ദുബൈ: സെമിഫൈനലിൽ തങ്ങൾക്കേറ്റ കനത്ത തോൽവിയുടെ മുറിവിൽ മുളക്തേച്ച് ആഹ്ളാദിച്ച അ൪ജൻറീനയുടെ ലോകകപ്പ് കിരീട നഷ്ടം ‘ബ്രസീലുകാ൪’ ശരിക്കും ആഘോഷമാക്കി. ഏഴു ഗോളടിച്ച് തങ്ങളുടെ വഴി മുടക്കിയ ജ൪മനി കപ്പു നേടിയാലും കുഴപ്പമില്ല, പാരമ്പര്യ വൈരികളായ അ൪ജൻറീന തോറ്റല്ളോ എന്ന പഴയ അമ്മായിയമ്മ-മരുമകൾ നയതന്ത്രത്തിൻെറ വിളംബരമായിരുന്നു തിങ്കളാഴ്ച പുല൪ച്ചെ പ്രവാസിക്കൂട്ടങ്ങളിലും കണ്ടത്. അധിക സമയത്ത് അ൪ജൻറീനയുടെ വലയിൽ പന്തു കയറിയപ്പോൾ മഞ്ഞക്കുപ്പായക്കാ൪ക്ക് ലോകം കീഴടക്കിയ സന്തോഷമായിരുന്നു. അവസാന നിമിഷം വരെ മെസി മാജിക് രക്ഷിക്കുമെന്ന പ്രതീക്ഷയിൽ പ്രാ൪ഥനയോടെ കാത്തിരുന്ന അ൪ജൻറീന ആരാധക൪ക്ക് കുറേ നേരത്തേക്ക് മിണ്ടാട്ടമില്ലാതായി. പിന്നെ ടെലിവിഷനു മുമ്പിൽ നിന്ന് ഓരോരുത്തരായി പിൻവലിഞ്ഞു.
ജ൪മൻ ഗോൾ വീണതോടെ തന്നെ വാട്സ് ആപ്പും ഫേസ്ബുക്കും ഉൾപ്പെടെ സോഷ്യൽ മീഡിയയിലെ മലയാളി ലൈനുകളിൽ തിരക്കേറി. കഴിഞ്ഞദിവസം കിട്ടിയതിനെല്ലാം പലിശ സഹിതം തിരിച്ചുകൊടുക്കുന്ന തിരക്കിലായിരുന്നു ബ്രസീൽ ആരാധക൪. ഇതെല്ലാം കണ്ട് ന്യൂനപക്ഷമായ യഥാ൪ഥ ജ൪മൻ ആരാധകരും വിജയത്തിൻെറ ഇരട്ടി മധുരം ആഘോഷമാക്കി.
ലാറ്റിനമേരിക്കൻ മണ്ണിൽ നിന്ന് യുറോപ്പ് കപ്പ് കൊണ്ടുപോകുന്നതിൽ വിഷമമുണ്ടെങ്കിലും അ൪ജൻറീന ആരാധകരുടെ അഹങ്കാരവും ധാ൪ഷ്ട്യവും അസഹനീയമായതിനാലാണ് ജ൪മൻ വിജയം ആഘോഷിക്കുന്നത് എന്നായിരുന്നു ഒരു ബ്രസീൽ പക്ഷപാതിയുടെ ന്യായം. സെമിയിലെ ബ്രസീൽ തോൽവി അത്രക്കങ്ങാണ് അ൪ജൻറീന ആഘോഷമാക്കിയത്. ബ്രസീൽ മണ്ണിൽ കപ്പ് കൂടി അവ൪ നേടിയിരുന്നെങ്കിൽ അഹങ്കാരം ബു൪ജ് ഖലീഫ തൊടുമെന്ന് കണ്ട് ദൈവം തന്നെ ഇടപ്പെട്ടതാണെന്ന് മറ്റൊരു മഞ്ഞക്കിളി.
എന്നാൽ ഒരു ഗോളിനല്ളേ തോറ്റുള്ളൂവെന്നും ലയണൽ മെസ്സിക്ക് മികച്ച കളിക്കാരനുള്ള സുവ൪ണ പന്ത് ലഭിച്ചില്ളേ എന്നും പറഞ്ഞ് അ൪ജൻറീന ഫാൻസ് വാട്സ് ആപ്പിൽ പതുക്കെ തലപൊക്കിയെങ്കിലും മെസി ഉൾപ്പെടെയുള്ളവരെ മരത്തിൽ കെട്ടിത്തൂക്കിയും കളിക്കാരെ വാ൪ക്കപ്പണിക്കാരാക്കിയുമുള്ള പോസ്റ്റുകൾ ബ്രസീൽ ക്യാമ്പിൽ നിന്ന് വന്നതോടെ പിൻവാങ്ങേണ്ടിവന്നു. ‘അഹങ്കാരികളുടെ നാട്ടിൽ നിന്ന് തലയുയ൪ത്തി അ൪ജൻറീന നാട്ടിലേക്ക്’ എന്നായിരുന്നു ഒരു ‘അ൪ജൻറീനക്കാര'ൻെറ കുത്തുവാക്ക്. ഉടനെ വന്നു മറുപടി: ‘കൈകൊണ്ട് ഗോളടിച്ച് കപ്പ് നേടിയ ശേഷം ആദ്യ റൗണ്ടിൽ പുറത്താകൽ പതിവാക്കിയവ൪ക്ക് ഫൈനൽ പുതുമയാകാം..പാവങ്ങൾ...’
നേരം പുല൪ന്നതോടെ സമചിത്തത വീണ്ടെടുത്ത അ൪ജൻറീനക്കാ൪ തങ്ങളുടെ ടീമിനോടുള്ള സ്നേഹം വ്യക്തമാക്കി കൂടുതൽ പോസ്റ്റുകൾ പറത്തി. അതിലൊന്ന് ഇങ്ങനെ: ‘ സെബല്ലയുടെ കുട്ടികൾ കപ്പ് ഉയ൪ത്തുന്നത് കാണാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു. പറ്റാത്തതിൽ വേദനയുണ്ട്. പക്ഷെ നിരാശ തീരെയില്ല. കാരണം എതിരാളിയുടെ മികവിന് മുന്നിൽ നിങ്ങൾ കളി മറന്നുവെച്ചില്ല. അവരുടെ ആക്രമണങ്ങൾക്ക് മുന്നിൽ നിങ്ങൾ മുട്ടിടിച്ച് വീണില്ല. ഗോളുകൾ വാങ്ങിക്കൂട്ടിയില്ല. നിങ്ങൾ നെഞ്ചു വിരിച്ചുതന്നെ പൊരുതി. അവസാനം വരെ പൊരുതി. അത് മതി ഞങ്ങൾക്ക്’.
വേറൊരു നീലവരക്കുപ്പായക്കാരൻ ആശ്വാസം കൊള്ളുന്നത് ഇങ്ങനെ: ‘20 അല്ല 200 വ൪ഷം കപ്പടിക്കാതിരുന്നാലും നാലു അല്ല 40 ഗോളിന് തോറ്റാലും വിട്ടിട്ടുപോകാൻ മനസ്സു സമ്മതിക്കുന്നില്ല. കാരണം നമ്മൾ കപ്പ് കണ്ട് കൂടെ കൂടിയതല്ല. അ൪ജൻറീന എന്നാൽ വെറുമൊരു ടീമല്ല. പ്രണയത്തിനും സ്വപ്നത്തിനും മേലെയുള്ള ആവേശമാണ് മച്ചാനേ....’
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.