കോഴിക്കോട്: മാനാഞ്ചിറ വെള്ളിമാട്കുന്ന് റോഡ് വികസന സ്പെഷല്‍ ഓഫിസറെ മാറ്റണമെന്ന് അഴിമതി വിരുദ്ധ ജനകീയ മുന്നണി. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരത്ത് നടന്ന യോഗത്തിലാണ് റോഡ് വികസനത്തിന് മേല്‍നോട്ടം വഹിക്കാന്‍ പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടിവ് എന്‍ജിനീയറും നഗരപാത വികസന പദ്ധതിയുടെ മുന്‍ കോഓഡിനേറ്ററുമായ സാബു കെ. ഫിലിപ്പിനെ സ്പെഷല്‍ ഓഫിസറായി നിശ്ചയിച്ചത്. എന്നാല്‍, റോഡ് വികസനത്തെ പലതരത്തിലും അട്ടിമറിക്കാന്‍ ശ്രമിച്ച അഴിമതി ആരോപണത്തിന് വിധേയനായ ഒരു ഉദ്യോഗസ്ഥനാണ് സാബു കെ. ഫിലിപ്. റോഡ് വികസനവുമായി ബന്ധപ്പെട്ട് വിജിലന്‍സ് കോടതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ കേസില്‍ അന്വേഷണം അന്തിമ ഘട്ടത്തിലാണ്. ഈ കേസിലെ ഒന്നാം പ്രതിയായ ഇയാള്‍ക്കെതിരെ അഴിമതി, പദവി ദുരുപയോഗം, ക്രിമിനല്‍ ഗൂഢാലോചന (120 ബി) എന്നീ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. റോഡ് വീതികൂട്ടി വികസിപ്പിക്കാനുള്ള പദ്ധതിക്കിടെ കിഴക്കെ നടക്കാവ് ജങ്ഷന് സമീപം സര്‍ക്കാര്‍ അംഗീകരിച്ചതില്‍ കൂടുതല്‍ സ്ഥലം റോഡിന്‍െറ ഒരു വശത്ത് അളന്നെടുത്ത് കല്ല് സ്ഥാപിച്ചു എന്നാണ് കേസ്. സ്വകാര്യ വ്യക്തിക്ക് കെട്ടിടം പണിയാന്‍ സൗകര്യത്തിനു വേണ്ടിയാണ് ഇത് ചെയ്തതെന്നാണ് ആരോപണം. 2008 ജൂണ്‍ 11നും 2009 മാര്‍ച്ച് 26നും ഇടയിലാണ് സംഭവം. ഈ ഉദ്യോഗസ്ഥനെ ഉടനെ മാറ്റി പകരം സത്യസന്ധനും കാര്യപ്രാപ്തിയുമുള്ള മറ്റൊരു ഉദ്യോഗസ്ഥനെ നിയമിക്കണമെന്ന് അഴിമതി വിരുദ്ധ ജനകീയ മുന്നണി ജനറല്‍ കണ്‍വീനര്‍ കെ.പി. വിജയകുമാര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.