ചികിത്സ ലഭിക്കാതെ ആദിവാസി സ്ത്രീ മരിച്ചു

കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ ചികിത്സ ലഭിക്കാതെ ആദിവാസി സ്ത്രീ മരിച്ചു. മാനന്തവാടി താലൂക്കിലെ പൂതാടി പഞ്ചായത്തിലെ അമരക്കുനിയില്‍ ചീയമ്പം 73 കോളനിയിലെ ബാബു പ്രകാശിന്‍െറ ഭാര്യ 21കാരിയായ രജ്ഞിനിയാണ് മരിച്ചത്. ഇന്നലെ രാവിലെ എട്ടുമണിയോടെ ആശുപത്രിയിലെ മെഡിസിന്‍ വാര്‍ഡിലായിരുന്നു മരണം. മൂന്നുദിവസം മുമ്പാണ് ഛര്‍ദിയും വയറിളക്കവും ബാധിച്ച് ഇവരെ പുല്‍പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ടുദിവസമായിട്ടും രോഗം തിരിച്ചറിഞ്ഞില്ല. അതിനാല്‍ ഇവരെ മാനന്തവാടി ആശുപത്രിയിലേക്ക് മാറ്റി. ഇവിടെയും രോഗം നിര്‍ണയിക്കാന്‍ കഴിയാത്തതിനത്തെുടര്‍ന്ന് ബുധനാഴ്ച ഉച്ചയോടെ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചു. ഈ സമയത്ത് ബോധമില്ലാതെ കിടന്ന രജ്ഞിനി ഇടക്കിടെ വിറക്കുന്നുണ്ടായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. രാത്രി 8.30ഓടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാവിലെ മൂന്നുമണിവരെ ഡോക്ടര്‍ പരിശോധിച്ചില്ളെന്നും ബന്ധുക്കള്‍ പറയുന്നു. വീണ്ടും വിറയല്‍ കൂടിയപ്പോള്‍ ബന്ധുക്കള്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് ഡോക്ടര്‍ എത്തി പരിശോധിച്ചു. രാവിലെ എട്ടുമണിയോടെ മരണം സംഭവിച്ചു. കോളനിക്കുള്ളില്‍ മിക്കവര്‍ക്കും പനി ബാധിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷം കോളനിയില്‍ മഴക്കാലത്ത് മെഡിക്കല്‍ ക്യാമ്പ് നടത്തിയിരുന്നു. എന്നാല്‍, ഇക്കൊല്ലം ക്യാമ്പ് നടത്തിയിട്ടില്ല. പണിയ കോളനിയുടെ മഴക്കാല പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് നാലുകോടി രൂപ കുടുംബശ്രീക്ക് സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെങ്കിലും പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടില്ല. അസ്വാഭാവിക മരണമായതിനാല്‍ ഡോക്ടര്‍മാര്‍ പോസ്റ്റ്മോര്‍ട്ടത്തിനു നിര്‍ദേശിക്കുകയായിരുന്നു. ഡോക്ടര്‍മാര്‍ക്ക് മരണകാരണം വ്യക്തമാകാത്തതിനാലാണ് പോസ്റ്റ്മോര്‍ട്ടത്തിനു നിര്‍ദേശിക്കുന്നത്. ഫോറന്‍സിക് വിഭാഗം പോസ്റ്റ്മോര്‍ട്ടം നടത്തണമെങ്കില്‍ ആദ്യം ഇവരുടെ പ്രദേശത്തെ പൊലീസ് എത്തി ഇന്‍ക്വസ്റ്റ് നടത്തണം. പൊലീസിനെ അറിയിച്ചിട്ടുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.