മുട്ടില്‍ കോളജിലേക്ക് കെ.എസ്.യു മാര്‍ച്ച്; സംഘര്‍ഷാവസ്ഥ

മുട്ടില്‍: പ്ളസ്വണ്‍, ഡിഗ്രി പ്രവേശത്തിന് തലവരിപ്പണം ഈടാക്കുന്നുവെന്ന് ആരോപിച്ച് കെ.എസ്.യു തിങ്കളാഴ്ച ഡബ്ള്യു.എം.ഒ കോളജിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷാവസ്ഥ. മാനേജ്മെന്‍റ് സീറ്റുകളിലെ ലക്ഷങ്ങളുടെ കോഴക്കെതിരെ ജില്ലാ കമ്മിറ്റി നടത്തുന്ന സമരത്തിന്‍െറ ഭാഗമാണിത്. കോഴവാങ്ങുന്ന കാമ്പസുകളിലേക്ക് നടത്തുന്ന മാര്‍ച്ച് തുടരുമെന്ന് നേതാക്കള്‍ അറിയിച്ചു. നേരത്തേ സെന്‍റ് മേരീസ് കോളജ് ബത്തേരി, പഴശ്ശിരാജ, എസ്.എന്‍.ഡി.പി കോളജ് പുല്‍പള്ളി എന്നീ കാമ്പസുകളിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. മുട്ടില്‍ കാമ്പസിലേക്ക് നടത്തിയ മാര്‍ച്ചില്‍ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. ചിലര്‍ക്ക് പരിക്കേറ്റു. മുട്ടില്‍ ടൗണില്‍ നിന്നാരംഭിച്ച മാര്‍ച്ച് പൊലീസ് കോളജ് ഗെയിറ്റില്‍ തടഞ്ഞു. തുടര്‍ന്ന് ഗെയിറ്റിന് മുന്നില്‍ പ്രവര്‍ത്തകര്‍ കുത്തിയിരിപ്പ് നടത്തി. കുറച്ചുനേരം പരിസരത്ത് സംഘര്‍ഷാവസ്ഥയുണ്ടായി. ചിലര്‍ കോളജിലേക്ക് കല്ളെറിഞ്ഞു. യോഗത്തില്‍ അരുദേവ് അധ്യക്ഷത വഹിച്ചു. കെ.എസ്.യു ജില്ലാ പ്രസിഡന്‍റ് ജഷീര്‍ പള്ളിവയല്‍ ഉദ്ഘാടനം ചെയ്തു. പ്രസ്തുത കോളജുകളില്‍ അഡ്മിഷന്‍ തടയുന്നതടക്കമുള്ള പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് ജഷീര്‍ പറഞ്ഞു. മുഹമ്മദ് അജ്മല്‍, ശ്രീജിത്ത് കുപ്പാടിത്തറ, അഫ്സല്‍ ചീരാല്‍, ശശി പന്നികുഴി, റെജീഷ് മുട്ടില്‍, അമല്‍ ജോയ്, മുനീര്‍ പൊഴുതന, അനസ് മരക്കാര്‍, അജയ് പാറപുരം, അഭിന്‍ മീനങ്ങാടി, പ്രിന്‍സ് ബത്തേരി, ലിജോ ജോസ്, സജിത്ത് മീനങ്ങാടി, കെ. അനൂപ്, ആല്‍വിന്‍, സചിന്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.