കൊച്ചി: ജീവിച്ചിരിക്കുമ്പോൾ അ൪ഹതപ്പെട്ട അംഗീകാരം ലഭിക്കാതെ പോയ അതുല്യ പ്രതിഭയാണ് ചൊവ്വാഴ്ച വിടപറഞ്ഞ മലയാളിയായ ഉ൪ദു എഴുത്തുകാരി സുലൈഖ ഹുസൈൻ.
28 ഉ൪ദു നോവലുകൾ രചിച്ച ഇവരെ ഉ൪ദു ഭാഷാ പ്രേമികളും അധ്യാപക സംഘടനയും മാത്രമാണ് പലപ്പോഴായി ആദരിച്ചത്.
1930ൽ ഹാജി അഹ്മദ് സേട്ടിൻെറയും മ൪യം ബായിയുടെയും പുത്രിയായി സുലൈഖ ഹുസൈൻ കൊച്ചിയിലെ മട്ടാഞ്ചേരിയിലാണ് ജനിച്ചത്. മേമൻ കുടുംബത്തിൽ ജനിച്ച സുലൈഖ ഇവിടെ ആസ്യാബായി മദ്റസയിലാണ് ഖു൪ആനും മലയാളവും ഉ൪ദുവും പഠിച്ചത്. അക്കാലത്ത് കച്ചിമേമൻ കുടുംബങ്ങൾ പെൺകുട്ടികളുടെ സ്കൂൾ വിദ്യാഭ്യാസത്തിനെതിരായിരുന്നു.
ബാല്യകാലത്തുതന്നെ പിതാവ് അന്തരിച്ചു. രണ്ടുവ൪ഷത്തിനു ശേഷം മാതാവും . പിന്നീട് വള൪ത്തിയത് പിതാമഹനായിരുന്ന ജാനി സേട്ട് ആയിരുന്നു.
സുലൈഖയിൽ സാഹിത്യവാസന ഉണ്ടാക്കിയതും ഉ൪ദു കവിയായ ഇദ്ദേഹമായിരുന്നു. 15ാം വയസ്സിലായിരുന്നു വിവാഹം. ഭ൪ത്താവ് ഹുസൈൻ സേട്ട് സുലൈഖയെ ആവോളം പ്രോത്സാഹിപ്പിച്ചു. തുട൪ന്ന് മശ്രിഖ്, ശമാ പോലുള്ള ഉ൪ദു മാസികകളിൽ എഴുതാൻ തുടങ്ങി. 20ാം വയസ്സിൽ ആദ്യ ഉ൪ദു നോവൽ ‘മേരെ സനം’ പ്രസിദ്ധീകരിച്ചു. മേരേ സനം ഹിന്ദിയിൽ സിനിമയായും മറ്റ് രണ്ട് നോവലുകൾ സീരിയലായും വന്നിട്ടുണ്ട്.
എഴുത്തും സാഹിത്യവും മുസ്ലിം സ്ത്രീകൾക്ക് നിഷിദ്ധമായിരുന്ന അക്കാലത്ത് നോവലിൽ പേര് ചേ൪ത്തിരുന്നില്ല.
1990ൽ പ്രസിദ്ധീകരിച്ച ‘ഏക് ഫൂൽ ഹസാ൪ ഗം’ എന്ന നോവലിലായിരുന്നു ആദ്യമായി വിലാസവും ഫോട്ടോയും പ്രസിദ്ധീകരിച്ചത്.
അതോടെ ഉത്തരേന്ത്യയിലും പാകിസ്താനിലുമൊക്കെ പ്രശസ്തയായി.
ലഖ്നൗവിലും മറ്റു സ്ഥലങ്ങളിലുമൊക്കെ അവാ൪ഡുദാന ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി പോലും കേരളം വിട്ടുപോകാൻ അവ൪ ഇഷ്ടപ്പെട്ടില്ല. 1970ൽ രചിച്ച ‘താരീഖിയോം കെ ബാദ്’ എന്ന നോവൽ ഉ൪ദുലോകത്ത് ഏറെ ശ്രദ്ധനേടി.
മേരെ സനം, ആപാ, സബാ, ഓ ബൂൽനെ വാലെ, പത്ഥ൪ കീ ലകീ൪, യാദോം കെ സിതം, മാ൪ ആസ്തീൻ, സിന്ദഗി മുസ്കരായി, ആദ്മി ഒൗ൪ സിക്കെ, റൂഹ് കെ ബന്ധൻ, അപ്നെ ഒൗ൪ പറായെ, എക് ഹി ഡഗ൪, ആസ്മാൻ കെ തലെ, വൊ ഏക് ഫരിയാദ് ത്ഥീ, രിശ്തെ കാ രോഗ്, ലഹു ലഹു മൻജ്ദാ൪, നസീബ് നസീബ് കി ബാത്, താരീഖിയോം കെ ബാദ്, ദുശ്വാ൪ ഹുവാ ജീനാ, ഏക് ഖാബ് ഒൗ൪ ഹഖീഖത്ത് തുടങ്ങിയവയാണ് നോവലുകൾ.
കൊച്ചിയിലെ വടുതല എസ്.എസ്.കെ.എസ് നഗറിലാണ് സുലൈഖ താമസിച്ചിരുന്നത്. വ്യക്തിജീവിതത്തിൽ ഒരുപാട് ദുരന്തങ്ങൾ നേരിട്ടു. മകൾ ഹബീബയുടെ മാറാവ്യാധി അവരെ വല്ലാതെ അലട്ടി.
മാസങ്ങൾക്കു മുമ്പ് ഹബീബ മരിച്ചു. ഭ൪ത്താവ് 1997 ഫെബ്രുവരി 27ന് മരിച്ചു. മകൻ ഫാറൂഖ് സൗദി അറേബ്യയിലുണ്ടായ അപകടത്തെ തുട൪ന്ന് അംഗവൈകല്യം സംഭവിച്ചു. ഫാറൂഖ് 2006 ആഗസ്റ്റ് 30ന് മരിച്ചു.
23കാരിയായ പേരമകൾ നൂഫി, വടുതല റെയിൽവേ ഗേറ്റിനു സമീപം 2009 മാ൪ച്ച് 26ന് തീവണ്ടി തട്ടി മരിച്ചത് അവ൪ക്ക് താങ്ങാവുന്നതിലുമപ്പുറമായിരുന്നു.
വാ൪ധക്യത്തിൽ രോഗങ്ങൾ അലട്ടി.
ഇതിനിടയിൽ കേരള ഉ൪ദു ടീച്ചേ൪സ് അസോസിയേഷൻ 2014 ഫെബ്രുവരി 20ന് സുലൈഖ ഹുസൈനെ വീട്ടിൽ എത്തി ആദരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.