പന്തളത്ത് ഒരുക്കങ്ങളായി

പന്തളം: ശനിയാഴ്ച മഹാദേവക്ഷേത്രക്കടവില്‍ നടക്കുന്ന കര്‍ക്കടക വാവുബലിക്ക് പന്തളം മഹാദേവക്ഷേത്രത്തില്‍ ഒരുക്കങ്ങളായെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ അഞ്ച് മുതല്‍ പന്തളം മഹാദേവ ഹിന്ദുസേവാ സമിതി, സേവാഭാരതി, വിവിധ ഹൈന്ദവ സംഘടനകള്‍ എന്നിവയുടെ നേതൃത്വത്തില്‍ വിശ്വഹിന്ദുപരിഷത്ത് അര്‍ച്ചിത് പുരോഹിത് ആചാര്യന്മാരുടെ കാര്‍മികത്വത്തിലാണ് പിതൃതര്‍പ്പണം. ഇത്തവണ പതിനായിരത്തോളം പേര്‍ക്ക് ബലിതര്‍പ്പണത്തിന് സാമഗ്രികളടങ്ങിയ കിറ്റുകള്‍ ക്ഷേത്രപരിസരത്തുള്ള കൗണ്ടറുകളില്‍ ലഭ്യമാക്കും. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തര്‍പ്പണത്തിനും സ്നാനത്തിനും പ്രത്യേകം സൗകര്യങ്ങളൊരുക്കും. ബാഗുകള്‍ സൂക്ഷിക്കാന്‍ ക്ളോക്കുറൂമും മറ്റ് സൗകര്യങ്ങളും തയാറാക്കുന്നു. ബലിതര്‍പ്പണത്തിനു ശേഷം ക്ഷേത്രത്തില്‍ പിതൃപൂജക്ക് സൗകര്യമുണ്ട്. തോട്ടക്കോണം ഗവ. സ്കൂള്‍ ഗ്രൗണ്ട്, ക്ഷേത്ര സദ്യാലയ പരിസരം, എന്‍.എസ്.എസ് കരയോഗ മന്ദിര കിഴക്കുഭാഗം എന്നിവിടങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്കുചെയ്യാന്‍ ഇടമൊരുക്കി. ദാഹജലവിതരണവും തിരികെ പോകുന്നതിന് പ്രത്യേക ബസ് സര്‍വീസുകളുമുണ്ടാവും. ആചാര അനുഷ്ഠാനങ്ങളോടെ ഉണക്കലരി വറ്റിച്ചതും ത്രിമധുരവുമായി ബലിതര്‍പ്പണം നടത്തുന്ന ജില്ലയിലെ ഏകക്ഷേത്രമാണിതെന്ന് മഹാദേവ ഹിന്ദുസേവാസമിതി പ്രസിഡന്‍റ് ആമ്പാടി ആനന്ദന്‍ നായര്‍, ആര്‍.എസ്.എസ് സഹസംഘചാലക് കെ.സി.വിജയന്‍ എന്നിവര്‍ പറഞ്ഞു. ലഭിക്കുന്ന വരുമാനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുമെന്നും അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.