡിവൈ.എസ്.പി ഓഫിസിലേക്ക് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ ജൂലൈ 27ന് ഡിവൈ.എസ്.പി എ.ആര്‍. പ്രേംകുമാര്‍ തൊഴിലാളി നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ രണ്ടു ദിവസത്തിനകം താഴെ അങ്ങാടി പോസ്റ്റോഫിസ് റോഡില്‍ വണ്‍വേ സംവിധാനം ഏര്‍പ്പെടുത്താമെന്നും അനധികൃത പാര്‍ക്കിങ്ങിനെതിരെ നടപടി സ്വീകരിക്കുമെന്നും ഉറപ്പുനല്‍കിയിരുന്നു. ഇത് പാലിക്കപ്പെടാതായതോടെയാണ് പണിമുടക്കുള്‍പ്പെടെയുള്ള സമരത്തിലേക്ക് തൊഴിലാളികള്‍ നീങ്ങിയത്. പണിമുടക്കിയ തൊഴിലാളികള്‍ ഡിവൈ.എസ്.പി ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. മാനന്തവാടി സി.ഐ കെ. വിനോദ്കുമാറിന്‍െറ നേതൃത്വത്തില്‍ മാര്‍ച്ച് തടഞ്ഞതിനെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ ഓഫിസിന് മുന്നില്‍ സമരം അവസാനിപ്പിച്ചു. തുടര്‍ന്ന് ഐ.എന്‍.ടി.യു.സി ജില്ലാ സെക്രട്ടറി ടി.എ. റെജി സമരം ഉദ്ഘാടനം ചെയ്തു. എം.പി. ശശികുമാര്‍ അധ്യക്ഷത വഹിച്ചു. സി.കെ. ബഷീര്‍, ബഷീര്‍ കണിയാങ്കണ്ടി, പ്രസാദ് തവിഞ്ഞാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.