ഐ-എ ഗ്രൂപ് പോര്; പൊലീസ് അസോ. തെരഞ്ഞെടുപ്പില്‍ പൊട്ടിത്തെറി

കോഴിക്കോട്: കേരള പൊലീസ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി ഐ ഗ്രൂപ്പിന് ലഭിക്കാതിരിക്കാന്‍ നിലവിലെ രണ്ട് ഐ ഗ്രൂപ്പുകാരെ വെട്ടി കോഴിക്കോട് സിറ്റി ജില്ലാ കമ്മിറ്റിയില്‍ തെരഞ്ഞെടുപ്പ്. സംസ്ഥാന കമ്മിറ്റിയില്‍ കഴിഞ്ഞവര്‍ഷം അംഗങ്ങളായിരുന്ന സൂരജ് (ട്രാഫിക്), ഷാജി (റെയില്‍വെ) എന്നിവരെയാണ് പൊലീസിലെ ‘എ’ വിഭാഗം വെട്ടിമാറ്റിയത്. ഇതിനെ ചൊല്ലി ഇന്നലെ നടന്ന തെരഞ്ഞെടുപ്പില്‍ വാക്കേറ്റവും പൊട്ടിത്തെറിയും ഉണ്ടായി. മുന്‍ വയനാട് ജില്ലാ സെക്രട്ടറി കൂടിയാണ് ഇത്തവണ പുറത്തായ ഷാജി. അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ ഇതുവരെ നടന്നിട്ടില്ലാത്ത വിധം എ-ഐ ഗ്രൂപ് പോര് മൂര്‍ച്ഛിച്ചിരിക്കയാണ്. ഇപ്പോഴത്തെ സംസ്ഥാന സെക്രട്ടറി ജി.ആര്‍. അജിത്, മുഖ്യമന്ത്രിയുടെ ‘എ’ ഗ്രൂപ്പില്‍ പെടുന്നയാളാണ്. രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായതോടെ അസോസിയേഷന്‍ പിടിച്ചടക്കാന്‍ ‘ഐ’ വിഭാഗം തന്ത്രങ്ങള്‍ മെനഞ്ഞിരുന്നു. ഇത് മുന്‍കൂട്ടിക്കണ്ട് ഇത്തവണ ഐ ഗ്രൂപ്പുകാര്‍ സംസ്ഥാന കമ്മിറ്റിയില്‍ എത്തിപ്പെടാതിരിക്കാന്‍ വന്‍ കരുനീക്കങ്ങളാണ് നടന്നത്. ജില്ലാ പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ്, സെക്രട്ടറി, ജോയന്‍റ് സെക്രട്ടറി, ട്രഷറര്‍, ആറ് എക്സിക്യൂട്ടിവ് കമ്മിറ്റിയംഗങ്ങള്‍ എന്നിങ്ങനെ ഓരോ പൊലീസ് ജില്ലയില്‍നിന്നും 11 പേരാണ് സംസ്ഥാന കമ്മിറ്റിയില്‍ എത്തുക. ഇവര്‍ ചേര്‍ന്നാണ് സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത്. ‘ഐ’ ഗ്രൂപ്പുകാര്‍ സംസ്ഥാന കമ്മിറ്റിയില്‍ എത്തിപ്പെട്ടാല്‍ ‘ഭരണം’ നഷ്ടപ്പെടുമോ എന്ന ആശങ്ക ‘എ’ ഗ്രൂപ്പിനുണ്ടായി. ഇത്തവണ കോഴിക്കോട് സിറ്റിയില്‍നിന്നും എക്സിക്യൂട്ടിവ് കമ്മിറ്റിയംഗങ്ങളെ നിശ്ചയിച്ചപ്പോള്‍ തന്ത്രപൂര്‍വമാണ് സൂരജിനെയും ഷാജിയെയും ഒഴിവാക്കിയത്. എ-ഐ ഗ്രൂപ്പുകള്‍ തമ്മില്‍ ഏറ്റുമുട്ടുന്നതുപോലെ സേനയെ എത്തിച്ചതില്‍ പൊലീസിലെ ഒരുവിഭാഗത്തിന് ശക്തമായ എതിര്‍പ്പുണ്ടത്രെ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.