സ്കൂള്‍തല ലഹരിവിരുദ്ധ ക്ളബുകളുടെ പദ്ധതിരേഖ അംഗീകരിച്ചു –മന്ത്രി കെ. ബാബു

ആലപ്പുഴ: സ്കൂള്‍തല ലഹരിവിരുദ്ധ ക്ളബുകളുടെ ഈ സാമ്പത്തിക വര്‍ഷത്തേക്കുള്ള പദ്ധതിരേഖ അംഗീകരിച്ച് 24,40,000 രൂപ അനുവദിച്ച് ഉത്തരവായതായി എക്സൈസ് മന്ത്രി കെ. ബാബു അറിയിച്ചു. സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ്, എന്‍.സി.സി, സ്കൗട്സ് ആന്‍ഡ് ഗൈഡ്സ്, നാഷനല്‍ സര്‍വീസ് സ്കീം എന്നീ സ്കൂള്‍തല സംഘടനകളെക്കൂടി ഉള്‍പ്പെടുത്തിയായിരിക്കും ലഹരിവിരുദ്ധ ക്ളബുകളുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍. ക്ളബുകള്‍ക്ക് പ്രവര്‍ത്തനഫണ്ടായി 1500 രൂപ രണ്ടുഗഡുക്കളായി നല്‍കും. കണ്‍വീനര്‍മാര്‍ക്ക് വാര്‍ഷിക ഓണറേറിയമായി 1500 രൂപ അനുവദിച്ചിട്ടുണ്ട്. 2012-13 സാമ്പത്തിക വര്‍ഷത്തില്‍ ആരംഭിച്ച പദ്ധതിയാണ് സ്കൂളുകളിലെ ലഹരിവിരുദ്ധ ക്ളബുകള്‍. ഇതുവരെ 1011 സ്കൂളുകളില്‍ ക്ളബുകള്‍ ആരംഭിച്ചു. ഈ സാമ്പത്തിക വര്‍ഷം അവയുടെ എണ്ണം 1500 ആയി വര്‍ധിപ്പിക്കും. ലഹരിവിരുദ്ധ കൈയെഴുത്ത് മാസിക, ലഹരിവിരുദ്ധ വാരാചരണം, സെമിനാറുകള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് പദ്ധതിരേഖ പ്രകാരം അംഗീകരിച്ചിരിക്കുന്നത്. വിദ്യാര്‍ഥികളില്‍ സാമൂഹിക പ്രതിബദ്ധതയും പരസ്പ സൗഹാര്‍ദവും വളര്‍ത്തുന്നതിനുള്ള പദ്ധതികളാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. പദ്ധതി പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം പൂര്‍ണമായും എക്സൈസ് വകുപ്പിനായിരിക്കുമെന്നും മന്ത്രി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.