മോദിയുടെയും ഇസ്രായേലിന്‍െറയും സര്‍ക്കാറുകള്‍ ഒരമ്മപെറ്റ മക്കളെപ്പോലെ –വി.എസ്

തിരുവനന്തപുരം: നരേന്ദ്ര മോദിയുടെയും ഇസ്രായേലിന്‍െറയും സര്‍ക്കാറുകള്‍ ഒരമ്മപെറ്റ മക്കളെപ്പോലെയാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍. ഇസ്രായേലി ആക്രമണത്തിനെതിരെ ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പുരോഗമന കലാസാഹിത്യസംഘം ജില്ലാ കമ്മിറ്റി സെക്രട്ടേറിയറ്റ് നടയില്‍ സംഘടിപ്പിച്ച ചിത്രകാരന്മാരുടെ പ്രതിഷേധവരയും അധിനിവേശവിരുദ്ധ കവിയരങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വംശീയത പ്രോത്സാഹിപ്പിക്കുന്ന സംഘത്തിന്‍െറ രാഷ്ട്രീയരൂപമായ ബി.ജെ.പി സര്‍ക്കാറില്‍നിന്ന് വംശീയത മുഖമുദ്രയാക്കിയ ഇസ്രായേലി സര്‍ക്കാറിന്‍െറ അതേ നടപടിയുണ്ടായില്ലെങ്കിലേ അതിശയിക്കേണ്ടതുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസുമായി നയസമീപനങ്ങളില്‍ ഒരു വ്യത്യാസവുമില്ലാത്ത നരേന്ദ്ര മോദിയും അമേരിക്കക്ക് വിധേയനായി ഇസ്രായേലിനെ വെള്ളപൂശുകയാണ്. രാജീവ് ഗാന്ധി വരെ കാത്തുസൂക്ഷിച്ചിരുന്ന ഫലസ്തീന്‍ ഐക്യദാര്‍ഢ്യവും ചേരിചേരാനയവുമൊക്കെ കേന്ദ്ര സര്‍ക്കാര്‍ കാറ്റില്‍പറത്തി. നരസിംഹറാവുവിന്‍െറ ഭരണകാലം മുതല്‍ ഇസ്രായേലികളുടെ വാലാട്ടികളായി കേന്ദ്ര സര്‍ക്കാര്‍ മാറി. ഇതേ നയമാണ് ഇപ്പോള്‍ മോദിയും തുടരുന്നത്. ഫലസ്തീന് ഐക്യദാര്‍ഢ്യം അര്‍പ്പിച്ച് നടത്തുന്ന ഓരോ പ്രതിഷേധവും ഇസ്രായേലിനെ പ്രീണിപ്പിക്കുകയും വെള്ളപൂശുകയും ചെയ്യുന്ന മോദിക്കെതിരെയും തിരിച്ചുവിടണമെന്നും അദ്ദേഹം പറഞ്ഞു. ‘ക്രൂരന്മാരായ ഇസ്രായേലി അക്രമികള്‍ ഉടനടി ഗസ്സ വിടുക’ എന്ന സന്ദേശവും ഒരു മുഖവും വരച്ചാണ് വി.എസ് പ്രതിഷേധ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. പ്രഫ. കെ.എന്‍. ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. പ്രഫ. വി.എന്‍. മുരളി, സി.പി. അബൂബക്കര്‍, രാധാകൃഷ്ണന്‍ ചെറുവല്ലി, ചിത്രകാരന്മാരായ കാരയ്ക്കാമണ്ഡപം വിജയകുമാര്‍, ഡോ. ലേഖ നരേന്ദ്രന്‍, നേമം പുഷ്പരാജ്, ചന്ദ്രാനന്ദന്‍, വേണു തെക്കേമഠം, ദിവാകരന്‍, വിജയന്‍ നെയ്യാറ്റിന്‍കര, ജഗത് തിരുപുറം, ഈശ്വരന്‍ നമ്പൂതിരി, മോത്തി മയ്യനാട് എന്നിവര്‍ സംസാരിച്ചു. ഇവര്‍ പ്രതിഷേധചിത്രം വരയിലും പങ്കാളികളായി. കവികളായ പി.എന്‍. സരസമ്മ, വിനോദ് വെള്ളായണി, എസ്. സരോജം, സതീഷ് കിടാരക്കുഴി, പി.എസ്. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ അധിനിവേശവിരുദ്ധ കവിതകള്‍ ആലപിച്ചു. സംഘം ജില്ലാ സെക്രട്ടറി വിനോദ് വൈശാഖി സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.