യാത്രക്കാരെ കുളിപ്പിക്കാന്‍ മോഡല്‍ സ്കൂള്‍ സ്റ്റോപ്പില്‍ മലിനജല തടാകം

കോഴിക്കോട്: യാത്രക്കാരെ മലിനജലത്തില്‍ കുളിപ്പിക്കാന്‍ മോഡല്‍ സ്കൂള്‍ ബസ്സ്റ്റോപ്പിന് മുന്നിലെ വളവിന് സമീപം ചളിവെള്ള തടാകം. വെള്ളപ്പൊക്ക ഭീഷണിയത്തെുടര്‍ന്ന് രണ്ടുവര്‍ഷം മുമ്പ് കരിങ്കല്‍ പാകി ഉയര്‍ത്തിയ ഈ റോഡില്‍ ഓടയുടെ അഭാവംമൂലം മഴവെള്ളം ഒഴിഞ്ഞുപോകാത്തതാണ് കാരണം. ടൗണ്‍ഹാള്‍ റോഡില്‍നിന്ന് ഹെഡ്പോസ്റ്റോഫിസിലേക്ക് കടക്കുന്ന വളവില്‍ ദേശീയപാതയുടെ മുക്കാല്‍ഭാഗവും ചളിവെള്ളം നിറഞ്ഞുകിടക്കുകയാണ്. വയനാട്-ബാലുശ്ശേരി-കണ്ണൂര്‍ ഭാഗങ്ങളിലേക്ക് പോകുന്ന സിറ്റി ബസുകള്‍ നിര്‍ത്തുന്ന ഇവിടെ അടുത്തടുത്തായി മൂന്ന് ബസ് കാത്തിരിപ്പുകേന്ദ്രങ്ങള്‍ ഉണ്ടെങ്കിലും ചളിവെള്ള ഭീഷണി ഭയന്ന് യാത്രക്കാര്‍ ഇവ ഒഴിവാക്കേണ്ട സ്ഥിതിയാണുള്ളത്. ഗവ. മോഡല്‍ സ്കൂള്‍, സെന്‍റ് ജോസഫ്സ് ബോയ്സ് സ്കൂള്‍, ഹിമായത്തുല്‍ സ്കൂള്‍, സെന്‍റ് ആഞ്ചലോസ് സ്കൂള്‍, ആംഗ്ളോ ഇന്ത്യന്‍ ഗേള്‍സ്, ഗുജറാത്തി സ്കൂള്‍ തുടങ്ങി നിരവധി സ്കൂളുകളിലെ വിദ്യാര്‍ഥികളടക്കം നൂറുകണക്കിന് യാത്രക്കാര്‍ ആശ്രയിക്കുന്ന സ്റ്റോപ്പാണിത്. ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ കയറിനിന്നാല്‍ ചളിവെള്ളത്തില്‍ കുളിക്കുമെന്നതിനാല്‍ മഴ നനഞ്ഞ് യാത്രക്കാര്‍ ഹെഡ്പോസ്റ്റ് ഓഫിസിന് മുന്നിലേക്ക് മാറിനില്‍ക്കേണ്ടിവരുന്നു. സ്റ്റോപ്പില്‍ ബസ് നിര്‍ത്തിയാല്‍ റോഡിലെ തടാകം നീന്തിയല്ലാതെ ഉള്ളില്‍ കടന്നുപറ്റാന്‍ കഴിയില്ല. വെള്ളക്കെട്ട് ഒഴിവാക്കി സിറ്റി ബസുകള്‍ നിര്‍ത്തിയിടുന്നത് തിരക്കുള്ള സമയങ്ങളില്‍ ഗതാഗത സ്തംഭനത്തിന് കാരണമാകുന്നു. വെള്ളം ഒഴിഞ്ഞുപോകാന്‍ റോഡരികില്‍ ചെറിയ കാന ഉണ്ടെങ്കിലും റോഡിന്‍െറ ഒരു ഭാഗത്തെ ഉയരക്കൂടുതല്‍ കാരണം മഴവെള്ളം അവിടത്തന്നെ കെട്ടിക്കിടക്കുകയാണ്. റെയില്‍വേ ലൈന്‍ ഭാഗത്തേക്ക് വെള്ളം ഒഴുക്കിവിട്ടാല്‍ പ്രശ്നപരിഹാരമാകുമെങ്കിലും ദേശീയപാത വിഭാഗം അതിന് തയാറാവുന്നില്ല. നഗരസഭക്കാവട്ടെ ഇത്തരം വിഷയങ്ങളില്‍ താല്‍പര്യവുമില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.