സുല്‍ത്താന്‍ ബത്തേരി: അവഗണനയില്‍ വീര്‍പ്പുമുട്ടി വികസനം നിഷേധിക്കപ്പെട്ട സുല്‍ത്താന്‍ ബത്തേരി ഗവ. സര്‍വജന ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ആശ്വാസം തേടുന്നു. സര്‍ക്കാറിന്‍െറ ആശ്വാസ് പദ്ധതിയില്‍ അപേക്ഷ നല്‍കി കാത്തിരിക്കുന്നു. കുടിയേറ്റ വയനാടിന് അക്ഷര വെളിച്ചം പകര്‍ന്ന വയനാട്ടിലെ ആദ്യകാല മൂന്നു സ്കൂളുകളിലൊന്നാണ് ബത്തേരി ഗവ. സര്‍വജന വിദ്യാലയം. ബത്തേരിയിലെ ആദ്യകാല തലമുറ ഒന്നടങ്കം വിദ്യാഭ്യാസം നേടിയ സ്കൂളാണിത്. 1954ലാണ് തുടക്കം. 12 ഏക്കര്‍ വിസ്തൃതിയില്‍ വിശാലമായ സ്ഥലത്താണ് സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. ജില്ലാ വിദ്യാഭ്യാസ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ടും അധ്യാപക ഭവനും വന്നതോടെ സ്ഥല വിസ്തൃതി മൂന്നേക്കറിലൊതുങ്ങി. സ്കൂളിലെ മിക്ക കെട്ടിടങ്ങള്‍ക്കും ആസ്ബസ്റ്റോസ് മേഞ്ഞ ഉയരം കുറഞ്ഞ മേല്‍ക്കൂരയാണ്. ജില്ലയിലെ മറ്റെല്ലാം സര്‍ക്കാര്‍ വിദ്യാലയങ്ങളിലും ആധുനിക രീതിയിലുള്ള പുതിയ കെട്ടിടങ്ങള്‍ അനുവദിച്ചപ്പോള്‍ ‘സര്‍വജന’ അവഗണിക്കപ്പെടുകയായിരുന്നു. 40,000 ഗ്രന്ഥങ്ങളുള്ള സ്കൂള്‍ ലൈബ്രറി ജില്ലയില്‍ ഇന്നും ‘സര്‍വജന’യില്‍ മാത്രമാണുള്ളത്. എന്നാല്‍, വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഉപകാരപ്പെടുന്ന വിധത്തില്‍ ഇത് പ്രവര്‍ത്തിപ്പിക്കാനാവുന്നില്ല. പരിപാടികള്‍ നടത്താന്‍ ഓഡിറ്റോറിയമുണ്ടെങ്കിലും ഇരിക്കാന്‍ കസേരകളില്ല. ഓരോ പരിപാടിക്കും ക്ളാസുകളില്‍നിന്ന് ബെഞ്ചുകള്‍ എത്തിച്ച് പരിപാടി കഴിഞ്ഞാല്‍ തിരിച്ചുകൊണ്ടുപോകണം. അതുകൊണ്ടുതന്നെ ക്ളാസ് നടക്കുന്ന സമയത്ത് ഇവിടെ പരിപാടികള്‍ നടത്താനാവില്ല. ഹൈസ്കൂളില്‍ 484, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 240, വി.എച്ച്.എസ്.സിയില്‍ 240 എന്നിങ്ങനെ 964 വിദ്യാര്‍ഥികളാണ് ഇവിടെയുള്ളത്. 56 അധ്യാപകരുള്ള ഇവിടെ എസ്.എസ്.എല്‍.സിക്ക് കഴിഞ്ഞ തവണ നൂറുമേനിയാണ് വിജയം. സാധാരണക്കാരുടെ കുട്ടികള്‍ മാത്രമാണിവിടെ പഠിക്കുന്നത്. അധ്യാപകരും വിദ്യാര്‍ഥികളും മികവ് പുലര്‍ത്തുമ്പോഴും ഭൗതിക സൗകര്യങ്ങള്‍ തീര്‍ത്തും പരിമിതമാണ്. പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ പോലും സംവിധാനങ്ങളില്ല. സുല്‍ത്താന്‍ ബത്തേരി ടൗണിനോട് ചേര്‍ന്ന് ഏവര്‍ക്കും എളുപ്പത്തില്‍ എത്തിപ്പെടാന്‍ കഴിയുന്ന സൗകര്യപ്രദമായ സ്ഥലത്താണ് ഗവ. സര്‍വജന സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ സൗകര്യങ്ങളുണ്ട്. ഈ പരിഗണനകള്‍ മുന്‍നിര്‍ത്തി സര്‍ക്കാറിന്‍െറ അഞ്ചുകോടിയുടെ ആശ്വാസ് പദ്ധതിയില്‍ ഈ വര്‍ഷം സര്‍വജനക്ക് ശാപമോക്ഷമാവുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.