ആദിവാസി യുവാവിനെ പുഴുവരിച്ച സംഭവം: ടി.ഇ.ഒക്ക് സസ്പെന്‍ഷന്‍; പ്രമോട്ടറെ പിരിച്ചുവിട്ടു

കല്‍പറ്റ: മേപ്പാടിയില്‍ ആദിവാസി യുവാവ് ചികിത്സ കിട്ടാതെ പുഴുവരിച്ച സംഭവത്തില്‍ കല്‍പറ്റ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ കെ.എല്‍. ബിജുവിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്യാന്‍ പട്ടികവര്‍ഗക്ഷേമ-യുവജനകാര്യ മന്ത്രി പി.കെ. ജയലക്ഷ്മി ഉത്തരവിട്ടു. പ്രദേശത്തിന്‍െറ ചുമതലവഹിക്കുന്ന ട്രൈബല്‍ പ്രമോട്ടറെ പിരിച്ചുവിട്ടു. മേപ്പാടി അട്ടമല ഏറാട്ടുകുണ്ട് കോളനിയിലെ ഭാസ്കരന്‍ ചികിത്സ കിട്ടാതെ ദയനീയാവസ്ഥയിലാണെന്ന മാധ്യമവാര്‍ത്തയെ തുടര്‍ന്നാണ് നടപടി. ഭാസ്കരന് അടിയന്തരമായി 50,000 രൂപയുടെ ധനസഹായം നല്‍കണമെന്നും വസ്ത്രങ്ങള്‍, ഭക്ഷണ സാധനങ്ങള്‍ എന്നിവ സൗജന്യമായി നല്‍കണമെന്നും മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. ആവശ്യമായ ചികിത്സ ലഭ്യമാക്കാനും നിര്‍ദേശിച്ചു. ഇതുസംബന്ധിച്ച് പട്ടികവര്‍ഗ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ക്കും മന്ത്രി നിര്‍ദേശം നല്‍കി. ഔദ്യാഗിക കൃത്യനിര്‍വഹണത്തില്‍ ഗുരുതര വീഴ്ച വരുത്തിയ ടി.ഇ.ഒക്കും പ്രമോട്ടര്‍ക്കുമെതിരെ അച്ചടക്ക നടപടിയെടുത്ത് ഡയറക്ടര്‍ ഭണ്ഡാരി രണ്‍വീര്‍ചന്ദ് ഉത്തരവ് പുറപ്പെടുവിച്ചു. മുമ്പ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഭാസ്കരന്‍ കോളനിയില്‍ തിരിച്ചെത്തിയ ശേഷം വീണ്ടും അവശനിലയിലാവുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.