കോഴിക്കോട്: നഗരസഭയിലെ കുടുംബശ്രീ സംരംഭങ്ങള്‍ക്കെതിരെ യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ പ്രഖ്യാപിച്ച ധര്‍ണ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് മേയര്‍ പ്രഫ. എ.കെ. പ്രേമജം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ജൂലൈ നാലിന്‍െറ കൗണ്‍സില്‍ യോഗത്തില്‍ കുടുംബശ്രീയുടെ ഇ-ഷോപ് പദ്ധതിക്കെതിരെയും ഓഫിസിലത്തെുന്ന പൊതുജനങ്ങള്‍ക്കായി കിയോസ്ക് സ്ഥാപിച്ചതിനെതിരെയും യു.ഡി.എഫ് തെറ്റായ പ്രചാരണം നടത്തി. തൊട്ടടുത്ത ദിവസം വാര്‍ത്താസമ്മേളനം നടത്തി അഴിമതി ആരോപണം ഉന്നയിച്ചതും കൗണ്‍സിലിനെ പൊതുജനമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്തുന്നതിനാണ്. ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിച്ച് നഗരസഭയുടെ കുടുംബശ്രീ സംവിധാനത്തെ തകര്‍ക്കുന്ന യു.ഡി.എഫ് സമീപനത്തെ ചെറുക്കും. 2013-14ലെ ബജറ്റില്‍ പറഞ്ഞതിന്‍െറ അടിസ്ഥാനത്തില്‍ ആരംഭിച്ച ഇ-ഷോപ് പദ്ധതി ജനകീയാസൂത്രണ പദ്ധതിയില്‍ ദാരിദ്ര്യ ലഘൂകരണ കര്‍മസമിതി പ്രോജക്ട് തയാറാക്കി കൗണ്‍സിലും ജില്ലാ ആസൂത്രണസമിതിയും അംഗീകരിച്ച ശേഷമാണ് നടപ്പാക്കുന്നത്. ഇതിനായി കുടുംബശ്രീ മിഷന്‍െറ ഭാഗമായുള്ള എസ്.ജി.എസ്.ആര്‍.വൈയുടെ മാര്‍ഗരേഖയുമുണ്ട്. ഇതനുസരിച്ച് ബാങ്ക് ലോണുമായി ബന്ധപ്പെടുത്തിയേ പദ്ധതി നടപ്പാക്കാനാവൂ. കോര്‍പറേഷന്‍ സ്ഥാപിച്ച ഇ-ടോയ്ലറ്റിന്‍െറ ചുമതലകൂടി കുടുംബശ്രീയെ ഏല്‍പിക്കുന്നതിനാണ് ഇ-ടോയ്ലറ്റ് പരിസരത്ത് ഇ-ഷോപ്പും തുടങ്ങിയത്. സര്‍ക്കാര്‍ ഫണ്ടുപയോഗിച്ചും എം.പി-എം.എല്‍.എ ഫണ്ടുകള്‍ ഉപയോഗിച്ചും ഇ-ടോയ്ലറ്റ് നിര്‍മിച്ച ഏജന്‍സിയായ ഇറാം-സയന്‍റിഫിക് സൊലൂഷനാണ് ഇ-ഷോപ് നിര്‍മിച്ചത്. ഇവരെ ഇതിന് ചുമതലപ്പെടുത്താന്‍ നിര്‍വഹണ ഉദ്യോഗസ്ഥനായ കുടുംബശ്രീ പ്രോജക്ട് ഓഫിസറുടെ ശിപാര്‍ശ ക്ഷേമകാര്യ സമിതി കൗണ്‍സിലിലേക്ക് ശിപാര്‍ശ ചെയ്യുകയും 2013 ഒക്ടോബര്‍ 26ന് ചേര്‍ന്ന കൗണ്‍സില്‍ ഏകകണ്ഠമായി അംഗീകരിക്കുകയും ചെയ്തതാണ്. തുടര്‍ന്ന് സി.ഡി.എസ് നിര്‍ദേശിച്ച ഗുണഭോക്താക്കളെ വാര്‍ഡ്സഭ അംഗീകരിച്ചു. ബന്ധപ്പെട്ട കൗണ്‍സിലര്‍മാരും ഇവരെ അംഗീകരിക്കണമെന്ന് കത്ത് നല്‍കിയ ശേഷമാണ് ഫെബ്രുവരി 28ന് ചേര്‍ന്ന കൗണ്‍സില്‍ ഇതിന് അംഗീകാരം നല്‍കിയത്. 11 യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ കത്ത് നല്‍കിയിട്ടുണ്ട്. എന്നിട്ടും തങ്ങള്‍ക്കൊന്നുമറിയില്ളെന്ന് പ്രചരിപ്പിച്ച് അവര്‍ ജനത്തെ തെറ്റിദ്ധരിപ്പിക്കുകയാണ്. നഗരസഭയില്‍ ചെറിയ ചാര്‍ജ് ഈടാക്കി അപേക്ഷകള്‍ പൂരിപ്പിക്കുന്നതിനുള്ള കിയോസ്ക് ആരംഭിച്ചത് ജനനന്മയെ കരുതിയാണെന്നും മേയര്‍ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.