ജില്ലക്ക് തൊലിപ്പുറ ചികിത്സ മാത്രം

മലപ്പുറം: പ്ളസ് വണ്‍ സീറ്റ് ക്ഷാമം ഒഴിവാക്കാനായി സംസ്ഥാനത്ത് സര്‍ക്കാര്‍ കൈക്കൊള്ളുന്ന നടപടികളും ജില്ലയില്‍ കാര്യമായി ഏശില്ല. 20 ശതമാനം സീറ്റ് കൂട്ടിയതിന് പിന്നാലെ രണ്ട് സര്‍ക്കാര്‍ സ്കൂളുകളില്‍ പുതുതായി പ്ളസ് ടു അനുവദിച്ചിട്ടുണ്ട്. ഇതിന് പുറമെ 17 സ്കൂളുകള്‍ അപ്ഗ്രേഡ് ചെയ്യാനും 110 പുതിയ ബാച്ചുകള്‍ അനുവദിക്കാനും നീക്കമുണ്ടെങ്കിലും മുക്കാല്‍ ലക്ഷത്തോളം അപേക്ഷകരുള്ള ജില്ലയില്‍ തുടര്‍ന്നും പതിനായിരക്കണക്കിന് കുട്ടികള്‍ പുറത്താവും. അധിക ബാച്ചുകള്‍ സംബന്ധിച്ച് തിങ്കളാഴ്ചയാണ് അന്തിമ തീരുമാനമെടുക്കുക. ആദ്യ രണ്ട് ഘട്ട അലോട്ട്മെന്‍റ് കഴിഞ്ഞപ്പോള്‍ 8,304 പ്ളസ് വണ്‍ സീറ്റുകളാണ് മലപ്പുറത്ത് ബാക്കിയുള്ളത്. 20 ശതമാനം സീറ്റ് വര്‍ധിപ്പിച്ചതിന് ശേഷമുള്ള കണക്കാണിത്. ഈ ഒഴിവിലേക്ക് ചൊവ്വാഴ്ച വൈകുന്നേരം വരെ സപ്ളിമെന്‍ററി അലോട്ട്മെന്‍റിനായി അപേക്ഷിക്കാം. എല്ലാ വിഷയങ്ങളിലും എ പ്ളസ് നേടിയിട്ടും മികച്ച സ്കൂളുകളില്‍ മാത്രം അപേക്ഷിച്ചതിനാല്‍ പ്രവേശം ലഭിക്കാതെ പുറത്തായവരടക്കം ഈ സൗകര്യം പ്രയോജനപ്പെടുത്തും. ഒഴിവുള്ളവയില്‍ അധികവും ഹ്യൂമാനിറ്റീസ് സീറ്റുകളാണ്. പഠന നിലവാരം കുറഞ്ഞ ഏതാനും സ്കൂളുകളില്‍ മാത്രമാണ് സയന്‍സ് സീറ്റ് ബാക്കിയുള്ളത്. ആകെ അപേക്ഷിച്ച 74,992 വിദ്യാര്‍ഥികളില്‍ 29,499 പേര്‍ക്ക് ഇതുവരെ പ്രവേശം ലഭിച്ചു. അപ്ഗ്രേഡ് ചെയ്യുന്ന 17 സ്കൂളുകളില്‍ രണ്ട് വീതവും, പുതിയ 110 ബാച്ചുകളും ലഭിച്ചാലും 8000ത്തോളം സീറ്റുകളുടെ വര്‍ധന മാത്രമേ ഉണ്ടാവാന്‍ സാധ്യതയുള്ളൂ. നിലവില്‍ ഒഴിവുള്ളവയും പുതുതായി വരുന്ന സീറ്റുകളും ചേര്‍ന്നാലും ഇനി പ്രവേശം കിട്ടുക 20,000ത്തില്‍ താഴെ കുട്ടികള്‍ക്ക് മാത്രം. ഇതിലധികം പേര്‍ പുറത്തുണ്ടാവും. അണ്‍ എയ്ഡഡ് സ്കൂളുകളെയും സമാന്തര സ്ഥാപനങ്ങളെയോ സമീപിക്കുകയാണ് ഇവരുടെ മുന്നിലുള്ള മാര്‍ഗം. വി.എച്ച്.എസ്.ഇ, പോളി ടെക്നിക്ക്, ഐ.ടി.ഐ എന്നിവയില്‍ സീറ്റ് കിട്ടാനില്ല. പ്ളസ് വണ്‍ കാര്യത്തില്‍ നടക്കുന്നത് തൊലിപ്പുറത്തെ ചികിത്സ മാത്രമാണ്. ഒരു ക്ളാസില്‍ 50ലധികം കുട്ടികള്‍ പാടില്ളെന്ന വിദഗ്ധ സമിതി ശിപാര്‍ശ അംഗീകരിച്ച്, എല്ലാ കൊല്ലവും പ്രവേശം തുടങ്ങിയാല്‍ പതിവുള്ള 20 ശതമാനം സീറ്റുവര്‍ധന ഇക്കൊല്ലം മുതല്‍ നടപ്പാക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ പ്രതിസന്ധി രൂക്ഷമായതോടെ തീരുമാനം പിന്‍വലിച്ചു. പുതിയ സ്കൂളുകളും ബാച്ചുകളും അനുവദിച്ചത് ചൂണ്ടിക്കാട്ടി അടുത്ത വര്‍ഷം 20 ശതമാനം സീറ്റുവര്‍ധന നടപ്പാക്കാന്‍ സാധ്യതയില്ല. ഇത് ജില്ലയിലെ കാര്യങ്ങള്‍ വീണ്ടും പഴയ പടിയാക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.