വിവരാവകാശത്തിന് നിഷേധാത്മക മറുപടി; ആശാന്‍ സ്മാരകത്തിനെതിരെ പരാതി

കഴക്കൂട്ടം: തോന്നക്കല്‍ കുമാരനാശാന്‍ സ്മാരകത്തില്‍ വിവരാവകാശ നിയമ പ്രകാരം നല്‍കിയ ചോദ്യങ്ങള്‍ക്ക് നിഷേധാത്മക മറുപടി നല്‍കിയെന്ന് പരാതി. നിരവധി ചോദ്യങ്ങള്‍ക്ക് അവ്യക്തമായും തെറ്റായുമാണ് മറുപടി നല്‍കിയത്. മിക്ക ചോദ്യങ്ങള്‍ക്കും മറുപടി നല്‍കിയിട്ടില്ല. സ്ഥാപനത്തിന്‍െറ വരവു ചെലവുകളെ കുറിച്ചുള്ളതുള്‍പ്പെടെ സാമ്പത്തികവുമായി ബന്ധപ്പെട്ട മിക്കചോദ്യങ്ങള്‍ക്കും മറുപടി നല്‍കിയിട്ടില്ല. സ്ഥാപനത്തിന്‍െറ ലെറ്റര്‍ ഹെഡില്‍ നല്‍കിയ മറുപടിയില്‍ വിവരം നല്‍കിയ പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഉദ്യോഗസ്ഥന്‍െറ പേരോ അപ്പലേറ്റ് അതോറിറ്റിയുടെ പേരോ രേഖപ്പെടുത്തിയിരുന്നില്ല. സ്മാരകത്തില്‍ ആവശ്യത്തിന് ജീവനക്കാരില്ലെന്നും ജോലിക്കൂടുതലുണ്ടെന്നും എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കാനാകില്ലെന്നുമുള്ള ആമുഖത്തോടെയാണ് മറുപടി നല്‍കിയിരിക്കുന്നത്. 29 ചോദ്യങ്ങളാണ് പെരുമാതുറ സ്വദേശി ആര്‍. നൗഷാദ് ആശാന്‍ സ്മാരകത്തിന് നല്‍കിയത്. താല്‍ക്കാലിക-സ്ഥിരം ജീവനക്കാരെത്ര എന്ന ചോദ്യത്തിന് മറുപടി നല്‍കിയില്ല. സര്‍ക്കാറില്‍ നിന്ന് കഴിഞ്ഞ വര്‍ഷങ്ങളില്‍ ലഭിച്ച ഗ്രാന്‍റിന്‍െറ വിശദവിവരം ആവശ്യപ്പെട്ടിരുന്നെങ്കിലും 15 ലക്ഷം രൂപയെന്ന മറുപടിയാണ് ലഭിച്ചത്. ശില്‍പനിര്‍മാണങ്ങള്‍ക്ക് ചെലവായ തുകയെത്ര എന്നും മുടങ്ങിക്കിടക്കുന്നതിന്‍െറ സാങ്കേതിക തടസ്സങ്ങളെക്കുറിച്ച് വിവരം ആവശ്യപ്പെട്ടെങ്കിലും ശില്‍പി കാനായി കുഞ്ഞിരാമന്‍ 10 ലക്ഷം രൂപ വാങ്ങിയെന്ന മറുപടിയിലൊതുങ്ങി. സ്മാരകത്തില്‍നടന്ന വിജിലന്‍സ് പരിശോധനയുടെ വിവരം തേടിയിരുന്നെങ്കിലും സ്വകാര്യവ്യക്ത നല്‍കിയ വ്യാജപരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് പരിശോധന നടത്തിയെന്നാണ് വിശദീകരണം. സ്മാരകത്തിന്‍െറ നിഷേധാത്മക സമീപനത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും വ്യക്തമായ മറുപടിക്കായി അപ്പലേറ്റ് അതോറിറ്റിക്ക് അപേക്ഷ നല്‍കിയതായും നൗഷാദ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.