നിഴലിലും നിലാവിലും പെണ്ണിന്‍െറ നോവുകള്‍...

കോഴിക്കോട്: ഒരു മരം വേരറ്റുപോകുന്നതു നോക്കി നില്‍ക്കുമ്പോള്‍ അവളുടെ കണ്ണുകള്‍ നനയുന്നുണ്ട്. അസ്തമയച്ചോപ്പിലും നീല വിരിയിട്ട ജനാല പടിയിലും കാത്തുനില്‍ക്കുന്ന പെണ്‍കുട്ടി വേദനിക്കുന്ന കാഴ്ചയാണ്. അനന്തമായ പച്ചപ്പിലേക്ക് നോക്കി ഏകയായിരിക്കുന്ന നീലക്കിളി അവള്‍തന്നെയാണ്. തിരക്കുകള്‍ക്കിടയിലും ഒറ്റപ്പെട്ട പെണ്ണിന്‍െറ അമര്‍ത്തിപ്പിടിച്ച നിലവിളികളാണ് എ.കെ. ഷാബിജ എന്ന യുവ ചിത്രകാരി കാന്‍വാസിലേക്ക് പകര്‍ത്തുന്നത്. ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ ആരംഭിച്ച ഷാബിജയുടെ ‘ഡാര്‍ക്ക്നെസ് വിത്ത് ലിറ്റില്‍ ലൈറ്റ്’ എന്ന പ്രദര്‍ശനം പെണ്‍ഭാവത്തിന്‍െറ വിവിധ ഘട്ടങ്ങളെയാണ് ആവിഷ്കരിക്കുന്നത്. കറുത്ത മൂടുപടത്തിനുള്ളില്‍ തുറിച്ചുനോക്കുന്ന പെണ്‍മുഖത്തില്‍ അടിച്ചമര്‍ത്തപ്പെട്ട പെണ്ണിന്‍െറ വിങ്ങല്‍ നിറഞ്ഞുനില്‍ക്കുന്നു. മരങ്ങള്‍ എല്ലാം പെണ്ണുടലായി മാറുന്ന കാഴ്ച പ്രകൃതി എന്ന പെണ്‍ഭാവത്തിനു നേരെയുള്ള കടന്നാക്രമണത്തെ സൂചിപ്പിക്കുന്നു. മരങ്ങളുടെ ആഴത്തിലേക്ക് വേരൂന്നിയ വേരുകള്‍ ഗര്‍ഭപാത്രമായി രൂപാന്തരപ്പെടുന്നതിലൂടെ അമ്മയും പ്രകൃതിയും ഒന്നാണെന്ന കാഴ്ചപ്പാടാണ് ഷാബിജ ആവിഷ്കരിക്കുന്നത്. നിഴലിലും നിലാവിലും കിനാവിലും പെണ്ണിന്‍െറ നോവുകളാണ് ചിത്രത്തിലൂടെ പ്രകാശിതമാകുന്നത്. അകാലത്തില്‍ വേര്‍പെട്ടുപോയ സഹോദരനെ കുറിച്ച വേദന ഓരോ ചിത്രത്തിന്‍െറയും ഉള്ളില്‍ ഉറഞ്ഞുകിടക്കുന്നതായി ഷാബിജ പറഞ്ഞു. ‘മാധ്യമം’ ദിനപത്രത്തില്‍ പ്രൂഫ് റീഡറായിരിക്കെയാണ് സഹോദരന്‍ സി.എ. ഷാജഹാന്‍ വൃക്ക സംബന്ധമായ അസുഖത്തത്തെുടര്‍ന്ന് മരണമടഞ്ഞത്. കവി പി.കെ. ഗോപി പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ആഗസ്റ്റ് മൂന്നിന് പ്രദര്‍ശനം സമാപിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.