ചെങ്ങന്നൂ൪: ഇറാഖിലെ സുലൈമാനിയിൽ ഹീരാ കമ്പനിയിൽ 17 മലയാളികൾ ഉടമയുടെ തടങ്കലിൽ കഴിയുന്നതായി സൂചന. ജൂൺ ഏഴിന് ആലുവയിലെ ട്രാവൽ ഏജൻസി വഴി ഇറാഖിലേക്ക് പോയവരെയാണ് കമ്പനി ഉടമ തടവിൽ വെച്ചിരിക്കുന്നത്. സംഘത്തോടൊപ്പം പോയ ചെന്നിത്തല-തൃപ്പെരുന്തുറ പടിഞ്ഞാറെ വഴി മുണ്ടുവേലിൽ വീട്ടിൽ പത്മാക്ഷിയുടെ മകൻ സജിയുടെ (40) ബന്ധുക്കൾക്കാണ് ഇവരുടെ ദുരവസ്ഥയെക്കുറിച്ച് വിവരം ലഭിച്ചത്. 60,000 രൂപ വീതം ഏജൻസിക്ക് നൽകിയാണ് ഇവരെല്ലാം ഇറാഖിൽ എത്തിയത്. എന്നാൽ, മൂന്നുദിവസം മാത്രമെ ശരിയായ രീതിയിൽ ജോലിചെയ്യാൻ കഴിഞ്ഞുള്ളു. അപ്പോഴേക്കും പോരാട്ടം ശക്തമായി. ആവശ്യമായ ഭക്ഷണമോ പുറത്തിറങ്ങാൻ സ്വാതന്ത്ര്യമോ ഇല്ലാതെ കഴിയുന്ന ഇവ൪ക്ക് ഇന്ത്യൻ എംബസി രണ്ടുദിവസത്തെ ഭക്ഷണം ഏ൪പ്പാടാക്കി. എന്നാൽ, പിന്നീട് ഒരു സഹായവും ലഭിച്ചിട്ടില്ല. നാട്ടിലേക്ക് തിരികെ പോകണമെന്ന് ഇവ൪ ആവശ്യപ്പെട്ടെങ്കിലും രണ്ടുലക്ഷം രൂപ നൽകിയാലേ പാസ്പോ൪ട്ട് ഉൾപ്പെടെ കൈവശം വെച്ചിരിക്കുന്ന രേഖകൾ നൽകൂവെന്ന് കമ്പനി ഉടമയായ അറബി ശാഠ്യംപിടിക്കുകയാണ്.
എടത്വ, ആലപ്പുഴ, ആലുവ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ളവരാണ് 17 പേരും. എങ്ങനെയെങ്കിലും പുറത്തിറങ്ങിയാൽ മറ്റുള്ളവ൪ പിടിച്ചുകൊണ്ടുപോയി അടിമപ്പണി ചെയ്യിക്കുമെന്ന് ഇവ൪ ഭയപ്പെടുന്നു. നി൪ധന ക൪ഷകതൊഴിലാളി കുടുംബത്തിലെ അംഗമാണ് സജി. മുണ്ടക്കയം സ്വദേശിനിയായ ഭാര്യ ബിന്ദുവും പ്ളസ്ടു വിദ്യാ൪ഥിയായ മൂത്തമകൻ സച്ചിനും അഞ്ചാംക്ളാസ് വിദ്യാ൪ഥിയായ സഞ്ജുവുമാണ് വീട്ടിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.