തൊഴില്‍ദായക പദ്ധതി വ്യാപിപ്പിക്കും

കല്‍പറ്റ: വ്യവസായ സംരംഭങ്ങള്‍ തുടങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് കൈത്താങ്ങായി പ്രധാനമന്ത്രിയുടെ തൊഴില്‍ദായക പദ്ധതിയുടെ (പി.എം.ഇ.ജി.പി) പ്രവര്‍ത്തനം ജില്ലയില്‍ വ്യാപിപ്പിക്കും. 25 ലക്ഷം രൂപ വരെയുള്ള പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്. കേന്ദ്ര പദ്ധതി സംസ്ഥാനത്തെ ഗ്രാമീണ മേഖലകളില്‍ നടപ്പാക്കുന്നത് ഖാദിഗ്രാമ വ്യവസായ കമീഷന്‍െറ നേതൃത്വത്തിലാണ്. 35 ശതമാനം വരെ സബ്സിഡി ലഭിക്കുമെന്നതാണ് ഈ പദ്ധതിയെ ആകര്‍ഷകമാക്കുന്നത്. ഉല്‍പന്ന നിര്‍മാണവുമായി ബന്ധപ്പെട്ട സംരംഭങ്ങള്‍ക്ക് 25 ലക്ഷം രൂപ വരെയും സേവന പ്രധാനവുമായി ബന്ധപ്പെട്ട സംരംഭങ്ങള്‍ക്ക് 10 ലക്ഷം രൂപ വരെയും ചെലവ് വരുന്ന പദ്ധതികള്‍ അംഗീകാരത്തിനായി സമര്‍പ്പിക്കാം. ജില്ലാ കലക്ടറുടെ അധ്യക്ഷതയിലുള്ള ടാസ്ക് ഫോഴ്സ് കമ്മിറ്റി കൂടിക്കാഴ്ച നടത്തിയാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത്. പദ്ധതിയുടെ സാങ്കേതികക്ഷമതയും സാമ്പത്തിക ഭദ്രതയും പരിഗണിച്ച് ബാങ്കുകള്‍ അംഗീകാരം നല്‍കും. അംഗീകാരം ലഭിക്കുന്ന പദ്ധതികളുടെ 95 ശതമാനം വരെ വായ്പയും അനുവദിക്കും. പി.എം.ഇ.ജി.പി യൂനിറ്റുകളുടെ ഉല്‍പന്നങ്ങള്‍ക്ക് മെച്ചപ്പെട്ട വിപണനം ലഭിക്കുന്നതിനായി പ്രദര്‍ശന വില്‍പനമേളകളും ഉല്‍പാദക ഉപഭോക്തൃ സംഗമങ്ങളും സംഘടിപ്പിക്കും. ഭക്ഷ്യസംസ്കരണം, വനവിഭവം, കടലാസ്-നാരുല്‍പന്നങ്ങള്‍, ധാതു രാസ വ്യവസായങ്ങള്‍, തുണിത്തരങ്ങള്‍ തുടങ്ങിയ വ്യവസായങ്ങള്‍ക്ക് പദ്ധതിയില്‍ അനുമതി നല്‍കും.പദ്ധതി സംബന്ധിച്ച ബോധവത്കരണ ക്ളാസ് വ്യാഴാഴ്ച രാവിലെ 10.30 മുതല്‍ കല്‍പറ്റ ടൗണ്‍ ഹാളില്‍ സെമിനാര്‍ സംഘടിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എന്‍.കെ. റഷീദ് ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍ അധ്യക്ഷത വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.