റോഡരികിലെ കുടിവെള്ള പൈപ്പുകള്‍ ഭീഷണിയാകുന്നു

അടിമാലി: കുടിവെള്ള പദ്ധതിക്ക് റോഡരികില്‍ കൂട്ടിയിട്ടിരിക്കുന്ന കുടിവെള്ള പൈപ്പുകള്‍ വാഹന യാത്രക്ക് ഭീഷണി ഉയര്‍ത്തുന്നു. ദേശീയ ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതിക്ക് വേണ്ടിയുള്ള പൈപ്പുകളാണ് വ്യാപകമായി റോഡരികില്‍ കൂട്ടിയിരിക്കുന്നത്. അടിമാലി, കത്തിപ്പാറ, കല്ലാര്‍കുട്ടി, കമ്പിളികണ്ടം, പനംകൂട്ടി റോഡുകളിലാണ് പൈപ്പുകള്‍ കുന്നു കൂട്ടിയിട്ടുള്ളത്. ഓടകള്‍ക്ക് അടുത്ത് ഇവ അലക്ഷ്യമായി ഇട്ടിട്ടുള്ളത് അഴുക്കുവെള്ളം കെട്ടിക്കിടക്കാനും കാരണമാകുന്നു. 15 വര്‍ഷം മുമ്പാണ് പദ്ധതി ആരംഭിച്ചത്. കൊന്നത്തടി, വെള്ളത്തൂവല്‍ പഞ്ചായത്തുകളിലെ ഒരു ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് വെള്ളമത്തെിക്കുകയായിരുന്നു ലക്ഷ്യം. എല്ലക്കല്ലില്‍ വലിയ കുളവും നിരവധി സ്ഥലങ്ങളില്‍ കൂറ്റന്‍ ജല സംഭരണികളും നിര്‍മിച്ചിട്ട് വര്‍ഷങ്ങള്‍ പിന്നിടുന്നു. കുളവും സംഭരിണികളും ബന്ധിപ്പിക്കുന്നതിന് 2013 ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ റോഡുകള്‍ വെട്ടിപ്പൊളിച്ച് വലിയ കാസ്റ്റ് അയണ്‍ പൈപ്പുകള്‍ സ്ഥാപിച്ചിരുന്നു. ശേഷിക്കുന്ന പൈപ്പുകളാണ് പാതയോരങ്ങളില്‍ കിടക്കുന്നത്. മാസങ്ങള്‍ പിന്നിട്ട ശേഷവും ഇവ നീക്കം ചെയ്യുന്നതിന് അധികൃതര്‍ കൂട്ടാക്കുന്നില്ല. പലയിടങ്ങളിലും ടാറിങ് റോഡിലേക്ക് ഇറങ്ങിയാണ് പൈപ്പുകള്‍ കിടക്കുന്നത്. ഇത് പലപ്പോഴും വാഹനങ്ങള്‍ക്കും കാല്‍നടക്കാര്‍ക്കും ഭീഷണിയാവുകയാണ്. മഴവെള്ളത്തിന്‍െറ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെട്ടതിനാല്‍ റോഡിലൂടെ വെള്ളം പരന്ന് ഒഴുകുകയാണ്. ഇതുമൂലം റോഡില്‍ വന്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്. പദ്ധതിയുടെ പേരില്‍ വെട്ടിപ്പൊളിച്ച റോഡുകള്‍ മാസങ്ങള്‍ പിന്നിട്ടിട്ടും ഗതാഗത യോഗ്യമാക്കിയിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.