ആജീവിക സ്കില്‍സ് പദ്ധതി തൊഴിലില്ലായ്മ പരിഹരിക്കും

പത്തനംതിട്ട: തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുള്ള ഏറ്റവും നല്ല പദ്ധതിയാണ് ആജീവിക സ്കില്‍സ് എന്ന് ജില്ലാ പഞ്ചായത്ത് ആക്ടിങ് പ്രസിഡന്‍റ് കെ.ജി. അനിത. ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍ (എന്‍.ആര്‍.എല്‍.എം) കുടുംബശ്രീ മുഖാന്തരം നടപ്പാക്കുന്ന ആജിവിക സ്കില്‍സ് പദ്ധതിയുടെ ഭാഗമായി ത്രിതല പഞ്ചായത്ത് പ്രസിഡന്‍റുമാര്‍, കുടുംബശ്രീ മെംബര്‍ സെക്രട്ടറിമാര്‍, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ എന്നിവര്‍ക്കായി സംഘടിപ്പിച്ച ശില്‍പശാല പത്തനംതിട്ടയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു. നിര്‍ധനരായ യുവതീ യുവാക്കളുടെ ഉയര്‍ച്ച ഉറപ്പാക്കുന്നതിലൂടെ ദാരിദ്ര്യ നിര്‍മാര്‍ജനം സാധ്യമാകും. കുടുംബശ്രീ നടപ്പാക്കിയ പദ്ധതികളെല്ലാം സമൂഹത്തിലെ അര്‍ഹരായവരിലത്തെിക്കുന്നതിന് സാധിച്ചിട്ടുണ്ട്. ആജീവിക സ്കില്‍സ് പദ്ധതി നടപ്പാക്കുമ്പോള്‍ ത്രിതല പഞ്ചായത്തുകളുടേയും മറ്റു സര്‍ക്കാര്‍ വകുപ്പുകളുടേയും സംയോജനവും സഹകരണവും ആവശ്യമാണ്. അടിസ്ഥാന വിവരശേഖരണവും തൊഴില്‍ പരിശീലനങ്ങളുമായും ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ത്രിതല പഞ്ചായത്തുകള്‍ കുടുംബശ്രീയോടൊപ്പം ആവശ്യമായ നേതൃത്വം നല്‍കണമെന്നും കെ.ജി. അനിത പറഞ്ഞു. കുടുംബശ്രീ വഴി നടപ്പാക്കുന്ന പദ്ധതികളില്‍ ഏറ്റവും നൂതനമാണ് ആജീവിക സ്കില്‍സ് പദ്ധതിയെന്ന് അധ്യക്ഷത വഹിച്ച കലക്ടര്‍ എസ്. ഹരികിഷോര്‍ പറഞ്ഞു. സുതാര്യമായും കാര്യക്ഷമമായും നടപ്പാക്കിയാല്‍ ഗ്രാമപ്രദേശങ്ങളിലെ യുവതീ യുവാക്കളുടെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് സാധിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്‍റ് അഡ്വ. പ്രതാപന്‍, ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ്സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്‍റ് അന്നപൂര്‍ണ്ണാദേവി, ബ്ളോക്, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോഓഡിനേറ്റര്‍ സാബിര്‍ ഹുസൈന്‍, അസിസ്റ്റന്‍റ് കോഓഡിനേറ്റര്‍ സുധീഷ് രവി തുടങ്ങിയവര്‍ സംസാരിച്ചു. ആജീവിക സ്കില്‍ സംസ്ഥാന കണ്‍സള്‍ട്ടന്‍റ് ദാസ് വിന്‍സന്‍റ് പദ്ധതി വിശദീകരിച്ചു. തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ ജില്ലാ എംപ്ളോയ്മെന്‍റ് ഓഫിസര്‍ എ.എം. നാസര്‍, ഗ്രാമവികസന വകുപ്പ് അസിസ്റ്റന്‍റ് ഡെവലപ്മെന്‍റ് കമീഷണര്‍ പി. സുരേന്ദ്രന്‍, ജില്ലാ വാണിജ്യ-വ്യവസായ ജനറല്‍ മാനേജര്‍ ആര്‍. രമേശ് ചന്ദ്രന്‍, ജിജോ കുരുവിള, എം.എസ്. രാജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.