സാമൂഹിക സുരക്ഷാ മിഷനില്‍ അപേക്ഷകള്‍ കെട്ടിക്കിടക്കുന്നു

തിരുവനന്തപുരം: സാമൂഹിക സുരക്ഷാ മിഷനില്‍ സമര്‍പ്പിക്കുന്ന അപേക്ഷകള്‍ കെട്ടിക്കിടക്കുന്നതിനെ കുറിച്ച് അന്വേഷിച്ച് ആഗസ്റ്റ് നാലിനകം വിശദീകരണം സമര്‍പ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി സാമൂഹികനീതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. സംസാരശേഷിയും കാഴ്ചശക്തിയും ശാരീരിക വളര്‍ച്ചയുമില്ലാത്ത എസ്. ഗുരുലാല്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് നടപടി. രോഗാതുരരായവരെ പരിചരിക്കുന്നവര്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന സര്‍ക്കാര്‍ പദ്ധതിയായ ആശ്വാസകേരളത്തില്‍ തന്‍െറ മാതാവിന് സഹായം ലഭിക്കുന്നതിന് അപേക്ഷ നല്‍കിയെങ്കിലും മാസങ്ങള്‍ കഴിഞ്ഞിട്ടും നടപടി സ്വീകരിച്ചില്ളെന്നാണ് പരാതി. കമീഷന്‍ സാമൂഹികനീതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഐ.സി.ഡി.എസ് എന്നിവരില്‍നിന്ന് വിശദീകരണം തേടി. ഇത്തരം അപേക്ഷകള്‍ സാമൂഹിക സുരക്ഷാ മിഷന്‍ പരിശോധിച്ചശേഷം ധനസഹായം അപേക്ഷകരുടെ പോസ്റ്റ് ഓഫിസ് അക്കൗണ്ടില്‍ അടക്കുമെന്ന് ഐ.സി.ഡി.എസ് സമര്‍പ്പിച്ച വിശദീകരണത്തില്‍ പറയുന്നു. പരാതിക്കാരന്‍െറ മാതാവ് ലളിതാംബികയുടെ അപേക്ഷ 2014 ജനുവരി 16ന് മിഷനില്‍ ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍, 2013 സെപ്റ്റംബര്‍ വരെയുള്ള അപേക്ഷകര്‍ക്ക് മാത്രമേ ധനസഹായം നല്‍കിയിട്ടുള്ളൂവെന്നും വിശദീകരണത്തില്‍ പറയുന്നു. പാവപ്പെട്ടവരുടെ അപേക്ഷകള്‍ 2013 സെപ്റ്റംബര്‍ വരെ മാത്രമാണ് പരിഗണിച്ചതെന്ന് പറയുന്നത് തെറ്റാണെന്ന് ജസ്റ്റിസ് കോശി ഉത്തരവില്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് സാമൂഹിക സുരക്ഷാമിഷനും സാമൂഹികനീതി പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ആഗസ്റ്റ് നാലിനകം വിശദീകരണം സമര്‍പ്പിക്കണം. ഉത്തരവിന്‍െറ പകര്‍പ്പ് മുഖ്യമന്ത്രിയുടെയും സാമൂഹികനീതി മന്ത്രിയുടെയും ഓഫിസുകള്‍ക്ക് കൈമാറും. കേസ് ആഗസ്റ്റ് എട്ടിന് കമീഷന്‍ ആസ്ഥാനത്ത് പരിഗണിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.