ദുരിതം മാറാതെ മാനന്തവാടി

മാനന്തവാടി: രണ്ടു ദിവസമായി തുടര്‍ന്നുവന്ന കനത്ത മഴക്ക് വ്യാഴാഴ്ച നേരിയ ശമനമായെങ്കിലും താഴ്ന്ന പ്രദേശങ്ങളില്‍നിന്ന് വെള്ളം കാര്യമായി ഇറങ്ങിയില്ല. വള്ളിയൂര്‍ക്കാവില്‍ റോഡിലേക്ക് വെള്ളം കയറിയെങ്കിലും ഗതാഗതം തടസ്സപ്പെട്ടു. എടവക അഗ്രഹാരത്ത് റോഡില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ബോട്ട് സര്‍വീസ് ആരംഭിച്ചു. ചൂട്ടക്കടവ് റോഡില്‍ വെള്ളം കയറിയതോടെ അതുവഴിയുള്ള ഗതാഗതവും തടസ്സപ്പെട്ടു. വള്ളിയൂര്‍ക്കാവ് പുഴ തീരത്ത് താമസിച്ചിരുന്ന കുടുംബങ്ങളെ ഇല്ലത്തുവയല്‍ മില്ലിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ചൂട്ടക്കടവ് താഴെയങ്ങാടി ബൈപാസ് റോഡില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. മതിലിടിഞ്ഞതിനെ തുടര്‍ന്ന് പാവന പാസ്റ്റര്‍ സെന്‍റര്‍ കെട്ടിടത്തിന് ഭീഷണിയുയര്‍ന്നിട്ടുണ്ട്. വെള്ളം കയറി യതിനാല്‍ ഒഴക്കോടി ചെറുപുഴ പാലത്തിലൂടെയുള്ള ഗതാഗതം തുടര്‍ച്ചയായി അഞ്ചാം ദിവസവും തടസ്സപ്പെട്ടു. പനമരം ഗവ. ഹൈസ്കൂളില്‍ 21 കുടുംബങ്ങളിലായി 110 പേരെയും ആറാട്ടുതറ ഗവ. ഹൈസ്കൂളില്‍ 16 കുടുംബങ്ങളിലായി 42 പേരെയും മാറ്റിപ്പാര്‍പ്പിച്ചു. താലൂക്കിന്‍െറ വിവിധ ഭാഗങ്ങളിലായി നിരവധി സ്ഥലങ്ങളില്‍ നേരിയ തോതില്‍ മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്. മരങ്ങള്‍ കടപുഴകിയതിനെ തുടര്‍ന്ന് നിരവധി സ്ഥലങ്ങളില്‍ വൈദുതി തടസ്സവുമുണ്ടായിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണത്തിനാവശ്യമായ സാധനങ്ങളും പായ, കമ്പിളി എന്നിവയും വിതരണം ചെയ്തു. മെഡിക്കല്‍ ടീം ക്യാമ്പുകളിലെത്തി പരിശോധന നടത്തി മരുന്നുകള്‍ വിതരണംചെയ്യുകയും ശുചിത്വകാര്യങ്ങള്‍ ഉറപ്പുവരുത്തുകയും ചെയ്തിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.