റോസിയുടെ പേരില്‍ അവാര്‍ഡ് ഏര്‍പ്പെടുത്താത്തത് സാംസ്കാരിക ഫാഷിസം –വെല്‍ഫെയര്‍ പാര്‍ട്ടി

തിരുവനന്തപുരം: മലയാളത്തിലെ ആദ്യ നായിക പി.കെ. റോസിയുടെ പേരില്‍ മികച്ച നടിക്കുള്ള അവാര്‍ഡ് ഏര്‍പ്പെടുത്താന്‍ വിസമ്മതിച്ച ചലച്ചിത്ര അക്കാദമിയുടെ നിലപാട് സാംസ്കാരിക ഫാഷിസമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കമല്‍ സംവിധാനം ചെയ്ത സെല്ലുലോയ്ഡിന്‍െറ പൂജാവേളയിലാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി റോസിയുടെ പേരില്‍ അവാര്‍ഡ് ഏര്‍പ്പെടുത്താമെന്ന് വാഗ്ദാനം ചെയ്തത്. പിന്നീട് പലതവണ അദ്ദേഹമിത് ആവര്‍ത്തിച്ചു. മുഖ്യമന്ത്രി നല്‍കിയ ഉറപ്പിനെ മറികടന്നുള്ള ചലച്ചിത്ര അക്കാദമിയുടെ തീരുമാനം പ്രതിഷേധാര്‍ഹമാണ്. അക്കാദമിയും സിനിമ-സാംസ്കാരിക ലോകവുമെല്ലാം അധീശമേലാള താല്‍പര്യത്തിന്‍െറ പിടിയിലാണെന്ന് ഈ തീരുമാനം വ്യക്തമാക്കുന്നു. വിഗതകുമാരന്‍ റിലീസ് ചെയ്തപ്പോള്‍ നായികയായ റോസിയെ അടിച്ചോടിച്ചതുപോലെ ഇപ്പോള്‍ അവരുടെ ഓര്‍മകള്‍പോലും ചരിത്രത്തില്‍നിന്ന് തുടച്ചുനീക്കാനുള്ള ശ്രമം തിരുത്തണം. അക്കാദമി ഇത്തരമൊരു തീരുമാനമെടുത്തതിന്‍െറ കാരണം മുഖ്യമന്ത്രി അന്വേഷിക്കണം. റോസിയെ അക്കാദമി അംഗീകരിക്കുന്നതുവരെ പാര്‍ട്ടി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കും. 14ന് അക്കാദമി ഓഫിസിന് മുന്നില്‍ ധര്‍ണ നടത്തും. വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികളായ കെ. അംബുജാക്ഷന്‍, ശ്രീജ നെയ്യാറ്റിന്‍കര, പ്രിയ സുനില്‍ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.