ആദിതാളത്തിന്‍െറ തുടിമുഴക്കത്തില്‍ നാന്തലക്കൂട്ടം

കോഴിക്കോട്: നാട്ടുസംസ്കാരത്തിന്‍െറ ആദിതാളം മുഴക്കി നാന്തലക്കൂട്ടം അരങ്ങ് തകര്‍ത്താടി. ടൗണ്‍ഹാളില്‍ ബാങ്ക് ജീവനക്കാരുടെ സാംസ്കാരിക സംഘടനയായ നവതരംഗമാണ് നാടന്‍പാട്ടുകളുടെ ദൃശ്യാവിഷ്കാരം സംഘടിപ്പിച്ചത്. ക്ളാസിക്കല്‍ സംഗീതവും സിനിമാ ഗാനങ്ങളും കേട്ടുമടുത്ത ആസ്വാദകര്‍ക്ക് പുതു അനുഭവമായി പരിപാടി. പ്രകൃതിയുടെ ജീവതാളത്തെ സംഗീതത്തിലേക്കാവാഹിച്ച പാട്ടുകളാണ് പരിചയപ്പെടുത്തിയത്. സംസ്കാരത്തിന്‍െറ ഈടുവെപ്പുകള്‍ പാട്ടിലൂടെ നിറംപിടിച്ച ഓര്‍മകളായി കടന്നുവന്നു. പച്ചമണ്ണിന്‍െറ മണവും പച്ചിലകളുടെ സുഗന്ധവും പാട്ടുകളായി ഒഴുകിയെത്തി. സംസ്കാരത്തിന്‍െറ കൂട്ടായ്മകളുടെ പണിയാലകളില്‍ ചെത്തി ചിന്തേരിട്ട പാട്ടുകള്‍ക്ക് മരണമില്ലെന്ന് നാന്തലക്കൂട്ടം പാടിയും ആടിയും തെളിയിച്ചു. ജാതിക്കോയ്മക്കും ഫ്യൂഡല്‍ ആധിപത്യത്തിനുമെതിരെ ഉയര്‍ന്ന പ്രതിരോധത്തിന്‍െറ വാള്‍മുനകള്‍ പാട്ടിന്‍െറ അടിവേരുകളായി. ചില നേരങ്ങളില്‍ പരിഹാസത്തിന്‍െറയും ആക്ഷേപഹാസ്യത്തിന്‍െറയും തലങ്ങളിലേക്കും പാട്ടുകള്‍ കടന്നുചെല്ലുന്നു. തെയ്യക്കോലങ്ങളും അരങ്ങിലെത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.