മകന്‍െറ ക്രൂരതയില്‍ വിറങ്ങലിച്ച് തുറയൂര്‍ ഗ്രാമം

പയ്യോളി: ഉമ്മയെ കുത്തിക്കൊന്ന മകന്‍െറ ക്രൂരതയില്‍ വിറങ്ങലിച്ച് തുറയൂര്‍ ഗ്രാമം. പോറ്റി വളര്‍ത്തിയ മകന്‍െറ കൊലക്കത്തിക്കിരയായ ആമിനയുടെ വിധിയോര്‍ത്ത് അയല്‍ക്കാരും ബന്ധുക്കളും കണ്ണീരണിഞ്ഞു. ബുധനാഴ്ച രാത്രി ഇളയ മകന്‍െറ കുത്തേറ്റ് മരിച്ച മണപ്പുറത്ത് ആമിനയെ കുറിച്ച് നല്ലതുമാത്രമേ അയല്‍ക്കാര്‍ക്കും ബന്ധുകള്‍ക്കും പറയാനുള്ളൂ. ഭര്‍ത്താവ് അമ്മദിന്‍െറ മരണശേഷം മക്കള്‍ക്കൊപ്പമാണ് ആമിന താമസിക്കുന്നത്. മക്കളും മരുമക്കളുമായും നല്ല ബന്ധം കാത്തുസൂക്ഷിക്കുന്നവരാണ് ആമിനയെന്ന് അയല്‍വാസികള്‍ പറയുന്നു. ഉമ്മയെ കുത്തിക്കൊല്ലാന്‍ മാത്രം മകന്‍ നൗഫലിനെ പ്രേരിപ്പിച്ചത് എന്താണെന്നത് ദുരൂഹമാണ്. മൂത്ത ജ്യേഷ്ഠന്‍ നവാസിനെയും ഭാര്യ അസ്മയെയും പിഞ്ചുമക്കളെയും മുറിയില്‍ പൂട്ടിയിട്ട ശേഷമാണ് നൗഫല്‍ ഉമ്മയെ കുത്തിവീഴ്ത്തിയത്. മുറിക്കുള്ളില്‍ കുടുങ്ങിയ നവാസിന് ഉമ്മയുടെ നിലവിളി കേട്ടുനില്‍ക്കാന്‍ മാത്രമേ കഴിഞ്ഞുള്ളൂ. വീടിനുള്ളില്‍ ഉമ്മയ്ക്ക് എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ കഴിയാതെ മുറിക്കുള്ളില്‍ വിഷമിച്ച നവാസ് ഒടുവില്‍ ഉച്ചത്തില്‍ നിലവിളിച്ച് ആളെക്കൂട്ടുകയായിരുന്നു. ഓടിയെത്തിയവരുടെ സഹായത്തോടെ മുറിക്ക് പുറത്തെത്തിയ നവാസിനും കുടുംബത്തിനും ചോരയില്‍ കുളിച്ചുകിടക്കുന്ന ഉമ്മയെയാണ് കാണാന്‍ കഴിഞ്ഞത്. നാലുമാസം മാത്രം കുവൈത്തില്‍ ജോലി നോക്കിയ നൗഫല്‍ ഗള്‍ഫ് മതിയാക്കി അടുത്തിടെ നാട്ടിലെത്തുകയായിരുന്നു് നാട്ടില്‍ ഗുഡ്സ് ഓട്ടോ ഡ്രൈവറായും മറ്റ് ജോലികളും ചെയ്തുവരുകയായിരുന്നു. ഇതിനിടെ നൗഫലിന്‍െറ വിവാഹം ഉറപ്പിക്കുകയും ചെയ്തു. എല്ലാവരുമായും നല്ല അടുപ്പം പുലര്‍ത്തിയ നൗഫല്‍ കഴിഞ്ഞദിവസങ്ങളില്‍ വീട്ടിലും പിതൃസഹോദരന്‍െറ വീട്ടിലും നടന്ന നോമ്പുതുറ ചടങ്ങിന് സജീവമായി പങ്കെടുത്തതായി പറയുന്നു. മൃതദേഹം കോഴിക്കോട് മെഡി. കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ഭര്‍തൃസഹോദരന്‍ മണപ്പുറത്ത് കുഞ്ഞബ്ദുല്ല ഹാജിയുടെ വീട്ടില്‍ പൊതുദര്‍ശനത്തിനുവെച്ചു. മയ്യിത്ത് നമസ്കാരത്തിന് ഖാദി ഇ.കെ. അബൂബക്കര്‍ ഹാജി നേതൃത്വം നല്‍കി. തുറയൂര്‍ ചരിച്ചില്‍പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കി. വീടിന് പൊലീസ് കാവലേര്‍പ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.