കെ.എസ്.ആര്‍.ടി.സി മിന്നല്‍ പണിമുടക്കിനു കാരണം പൊലീസിന്‍െറ വീഴ്ചയെന്ന് അന്വേഷണ റിപ്പോര്‍ട്ട്

കോഴിക്കോട്: ജൂലൈ ഏഴിന് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ ജില്ലയില്‍ ആറു മണിക്കൂറോളം മിന്നല്‍ പണിമുടക്ക് നടത്തിയത് പൊലീസിന്‍െറ വീഴ്ചമൂലമാണെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ട്രാഫിക് പൊലീസ് വിളിച്ചറിയിച്ചതനുസരിച്ച് സ്റ്റാന്‍ഡിലത്തെിയ കണ്‍ട്രോള്‍ റൂം എ.എസ്.ഐ കാര്‍ത്തിയേകന്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ പി.എ. ഷാജഹാനെ അകാരണമായും നിയമവിരുദ്ധമായും മര്‍ദിച്ചത് സര്‍ക്കാര്‍ ബസുകളുടെ മിന്നല്‍ പണിമുടക്കിലേക്ക് നയിച്ചതായി സ്പെഷല്‍ ബ്രാഞ്ച് അസി. കമീഷണര്‍ പി.സി. സജീവന്‍ സിറ്റി പൊലീസ് കമീഷണര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. തിങ്കളാഴ്ച വൈകീട്ടാണ് സിറ്റി പൊലീസ് കമീഷണര്‍ക്ക് റിപ്പോര്‍ട്ട് കൈമാറിയത്. ഇതിന്‍െറ അടിസ്ഥാനത്തില്‍ എ.എസ്.ഐ കാര്‍ത്തികേയനെതിരെ നടപടിയുണ്ടായേക്കും. പെറ്റിക്കേസ് ചുമത്തി രമ്യമായി പരിഹരിക്കാമായിരുന്ന പ്രശ്നം എ.എസ്.ഐയുടെ നേതൃത്വത്തില്‍ പൊലീസ് പരമാവധി വഷളാക്കിയതായി റിപ്പോര്‍ട്ടിലുണ്ട്. തിങ്കളാഴ്ച ഉച്ചക്ക് രണ്ടോടെ സ്റ്റാന്‍ഡിലത്തെിയ ആര്‍.എസ്.ഇ 621ാം നമ്പര്‍ പത്തനംതിട്ട-പാടിച്ചിറ കെ.എസ്.ആര്‍.ടി.സി ബസ് പാര്‍ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് പ്രശ്നത്തിലേക്ക് നയിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടത്തെി. കെ.എസ്.ആര്‍.ടി.സി ലൈനിനു മുന്നിലായി നിര്‍ത്തിയിട്ടിരുന്ന കോഴിക്കോട്-സുല്‍ത്താന്‍ ബത്തേരി ബസ് പുറപ്പെടാന്‍ തുടങ്ങുമ്പോഴാണ് പത്തനംതിട്ട ബസ് ഇതേ ട്രാക്കിലേക്ക് കയറ്റാന്‍ ശ്രമിച്ചത്. രണ്ട് ബസുകളും ‘V’ ആകൃതിയില്‍ നിര്‍ത്തിയിട്ടതോടെ പിന്നാലെ വന്ന സ്വകാര്യബസ് ജീവനക്കാര്‍ ബഹളംവെച്ചു. ഈ സമയം സ്റ്റാന്‍ഡില്‍ ഗതാഗതതടസ്സമുണ്ടായി. കെ.എസ്.ആര്‍.ടി.സിയെ പതിവായി എതിര്‍ക്കുന്ന ഒരുവിഭാഗം സംഘടിച്ച് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കെതിരെ തിരിഞ്ഞു. ട്രാഫിക് പൊലീസുകാരന്‍ ഇടപെട്ടിട്ടും ഗതാഗതതടസ്സം പരിഹരിക്കപ്പെട്ടില്ല. തുടര്‍ന്ന് പൊലീസുകാരന്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ടു. കണ്‍ട്രോള്‍ റൂം എ.