പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ ഇ.സി.ജിയും സ്കാനിങ്ങും ഇല്ല; കുലുക്കമില്ലാതെ ജില്ലാ പഞ്ചായത്ത്

പെരിന്തല്‍മണ്ണ: ജില്ലാ ആശുപത്രിയാക്കി ഉയര്‍ത്തിയതിന് പിറകെ, പെരിന്തല്‍മണ്ണ ഗവ. ആശുപത്രിയില്‍ രോഗികള്‍ക്ക് ലഭിച്ചിരുന്ന സേവനങ്ങള്‍ ഒന്നൊന്നായി നഷ്ടപ്പെടുന്നു. നഗരസഭയില്‍നിന്ന് നടത്തിപ്പ് ഏറ്റെടുത്ത ഉടന്‍തന്നെ ജില്ലാ പഞ്ചായത്ത് ആശുപത്രിയെ തിരിഞ്ഞുനോക്കാതായതോടെ സാധാരണക്കാരായ രോഗികളുടെ ദുരിതം ഇരട്ടിച്ചിരിക്കുകയാണ്. ടെക്നീഷ്യന്‍ ഇല്ലാത്തതിനാല്‍ ആശുപത്രിയില്‍ ഇ.സി.ജി സൗകര്യം ഇല്ലാതായിട്ട് രണ്ടാഴ്ചയായി. ഡോക്ടര്‍ ഇല്ലാത്തതിനാല്‍ സ്കാനിങ് രണ്ട് മാസമായി നടക്കുന്നില്ല. ആര്‍.എസ്.ബി.വൈ പദ്ധതിയില്‍ നിയമിച്ചിരുന്ന ഇ.സി.ജി ടെക്നീഷ്യനെ മാറ്റിയതോടെയാണ് തസ്തികയില്‍ ആളില്ലാതെ ആയത്. സ്ഥിരം തസ്തിക ഇല്ലാത്തതിനാല്‍ മൂന്ന് മാസത്തേക്ക് താല്‍കാലിക അടിസ്ഥാനത്തിലാണ് ടെക്നീഷ്യന്‍ നിയമനം നടക്കാറ്. എന്നാല്‍, രണ്ടാഴ്ച മുമ്പ് അഭിമുഖം നടന്നെങ്കിലും നിയമനം നടന്നില്ല. സ്കാനിങ്ങിന് പുറമെ നിന്ന് ഡോക്ടറെ എത്തിക്കലായിരുന്നു പതിവ്. രണ്ടുമാസമായി ഈ ഡോക്ടര്‍ വരുന്നില്ല. പകരം ഡോക്ടറെ കണ്ടത്തൊന്‍ അധികൃതര്‍ ശ്രമിക്കുന്നുമില്ല. പുതിയ മെഷീന്‍ അടക്കം മൂന്ന് ഇ.സി.ജി മെഷീനുകളും അത്യാധുനിക സ്കാനിങ് സംവിധാനങ്ങളും ഉണ്ടായിട്ടും ആശുപത്രി അധികൃതരുടെ പിടിപ്പുകേട് മൂലം ജനത്തിന് നിസ്സാര ചെലവില്‍ ലഭിച്ചിരുന്ന സേവനം നിഷേധിക്കപ്പെടുകയാണ്. ആശുപത്രിക്ക് പുറത്തെ സ്വകാര്യ ലാബുകളാണ് ഇതിന്‍െറ നേട്ടം കൊയ്യുന്നത്. ആശുപത്രിയിലത്തെുന്നവരെ ഇ.സി.ജിക്കും സ്കാനിങ്ങിനും പുറത്തേക്ക് അയക്കുകയാണ്. ആശുപത്രിയിലെ ഇലക്ര്ട്രിക്കല്‍ ആന്‍ഡ് പ്ളംബിങ് ജോലിക്കും സ്ഥിരമായി ആളില്ല. നേരത്തെ താല്‍കാലിക അടിസ്ഥാനത്തില്‍ ഇലക്ര്ട്രീഷ്യന്‍ കം പ്ളംബറെ നിയമിച്ചിരുന്നു. ഇപ്പോള്‍ താല്‍കാലികമായി പോലും ആളില്ലാത്തതിനാല്‍ അറ്റകുറ്റപ്പണികള്‍ വേണ്ടി വരുമ്പോള്‍ പുറത്തുനിന്ന് വലിയ കൂലിക്ക് ആളെ വിളിക്കുകയാണ്. വൈദ്യുതി തകരാറാണെങ്കിലും വെള്ളത്തിന്‍െറ പ്രശ്നമാണെങ്കിലും ആളെ കിട്ടുംവരെ കാത്തിരിക്കേണ്ട സ്ഥിതിയാണ്. ഞായറാഴ്ച വൈകീട്ട് നാല് മണിക്കൂറോളം സ്ത്രീകളുടെ വാര്‍ഡില്‍ വെളിച്ചമുണ്ടായിരുന്നില്ല. ഇവിടേക്കുള്ള വൈദ്യുതി വിതരണ സംവിധാനത്തിലെ തകരാറായിരുന്നു കാരണം. ഒടുവില്‍ പുറത്തുനിന്ന് ആളെ കൊണ്ടുവന്നാണ് തകരാര്‍ പരിഹരിച്ചത്. സ്ത്രീകളുടെ വാര്‍ഡിലും മറ്റും രോഗിക്കൊപ്പം നില്‍ക്കുന്നവരല്ലാത്ത ആളുകള്‍ രാത്രി വരുന്നതായി പരാതിയുയര്‍ന്നിരുന്നു. അടുത്തിടെ ചില മോഷണശ്രമങ്ങളുമുണ്ടായി. ഈ സാഹചര്യം നിലനില്‍ക്കെയാണ് നാല് മണിക്കൂറോളം സ്ത്രീകളുടെ വാര്‍ഡില്‍ വെളിച്ചമില്ലാതായത്. താലൂക്ക് ആശുപത്രി ജില്ലാ ആശുപത്രിയാക്കി ഉയര്‍ത്തുന്നതോടെ ജനത്തിന് ലഭിക്കുന്ന സേവനങ്ങളില്‍ വര്‍ധന ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും നേരത്തെ ലഭിച്ചിരുന്ന സേവനങ്ങള്‍ പോലും ഇല്ലാതായിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.