തിരുനെല്ലി ക്ഷേത്രത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നു

മാനന്തവാടി: തിരുനെല്ലി ക്ഷേത്രത്തില്‍ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉടന്‍ തുടക്കം കുറിക്കുമെന്ന് ക്ഷേത്ര ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 1.15 കോടി രൂപ ചെലവില്‍ ചുറ്റുമതിലും ഓഫിസും, 28 ലക്ഷം രൂപ ചെലവില്‍ ഡോര്‍മെറ്ററിയും നിര്‍മിക്കും. 10 ലക്ഷം രൂപ ചെലവഴില്‍ പാര്‍ക്കിങ് പ്രദേശത്തും ക്ഷേത്രത്തിന്‍െറ ഉള്‍വശവും കല്ല് പതിപ്പിക്കും. 22 ലക്ഷം രൂപ ചെലവില്‍ അറ്റകുറ്റപ്പണികള്‍ നടത്തും. ദേവസ്വം ബോര്‍ഡ് അനുമതി നല്‍കാത്തതിനാല്‍ ട്രസ്റ്റി ഹൈകോടതിയെ സമീപിച്ചാണ് അംഗീകാരം നേടിയത്. ഇതിന്‍െറ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. പാപനാശിനിയുടെ വിപുലീകരണം, ഷോപ്പിങ് കോംപ്ളക്സ് നിര്‍മാണം, ലോഡ്ജ് എന്നിവ നിര്‍മിക്കുന്നതിനായി അനുമതിക്കായി അപേക്ഷ നല്‍കിക്കഴിഞ്ഞു. അനുമതി ലഭിക്കുന്നതോടെ നിര്‍മാണം ആരംഭിക്കും. കര്‍ക്കടക വാവിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. വാവിന്‍െറ തലേദിവസം എത്തുന്നവര്‍ക്ക് താമസിക്കാനായി നിലവിലെ സംവിധാനത്തിന് പുറമെ ഡി.ടി.പി.സി വിശ്രമ മന്ദിരത്തിലും കാട്ടിക്കുളം, തിരുനെല്ലി സ്കൂളുകളിലും സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രത്തില്‍ എത്തുന്നവര്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറക്കും. ട്രസ്റ്റി പി.ബി. കേശവദാസ്, എക്സി. ഓഫിസര്‍ ടി.ടി. വിനോദന്‍, മാനേജര്‍ പി.കെ. പ്രേമചന്ദ്രന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.