എസ്.ഐ കാര്‍ത്തികേയന്‍െറ നേതൃത്വത്തില്‍ പൊലീസത്തെി. ഇവര്‍ ഗതാഗതതടസ്സം ഒഴിവാക്കുന്നതിനു പകരം ഡ്രൈവര്‍ പി.എ. ഷാജഹാനെ കസ്റ്റഡിയിലെടുത്തു. കോളറില്‍ പിടിച്ച് പൊലീസ് ജീപ്പിലേക്ക് കയറ്റുന്നതിനിടെ ഷാജഹാന് മര്‍ദനമേറ്റു. എ.എസ്.ഐ മര്‍ദിച്ചതായുള്ള ദൃക്സാക്ഷി മൊഴിയും റിപ്പോര്‍ട്ടില്‍ ചേര്‍ത്തിട്ടുണ്ട്. വയനാട്ടിലെ പൊതുപ്രവര്‍ത്തകനായ പി.കെ. രാധാകൃഷ്ണനാണ് മൊഴി നല്‍കിയത്. ബസില്‍ ടിക്കറ്റ് കൊടുക്കുകയായിരുന്ന താമരശ്ശേരി കെ.എസ്.ആര്‍.ടി.സി ബസിലെ കണ്ടക്ടര്‍ സജിയെ പൊലീസ് കസ്റ്റഡിയിലെടുത്തതും അമിതാവേശം മൂലമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കെ.എസ്.ആര്‍.ടി.സി ബസുകള്‍ മാര്‍ഗതടസ്സം ഉണ്ടാക്കിയതായി കണ്ടാല്‍, ബന്ധപ്പെട്ട ഡ്രൈവര്‍ക്കെതിരെ പെറ്റിക്കേസ് ചുമത്തി പ്രശ്നം തീര്‍ക്കാവുന്നതായിരുന്നു. ഈ നിസ്സാര കുറ്റത്തിന് രണ്ട് കെ.എസ്.ആര്‍.ടി.സി ജീവനക്കാരെ ബലമായി കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയത് ന്യായീകരിക്കാവുന്നതല്ല. സര്‍ക്കാറിന്‍െറ ഭാഗം കൂടിയായ കെ.എസ്.ആര്‍.ടി.സിയുടെ ജീവനക്കാരോട് പൊലീസ് അമിതാധികാരം പ്രയോഗിച്ചത് സംഭവം കൂടുതല്‍ വഷളാക്കിയതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ജൂലൈ ഏഴിന് ഉച്ചക്ക് രണ്ടിന് ആരംഭിച്ച കെ.എസ്.ആര്‍.ടി.സിയുടെ മിന്നല്‍ പണിമുടക്ക് സിറ്റി പൊലീസ് കമീഷണറുടെ സന്ദര്‍ഭോചിത ഇടപെടലിനെ തുടര്‍ന്ന് രാത്രി 7.15ഓടെ പിന്‍വലിക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത കെ.എസ്.ആര്‍.ടി.സി ജീവനക്കാരെ സന്ധ്യയോടെ നിരുപാധികം വിട്ടയക്കുകയും ചെയ്തിരുന്നു. മര്‍ദനമേറ്റ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ പി.എ. ഷാജഹാന്‍, ഇതേ ബസിലെ കണ്ടക്ടര്‍ സുനില്‍കുമാര്‍, മറ്റ് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍, മൊഫ്യൂസില്‍ സ്റ്റാന്‍ഡിലെ വ്യാപാരികള്‍, സ്വകാര്യ ബസ് ജീവനക്കാര്‍ തുടങ്ങി നിരവധി പേരില്‍നിന്ന് അസി. കമീഷണര്‍ മൊഴിയെടുത്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.