പ്രതിക്ക് ജീവപര്യന്തം തടവും അരലക്ഷം പിഴയും

ഇരിങ്ങാലക്കുട: എലഞ്ഞിപ്ര മാളക്കാരന്‍ ചാക്കുണ്ണി (52)യെ ആള്‍ താമസമില്ലാത്ത ഷെഡില്‍ കല്ലുകൊണ്ട് ഇടിച്ച് കൊന്നുവെന്ന കേസിലെ പ്രതി മോതിരക്കണ്ണി പനങ്ങാടന്‍ സുബ്രന്‍ എന്ന പരിസുബ്രനെ (54) ജീവപര്യന്തം കഠിനതടവിനും അരലക്ഷം രൂപ പിഴ അടക്കാനും ഇരിങ്ങാലക്കുട അഡീഷനല്‍ ജില്ലാ ജഡ്ജ് പി. രാഗിണി ശിക്ഷിച്ചു. രണ്ടാം പ്രതിയായിരുന്ന നാടോടി സ്ത്രീ അയ്യമ്മയെ (47) കോടതി വെറുതെ വിട്ടു. 2011 ഒക്ടോബര്‍ 23 ന് ആയിരുന്നു സംഭവം. കൊരട്ടി പള്ളിയിലെ എട്ടാമിടമായിരുന്ന 2011 ഓക്ടോബര്‍ 23ന് രാത്രിയില്‍ ആയിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കൊരട്ടി മധുരകോട്സ് കമ്പനിയോട് ചേര്‍ന്നുള്ള പഴയ ഷെഡിനകത്തായിരുന്നു കൊലപാതകം. ആക്രി കച്ചവടക്കാരനായിരുന്ന ഒന്നാം പ്രതി സുബ്രനും രണ്ടാം പ്രതി അയ്യമ്മയും ആ ഷെഡിനകത്തായിരുന്നു കഴിഞ്ഞിരുന്നത്. അന്ന് ഇരുവരും മദ്യപിച്ച് ഇരിക്കുമ്പോഴാണ് അയ്യമ്മയെ അന്വേഷിച്ച് കൊല്ലപ്പെട്ട ചാക്കുണ്ണി എത്തിയത്. ഇതില്‍ രോഷാകുലനായ സുബ്രന്‍ ചാക്കുണ്ണിയുമൊത്ത് മദ്യപിക്കുകയും പിന്നീട് ചാക്കുണ്ണിയെ കരിങ്കല്ല് കൊണ്ട് അടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ചാക്കുണ്ണിയുടെ മൃതദേഹത്തില്‍ ഇരുപതോളം മുറിവുകള്‍ ഉണ്ടായിരുന്നു. കൊലപാതകത്തിനു ശേഷം നെല്ലിയാമ്പതിക്ക് കടന്ന സുബ്രനെ അവിടെ വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്തത് ചാലക്കുടി സി.ഐ ആയിരുന്ന സാജന്‍ കോയിക്കലായിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡീഷനല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ സജിറാഫേല്‍. ടി, അഡ്വക്കറ്റുമാരായ കെ.ജി. അജയകുമാര്‍, എബിന്‍ ഗോപുരന്‍, സി.എം. ശ്രീകല എന്നിവര്‍ ഹാജരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.