മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കിടത്തിച്ചികിത്സ തുടങ്ങിയില്ല

മഞ്ചേരി: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കിടത്തിച്ചികിത്സക്ക് ഡോക്ടര്‍മാരില്ലാതെ അധികൃതര്‍ വിയര്‍ക്കുന്നു. താല്‍ക്കാലികാടിസ്ഥാനത്തില്‍ കിടത്തിച്ചികിത്സ തുടങ്ങാന്‍ പത്തുദിവസങ്ങളെങ്കിലും എടുക്കും. ജൂലൈ 14ന് തുടങ്ങാനാണ് ആലോചിച്ചിരുന്നത്. ഡോക്ടര്‍മാരുടെ കുറവു കാരണം നടന്നില്ല. വിവിധ ന്യൂനതകള്‍ കാരണം അംഗീകാരം റദ്ദാക്കിയ മഞ്ചേരി മെഡിക്കല്‍ കോളജില്‍ ഇപ്പോള്‍ താല്‍ക്കാലികാടിസ്ഥാനത്തിലാണ് അംഗീകാരം പുന$സ്ഥാപിക്കുന്നത്. മൂന്നു മാസത്തിന് ശേഷം മെഡിക്കല്‍ കൗണ്‍സിലിന്‍െറ പരിശോധനയുണ്ടാവും. മെഡിക്കല്‍ കോളജില്‍ അത്യാഹിത വിഭാഗത്തിനാണ് ഏറെ പ്രാധാന്യം. ഇതില്‍ സര്‍ജിക്കല്‍ സ്പെഷാലിറ്റി, മെഡിസിന്‍ സ്പെഷാലിറ്റി, ഗൈനക്കോളജി എന്നിങ്ങനെ മൂന്നു വിഭാഗങ്ങളെങ്കിലും വേണം. അതിനുപോലും ആളില്ല. ഇതിന് നിലവിലെ ജനറല്‍ ആശുപത്രിയുടെ അത്യാഹിത വിഭാഗം പ്രവര്‍ത്തിച്ചിരുന്ന സ്ഥലത്ത് താല്‍കാലിക ക്രമീകരണങ്ങള്‍ നടത്തി. സ്പെഷാലിറ്റി ഡോക്ടര്‍മാരുടെ കുറവുകാരണം ഒ.പിയില്‍ തന്നെ ജൂനിയര്‍ ഡോക്ടര്‍മാരാണ് പലപ്പോഴും രോഗികളെ നോക്കുന്നത്. 104 ഡോക്ടര്‍മാരുടെയും 55 സീനിയര്‍ റസിഡന്‍റ്സ്, ജൂനിയര്‍ റസിഡന്‍റ്സ് ഡോക്ടര്‍മാരുടെയും പട്ടിക എം.സി.ഐക്ക് നല്‍കിയതല്ലാതെ ഈ ഡോക്ടര്‍മാര്‍ മെഡിക്കല്‍ കോളജില്‍ നിലവിലില്ല. മഞ്ചേരി ജനറല്‍ ആശുപത്രിയിലെ അറുപതോളം ഡോക്ടര്‍മാരെയും മെഡിക്കല്‍ കോളജിന്‍െറ കണക്കില്‍പ്പെടുത്തിയിട്ടുണ്ട്. ജൂണ്‍ ആദ്യവാരത്തിലാണ് പത്ത് ഒ.പികള്‍ തുടങ്ങിയത്. മെഡിസിന്‍, സര്‍ജറി, ഗൈനക്, ശിശുരോഗം, ഇ.എന്‍.ടി, കണ്ണ്, അസ്ഥി, പല്ല് വിഭാഗം, തൊലി വിഭാഗം, റേഡിയോ ഡയഗ്നോസിസ് എന്നീ വിഭാഗങ്ങളാണ് തുടങ്ങിയത്. നിലവില്‍ ജനറല്‍ ആശുപത്രിയില്‍ ഒ.പി നടത്തുന്ന ഹാളുകളാണ് മെഡിക്കല്‍ കോളജിനുമുള്ളത്. ഇടുങ്ങിയ മുറികളാണ് ജനകീയ കൂട്ടായ്മയില്‍ നിര്‍മിച്ച അഞ്ചുനില ബ്ളോക്കിലുള്ളത്. മെഡിക്കല്‍ കോളജിന്‍െറ ഒ.പി നടത്താന്‍ രോഗിക്കും പരിശോധിക്കുന്ന ഡോക്ടര്‍ക്കും പുറമെ കുറഞ്ഞത് 20 വിദ്യാര്‍ഥികള്‍ക്കെങ്കിലും നില്‍ക്കാന്‍ വിസ്തൃതി വേണം. ഇത്തരം പത്ത് മുറികള്‍ കണ്ടത്തെണം. അറ്റകുറ്റപ്പണി നടത്തുന്ന പഴയ കെട്ടിടത്തിലാണ് വലിപ്പമുള്ള മുറികളുള്ളത്. ഇതിലെ പ്രവൃത്തി കഴിയാന്‍ ഒരുമാസം എടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.