നെഹ്റു യുവകേന്ദ്ര ഗ്രാമീണ യുവാക്കളിലേക്ക്

മലപ്പുറം: നെഹ്റു യുവകേന്ദ്രയില്‍ അഫിലിയേറ്റ് ചെയ്ത ക്ളബുകളെ മികവുറ്റ തൊഴില്‍ വൈദഗ്ധ്യ കേന്ദ്രങ്ങളാക്കിമാറ്റി യുവാക്കള്‍ക്ക് തൊഴിലവസരം ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് തുടക്കമാവുന്നു. ജില്ലാ കലക്ടര്‍ കെ. ബിജുവിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന ഉപദേശക സമിതി യോഗത്തിലാണ് ഈ വര്‍ഷം നടപ്പാക്കാനുള്ള പരിപാടികള്‍ ചര്‍ച്ച ചെയ്തത്. നെഹ്റു യുവകേന്ദ്ര നടത്തുന്ന വിവിധ തൊഴിലധിഷ്ഠിത പരിശീലനങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് നാഷനല്‍ കൗണ്‍സില്‍ ഫോര്‍ വൊക്കേഷനല്‍ ട്രെയിനിങ് (എന്‍.സി.വി.ടി) സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ വൊക്കേഷനല്‍ ട്രെയിനിങ് (എസ്.സി.വി.ടി) എന്നിവയുടെ തൊഴില്‍ വൈദഗ്ധ്യ സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കുകയും ഇതിലൂടെ ഇവര്‍ക്ക് വിദേശ രാജ്യങ്ങളിലുള്‍പ്പെടെ തൊഴില്‍ ഉറപ്പാക്കുകയുമാണ് ലക്ഷ്യം. തൊഴില്‍ വൈദഗ്ധ്യ പരിശീലനം നല്‍കുന്ന സ്ഥാപനമെന്ന നിലക്ക് കേന്ദ്ര തൊഴില്‍ മന്ത്രാലയം നടപ്പാക്കുന്ന മോഡുലര്‍ എംപ്ളോയബ്ള്‍ സ്കില്‍സ് പദ്ധതിയില്‍ (എം.ഡി.എസ്) രജിസ്റ്റര്‍ ചെയ്യുന്നതോടെ നിലവില്‍ എന്‍.വൈ.കെക്ക് ലഭിക്കുന്ന ഫണ്ട് കൂടാതെ കേന്ദ്ര സര്‍ക്കാറിന്‍െറ കൂടുതല്‍ ഫണ്ടുകള്‍ ലഭിക്കും. 30 മുതല്‍ 90 വരെ ദിവസത്തെ പരിശീലനത്തില്‍ 1492 മേഖലയില്‍ തൊഴില്‍ വൈദഗ്ധ്യ പരിശീലനം മുതല്‍ സോഫ്റ്റ് സ്കില്‍ ഡെവലപ്മെന്‍റ് ട്രെയിനിങ് വരെ ഉള്‍പ്പെടുത്തിയതാണ് എം.ഡി.എസ് പദ്ധതി. മുഖ്യധാരയില്‍നിന്ന് ഒറ്റപ്പെട്ട് നില്‍ക്കുന്ന മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ എന്‍.വൈ.കെ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. ആദിവാസി മേഖലകളില്‍ ക്ളബുകള്‍ രൂപവത്കരിക്കണമെന്നും നിലവിലുള്ള ക്ളബുകളിലെ സേവനസന്നദ്ധരായ അംഗങ്ങളെ ഉള്‍പ്പെടുത്തി സര്‍ക്കാറിന്‍െറ വിവിധ ക്ഷേമപദ്ധതികളെക്കുറിച്ച് ആദിവാസി വിഭാഗങ്ങളെ ബോധവത്കരിക്കുന്ന വിധമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കണമെന്നും കലക്ടര്‍ ആവശ്യപ്പെട്ടു. യോഗത്തില്‍ എന്‍.വൈ.കെ ജില്ലാ കോഓഡിനേറ്റര്‍ കെ. കുഞ്ഞിമുഹമ്മദ്, ഉപദേശക സമിതി അംഗങ്ങള്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.