‘ഇറാഖില്‍ ബാക്കിയുള്ളവരെയും മലയാളി വ്യവസായി രക്ഷിക്കട്ടെ’

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി എയ൪ കവറുള്ള യുദ്ധക്കപ്പൽ അയച്ചാണ് ഇറാഖിലെ തിക്രീത്തിൽ കുടുങ്ങിയ മലയാളി നഴ്സുമാരെ രക്ഷിച്ചതെന്ന സുബ്രഹ്മണ്യം സ്വാമിയുടെ അവകാശവാദത്തെ മുൻ കേന്ദ്രമന്ത്രി കെ.സി. വേണുഗോപാൽ കണക്കിന് പരിഹസിച്ചു. അതേ നാണയത്തിൽ തിരിച്ചടിച്ച കേന്ദ്ര വിദേശമന്ത്രി സുഷമ സ്വരാജ് നഴ്സുമാരെ രക്ഷിച്ചത് മലയാളി വ്യവസായിയാണെന്ന അവകാശവാദത്തെയും കളിയാക്കി.  
ഇറാഖിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ രക്ഷിക്കുന്നത് സംബന്ധിച്ച് ലോക്സഭയിൽ ശ്രദ്ധ ക്ഷണിക്കൽ പ്രമേയം വന്നപ്പോഴാണ് മലയാളി നഴ്സുമാരെ രക്ഷിച്ചതുമായി ബന്ധപ്പെട്ടുയ൪ന്ന അവകാശവാദങ്ങളെ കെ.സി. വേണുഗോപാലും സുഷമ സ്വരാജും  പരസ്പരം പരിഹസിച്ചത്. ശ്രദ്ധക്ഷണിക്കൽ പ്രമേയം അവതരിപ്പിച്ച കെ.സി. വേണുഗോപാൽ എയ൪ കവറുള്ള യുദ്ധക്കപ്പൽ അയച്ച് നരേന്ദ്ര മോദിയാണ് മലയാളി നഴ്സുമാരെ തിക്രീത്തിൽനിന്ന് രക്ഷിച്ചത് എന്ന് മോദിയുടെ അടുത്തയാളായ സുബ്രഹ്മണ്യം സ്വാമി ട്വിറ്ററിൽ കുറിച്ച കാര്യവും സഭയുടെ ശ്രദ്ധയിൽപ്പെടുത്തി. മോദി അയച്ച യുദ്ധക്കപ്പൽ അവിടെയുണ്ടായിരിക്കെ 40 ദിവസത്തിലേറെ ബന്ദികളായി കഴിയുന്ന പഞ്ചാബികളെയും അതേ രീതിയിൽ രക്ഷിക്കാമായിരുന്നില്ളേ എന്ന് വേണുഗോപാൽ പരിഹാസത്തോടെ ചോദിച്ചു.
 മോദിക്കുള്ള പരിഹാസം അവിടെക്കിടക്കട്ടെ എന്ന നിലയിലായിരുന്നു സുഷമയുടെ നിലപാട്. മോദിയോടുള്ള പരിഹാസത്തിന് മറുപടി പറയാൻ തയാറാകാതിരുന്ന സുഷമ ജനതാദൾ യു നേതാവ് കെ.സി. ത്യാഗി രാജ്യസഭയിൽ നടത്തിയ പരാമ൪ശത്തിൽ പിടിച്ച് മലയാളി വ്യവസായിക്കു നേരെ തിരിയുകയായിരുന്നു. തിക്രീത്തിൽനിന്ന് നഴ്സുമാരെ രക്ഷിച്ചുകൊണ്ടുവന്നത് ഒരു മലയാളി വ്യവസായി ആണെന്ന് കഴിഞ്ഞ ദിവസം രാജ്യസഭയിൽ ഒരംഗം പറഞ്ഞുകേട്ടുവെന്ന് സുഷമ പറഞ്ഞു. ഇത്രയും പേരെ രക്ഷിച്ച ഈ മലയാളി വ്യവസായി ഇറാഖിൽ കുടുങ്ങിക്കിടക്കുന്ന അവശേഷിക്കുന്നവരെ കൂടി രക്ഷിക്കട്ടെ എന്ന് സുഷമ കളിയാക്കി.  ഇറാഖിൽ കുടുങ്ങിയവരെ രക്ഷിച്ച രീതിയോ ഇനി രക്ഷിക്കാൻ പോകുന്ന രീതിയോ വെളിപ്പെടുത്തില്ളെന്നും സുഷമ വേണുഗോപാലിനെ ഓ൪മിപ്പിച്ചു. ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാൻ എന്ത് പദ്ധതിയാണ് തയാറാക്കിയിരിക്കുന്നതെന്ന വേണുഗോപാലിൻെറ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അവ൪. പല കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് വളരെ രഹസ്യസ്വഭാത്തോടുകൂടിയാണ് ഇന്ത്യക്കാരെ തിരിച്ചത്തെിക്കാനുള്ള പദ്ധതികൾ സ൪ക്കാ൪ തയാറാക്കുന്നതെന്ന് സുഷമ പറഞ്ഞു. അത് രഹസ്യമായിത്തന്നെ സൂക്ഷിക്കും. പദ്ധതി പരസ്യപ്പെടുത്തി ഇറാഖിൽ കുടുങ്ങിയവരെ രക്ഷിക്കാനുള്ള വഴിയടക്കുകയാണോ വേണ്ടതെന്നും സുഷമ ചോദിച്ചു. സ൪ക്കാ൪ കണക്കുപ്രകാരം ഇറാഖിൽ ഇപ്പോൾ 22,000 ഇന്ത്യക്കാരുണ്ടെന്ന് അവ൪  തുട൪ന്നു. ബഗ്ദാദിൽ 500, നജഫിൽ 2300, ക൪ബലയിൽ 1000, ബസറയിൽ 3000, കു൪ദിസ്ഥാനിൽ 15,000 മറ്റു നഗരങ്ങളിൽ 200 എന്ന നിലയിലാണ് കണക്ക്.  ഈ മാസം 22വരെ 4000ത്തിലധികം ഇന്ത്യക്കാ൪ തിരിച്ചത്തെിയിട്ടുണ്ടെന്നും മറ്റുള്ളവരെ കൂടി കൊണ്ടുവരാനുള്ള ശ്രമം തുടരുകയാണെന്നും സുഷമ പറഞ്ഞു. തിരിച്ചത്തെിയ നഴ്സുമാരുടെ പുനരധിവാസം, അവരുടെ വിദ്യാഭ്യാസ വായ്പ എഴുതിത്തള്ളൽ എന്നീ വിഷയങ്ങൾ വേണുഗോപാലിനൊപ്പം എം.കെ. പ്രേമചന്ദ്രൻ എം.പിയും ഉന്നയിച്ചെങ്കിലും മറുപടി പറയാൻ സുഷമ തയാറായില്ല. നഴ്സുമാരെ തിരിച്ചത്തെിക്കുന്നതിൽ കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കേന്ദ്രവുമായി ചേ൪ന്ന് നടത്തിയ പ്രവ൪ത്തനത്തെ ശ്ളാഘിച്ച സുഷമ, കേന്ദ്ര സ൪ക്കാ൪ എടുത്ത നടപടിക്ക് കേരള നിയമസഭ നന്ദി പറഞ്ഞത് അപൂ൪വ സംഭവമാണെന്നും എടുത്തുപറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.