കല്‍പറ്റ: കപ്പിനും ചുണ്ടിനുമിടയില്‍ അര്‍ജന്‍റീന ഇടറിവീണതോടെ ആരാധകര്‍ നിരാശയുടെ നടുക്കയത്തില്‍. ലയണല്‍ മെസ്സിയും കൂട്ടരും ലോക ഫുട്ബാളിന്‍െറ നെറുകയിലേറുന്നതു കാണാന്‍ കാത്തിരുന്ന വയനാട്ടിലെ അര്‍ജന്‍റീന ഫാന്‍സിന് ഈ തോല്‍വി സമ്മാനിച്ചത് കനത്ത തിരിച്ചടിയാണ്. കനത്തുപെയ്യുന്ന മഴക്കിടയിലും പാതിരാത്രിയില്‍ ഉറക്കമൊഴിച്ച് ടെലിവിഷനും ബിഗ്സ്ക്രീനുകള്‍ക്കും മുന്നില്‍ കുത്തിയിരുന്ന ആരാധക കൂട്ടത്തിന്‍െറ ഹൃദയം പിളര്‍ന്നാണ് ലോകകപ്പ് ഫൈനലിന്‍െറ എക്സ്ട്രാ ടൈം തീരാന്‍ ഏഴുമിനിറ്റ് മാത്രമിരിക്കെ മാരിയോ ഗോറ്റ്സെ ഗോളടിച്ചത്. ആഞ്ഞുകളിച്ചിട്ടും ജയിക്കാന്‍ കഴിയാതിരുന്നതാണ് ആരാധകരുടെ നിരാശ വര്‍ധിപ്പിക്കുന്നത്. മത്സരത്തില്‍ ഉറച്ച ഗോളവസരങ്ങള്‍ പലതും നഷ്ടപ്പെടുത്തിയതും നിരാശയുടെ ആഴമേറ്റുന്നു. 28 വര്‍ഷങ്ങള്‍ക്കുശേഷം അര്‍ജന്‍റീന ലോകത്തിന്‍െറ നെറുകയിലേറുമെന്ന് ഉറച്ചുവിശ്വസിച്ചിരുന്ന ആരാധകര്‍ ആഘോഷങ്ങള്‍ക്ക് ഒരുക്കം കൂട്ടി കാത്തിരിക്കുമ്പോഴാണ് ഗോറ്റ്സെയുടെ ബൂട്ടില്‍നിന്ന് ഇടിത്തീ വീണത്. തിരിച്ചടിക്കാന്‍ സമയമില്ലാതിരുന്ന നേരത്ത് ഗോള്‍വീണതോടെ ആരാധകര്‍ പ്രതീക്ഷ കൈവിട്ടിരുന്നു. ‘അത്രനേരം ജര്‍മനിക്ക് പഴുതുനല്‍കാതെ പിടിച്ചുനിന്ന ഡിഫന്‍സ് അഞ്ചുമിനിറ്റുകൂടി ഉറച്ചുനിന്നിരുന്നെങ്കില്‍’ -അര്‍ജന്‍റീനയുടെ കടുത്ത ആരാധകനായ പരിയാരത്തെ നാഷിബിന് സങ്കടം അടക്കാനാവുന്നില്ല. തുടക്കത്തില്‍ ടീമില്‍ ഏറെ പ്രതീക്ഷകളൊന്നുമില്ലാതിരുന്നെങ്കിലും ഓരോ മത്സരങ്ങളിലും ടീം മെച്ചപ്പെട്ടുവരുന്നതുകണ്ട അര്‍ജന്‍റീന ആരാധകരില്‍ പതിയെ കിരീടസ്വപ്നം വേരൂന്നുകയായിരുന്നു. എന്നാല്‍, പൊരുതിക്കളിച്ചിട്ടും ഞൊടിയിടയില്‍ അതെല്ലാം തകര്‍ന്നു തരിപ്പണമായി. എന്നാല്‍, അര്‍ജന്‍റീന കിരീടത്തിലത്തൊതെ പോയത് മറ്റു ടീമിന്‍െറ ആരാധകര്‍ക്കെല്ലാം ആഘോഷമായി. സെമിയിലും ലൂസേഴ്സ് ഫൈനലിലുമായി 10 ഗോള്‍ വഴങ്ങി ആകെ മനം മടുത്തിരിക്കുന്ന ബ്രസീല്‍ ആരാധകര്‍ക്കാണ് ജര്‍മനിയുടെ കിരീടധാരണം ഏറെ ആശ്വാസമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.