അനിതയുടെ മരണം: ഉന്നതതല അന്വേഷണം വേണമെന്ന് മാതാപിതാക്കള്‍

കല്‍പറ്റ: മകള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും ഉന്നതതല അന്വേഷണം വേണമെന്നും മാതാപിതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. അമ്പലവയല്‍ നരിക്കുണ്ട് ആല്‍ബര്‍ട്ട്, ഭാര്യ റോസ്ലിന്‍ എന്നിവരാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇവരുടെ മകള്‍ അനിതയെ 2010 സെപ്റ്റംബര്‍ 13ന് കോഴിക്കോട് കൂടരഞ്ഞി ജീരകശ്ശേരി ജിജോ വിവാഹം കഴിച്ചിരുന്നു. ഈ ബന്ധത്തില്‍ രണ്ടര വയസ്സുള്ള അനഘ എന്ന മകളുമുണ്ട്. വിവാഹം കഴിഞ്ഞ് മാസങ്ങള്‍ക്കുശേഷം മകളെ മാനസികമായും ശാരീരികമായും ഭര്‍ത്താവും വീട്ടുകാരും പീഡിപ്പിക്കാറുണ്ടെന്ന് ഇവര്‍ പറയുന്നു. 22 പവന്‍ സ്വര്‍ണം വിവാഹ സമയത്ത് നല്‍കിയിരുന്നു. പല ആവശ്യങ്ങള്‍ക്കായി ആറുലക്ഷത്തോളം രൂപയും പിന്നീട് ജിജോക്ക് നല്‍കി. സ്ഥിരം മദ്യപാനിയായ ജിജോ അനിതയെ പീഡിപ്പിക്കാന്‍ തുടങ്ങി. ഒന്നര പവന്‍ സ്വര്‍ണമൊഴിച്ച് ബാക്കിയുള്ള ആഭരണങ്ങളെല്ലാം സ്വന്തം ആവശ്യത്തിന് ഉപയോഗിച്ചു. 2013 നവംബര്‍ 30നാണ് അനിത ആത്മഹത്യ ചെയ്തുവെന്ന വിവരം മാതാപിതാക്കള്‍ അറിയുന്നത്. അതിനുശേഷം ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോയി മൃതദേഹം കണ്ടു. അവിടുത്തെ സാഹചര്യവും പൊലീസ് ഇന്‍സ്പെക്ടറുടെ പെരുമാറ്റവും സംശയം ജനിപ്പിക്കുന്നതായിരുന്നെന്നും ഇവര്‍ പറഞ്ഞു. അനിതയുടെ തലയിലും ദേഹത്തും മര്‍ദനമേറ്റ പാടുകളുമുണ്ടായിരുന്നു. ഇക്കാര്യങ്ങള്‍ ശ്രദ്ധയില്‍പെടുത്തിയെങ്കിലും എസ്.ഐ ഗൗനിച്ചില്ല. ആത്മഹത്യ നടന്നുവെന്ന് പറയുന്ന കിടപ്പുമുറിയില്‍ കാര്യങ്ങള്‍ ദുരൂഹമായിരുന്നു. ഫാനിന്‍െറ കൊളുത്തില്‍ കെട്ടിയ കയര്‍ ഒരാളെ താങ്ങാന്‍ മാത്രം ഉറപ്പുള്ളതായിരുന്നില്ല. ഈ കയര്‍ തെളിവായിരുന്നിട്ടും അത് അശ്രദ്ധമായി വീടിന് സമീപത്ത് കിടക്കുകയായിരുന്നു. ഇക്കാര്യങ്ങള്‍ സൂചിപ്പിച്ച് നിരവധി തവണ ലോക്കല്‍ പൊലീസിനും എ.ഡി.എമ്മിനും പരാതി നല്‍കി. എന്നാല്‍, ഫലപ്രദമായ അന്വേഷണമുണ്ടായില്ല. തുടര്‍ന്ന് താമരശ്ശേരി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ളാസ് കോടതിയില്‍ അന്യായം ഫയല്‍ ചെയ്തു. ഈ കേസ് താമരശ്ശേരി ഡി.വൈ.എസ്.പിയാണ് അന്വേഷിച്ചത്. എന്നാല്‍, അന്വേഷണം എങ്ങുമത്തെിയില്ല. ഇതിനാല്‍ കേസ് ക്രൈംബ്രാഞ്ചിനെയോ, മറ്റു അന്വേഷണ ഏജന്‍സിയെയോ ഏല്‍പിക്കണം. മകളുടെ മരണം കൊലപാതകമാണെന്നും ചിലര്‍ കൊന്ന് കെട്ടിത്തൂക്കിയതായി സംശയിക്കുന്നതായും ഇവര്‍ പറഞ്ഞു. അനിതയുടെ മകള്‍ അനഘയെ ഭര്‍തൃവീട്ടുകാര്‍ തങ്ങളെ കാണാന്‍ പോലും അനുവദിക്കുന്നില്ല. അമ്പലവയല്‍ പഞ്ചായത്ത് പ്രസിഡന്‍റ് എം.യു. ജോര്‍ജ്, വൈ. പ്രസിഡന്‍റ് സീത വിജയന്‍, വാര്‍ഡ് അംഗം കെ.ആര്‍. അനില്‍, കോഴിക്കോട് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയിലെ ശ്രീജ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.