കോണ്‍ഗ്രസില്‍ ഏകാംഗ ബ്ളോക്ക് കമ്മിറ്റികള്‍ക്ക് അറുതിയാകും

മലപ്പുറം: കോണ്‍ഗ്രസ് പുന$സംഘടനാ ചര്‍ച്ചകള്‍ സജീവമായതോടെ പുതിയ സാഹചര്യത്തില്‍ ഇത്രയും കാലം നിന്ന ഏകാംഗ ബ്ളോക്ക് കമ്മിറ്റികള്‍ക്ക് അറുതിയാകുമെന്ന് കോണ്‍ഗ്രസ് അണികള്‍ക്ക് ആശ്വാസം. ആഗസ്റ്റ് 10ന് അഞ്ചംഗ ബൂത്ത് ഭാരവാഹികളെ തെരഞ്ഞെടുക്കാനുള്ള പ്രാഥമിക ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്. തുടര്‍ന്ന് മണ്ഡലം, ബ്ളോക്ക്, ജില്ലാ ഭാരവാഹികളെയും തെരഞ്ഞെടുക്കും. റമദാന്‍ വ്രതം അവസാനിക്കുന്നതോടെ ജില്ലയിലെ പുന$സംഘടനാ പ്രക്രിയകള്‍ സജീവമാകും. ബൂത്തിലെ വോട്ടവകാശമുള്ള അംഗങ്ങള്‍ ചേര്‍ന്ന് മണ്ഡലം കമ്മിറ്റിയെയും മണ്ഡലത്തിലെ വോട്ടവകാശമുള്ളവര്‍ ചേര്‍ന്ന് ബ്ളോക്ക് ഭാരവാഹികളെയും തെരഞ്ഞെടുക്കും. ഗ്രൂപ്പടിസ്ഥാനത്തിലുള്ള ഭാരവാഹി തെരഞ്ഞെടുപ്പ് ഒരു പരിധിവരെ ഉണ്ടാവില്ലെന്ന വിശ്വാസം കോണ്‍ഗ്രസ് അണികള്‍ക്കിടയില്‍ ബലപ്പെട്ടുവരുന്നുണ്ട്. ഇത്രയും കാലം ബൂത്ത്, മണ്ഡലം എന്നിവിടങ്ങളില്‍ ഗ്രൂപ്പടിസ്ഥാനത്തില്‍ വാശിയേറിയ തെരഞ്ഞെടുപ്പ് നടക്കുകയും അതിനു മുകളിലേക്ക് നേതാക്കള്‍ സ്ഥാനമാനങ്ങള്‍ വീതംവെക്കുന്ന മുന്‍കാല രീതിക്ക് മാറ്റമുണ്ടാകുമെന്ന വിശ്വാസമാണ് അണികള്‍ പ്രകടിപ്പക്കുന്നത്. മൂന്നുവര്‍ഷം മുമ്പ് നടന്ന ബ്ളോക്ക് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനുശേഷം ബ്ളോക്കിലെ മറ്റ് കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുത്തിരുന്നില്ല. ഏകാംഗ കമ്മിറ്റി തോന്നിയപടി പ്രവര്‍ത്തനം നടത്തി എന്ന വിമര്‍ശമാണ് അണികള്‍ക്കിടയിലുള്ളത്. ഇത്തവണ ഇതിന് മാറ്റമുണ്ടാകും. അതിനിടെ ദീര്‍ഘകാലം ജില്ലാ പ്രസിഡന്‍റ് സ്ഥാനം വഹിച്ചയാളെ മാറ്റണമെന്ന ആവശ്യവും ശക്തമാണ്. കെ.പി.സി.സി ഭാരവാഹിയായ ആളെ പ്രസിഡന്‍റാക്കണമെന്നാണ് നിലവിലെ പ്രസിഡന്‍റിനെ എതിര്‍ക്കുന്നവരുടെ ആവശ്യം. കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ എ, ഐ പക്ഷങ്ങളോട് പ്രത്യേക മമത കാണിക്കാത്ത ആളായതിനാല്‍ ജില്ലയിലെ എ,ഐ ഗ്രൂപ്പുകളില്‍നിന്നുള്ള പരസ്പര കൂടുമാറ്റം ഇരു ഗ്രൂപ്പുകളിലും അരങ്ങേറുന്നുണ്ട്. മഞ്ചേരിയില്‍ ഐ ഗ്രൂപ്പുകാര്‍തന്നെ രണ്ടു തട്ടിലായാണ് നില്‍പ്. വൈദ്യുതി മന്ത്രിയും ജില്ലയിലെ ഏറ്റവും മുതിര്‍ന്ന നേതാവുമായ ആര്യാടന്‍ മുഹമ്മദിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും നിലമ്പൂരിലെ എ ഗ്രൂപ്പിലുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.