തിരുവനന്തപുരം: കേന്ദ്രബജറ്റിൽ കടുത്ത നിരാശക്കിടയിലും സംസ്ഥാനത്തിന് ആശ്വാസമായത് ഐ.ഐ.ടി മാത്രം. ഇക്കൊല്ലം ഉറപ്പിച്ചിരുന്ന എയിംസ് ലഭിച്ചില്ല. രാജ്യത്ത് പുതുതായി 16 തുറമുഖങ്ങൾക്ക് പച്ചക്കൊടി കാട്ടിയപ്പോൾ പതിറ്റാണ്ടുകളായി കേരളം ഉയ൪ത്തുന്ന വിഴിഞ്ഞത്തെ മറന്നു. സംസ്ഥാനം കേന്ദ്രത്തിന് നൽകിയ പദ്ധതികളും പരിഗണിക്കപ്പെട്ടിട്ടില്ല.
എന്നാൽ, യു.പി.എ സ൪ക്കാ൪ പല തവണ മോഹിപ്പിക്കുകയും നൽകാതിരിക്കുകയും ചെയ്ത ഐ.ഐ.ടി ലഭിച്ചുവെന്നത് ശ്രദ്ധേയമാണ്. കേരളത്തിൽനിന്നുള്ള കേന്ദ്രമന്ത്രി ഡോ. ശശിതരൂ൪ മാനവവിഭവശേഷി വകുപ്പിൻെറ ചുമതല വഹിച്ചിട്ടുകൂടി ഐ.ഐ.ടി സാധ്യമാക്കാൻ മുൻ സ൪ക്കാറിനായില്ല. സംസ്ഥാനത്തെ ഇടത്-യു.ഡി.എഫ് സ൪ക്കാറുകളും ഇതിനായി കടുത്ത സമ്മ൪ദം ചെലുത്തിയിരുന്നു. പ്രധാനമന്ത്രി അടക്കമുള്ളവ൪ നൽകിയ വാഗ്ദാനം ഓരോ ബജറ്റ് സമയത്തും തള്ളപ്പെടുകയായിരുന്നു. ഇപ്പോഴത്തെ രാഷ്ട്രീയ കാലാവസ്ഥയിൽ ഐ.ഐ.ടി കിട്ടുമെന്ന പ്രതീക്ഷ സംസ്ഥാനത്തിനില്ലായിരുന്നു. എന്നാൽ, അഞ്ച് പുതിയ ഐ.ഐ.ടികൾ നൽകിയപ്പോൾ അതിലൊന്ന് കേരളത്തിന് കിട്ടുകയായിരുന്നു.
ഓൾ ഇന്ത്യ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഇക്കുറി കേരളം ഏറെ പ്രതീക്ഷിച്ചതാണ്. കേന്ദ്ര ആരോഗ്യമന്ത്രിയാണ് എയിംസ് വാഗ്ദാനം ചെയ്തത്. ഇത് സംബന്ധിച്ച കത്ത് കേരളത്തിന് ലഭിക്കുകയും ചെയ്തു. എയിംസ് സ്ഥാപിക്കാൻ സ്ഥലം കണ്ടത്തൊനുള്ള ശ്രമം നടന്നു വരവെയാണ് അത് ബജറ്റിൽ ഇടം പിടിക്കാതെ പോയത്. എങ്കിലും വരുംവ൪ഷങ്ങളിൽ ഇത് കേരളത്തിന് ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. എയിംസ് കാമ്പസ് തങ്ങൾക്ക് ലഭിക്കാൻ എല്ലാ ജില്ലകളിൽനിന്ന് സംസ്ഥാന സ൪ക്കാറിൽ സമ്മ൪ദം വന്നു കഴിഞ്ഞിട്ടുണ്ട്.
പുതുതായി 16 തുറമുഖങ്ങൾക്ക് 11,000 കോടി നൽകിയിട്ടും കേരളത്തിൻെറ പ്രതീക്ഷയായ വിഴിഞ്ഞം അതിൽ ഉൾപ്പെട്ടില്ല. രാജ്യത്ത് ഏറ്റവും സാധ്യതയുള്ള അന്താരാഷ്ട്ര കണ്ടെയ്ന൪ ട്രാൻസ്ഷിപ്മെൻറ് ടെ൪മിനലാണ് വിഴിഞ്ഞത്ത് വിഭാവനം ചെയ്തിരിക്കുന്നത്. പുതിയ ടെൻഡ൪ നടപടി അന്തിമഘട്ടത്തിലത്തെി നിൽക്കുകയുമാണ്. നേരത്തേ കേന്ദ്രമന്ത്രിമാ൪ അടക്കം വിഴിഞ്ഞത്തത്തെി അതിൻെറ സാധ്യതകളെ പ്രകീ൪ത്തിച്ചു മടങ്ങിയിരുന്നു. നി൪മാണ ഘട്ടത്തിലേക്ക് സംസ്ഥാനം നീങ്ങവെയാണ് ബജറ്റിൽ അത് ഇടംപിടിക്കാതെ പോയത്.
കൊച്ചി മെട്രോക്ക് 462.17 കോടി നീക്കിവെച്ചത് അതിൻെറ നി൪മാണ പുരോഗതിക്ക് ഗുണകരമാകും. വി.എസ്.എസ്.സി, കൊച്ചി കപ്പൽനി൪മാണശാല, പോ൪ട്ട്ട്രസ്റ്റ്, റബ൪ ബോ൪ഡ്, കശുവണ്ടി-സമുദ്രോൽപന്ന കയറ്റുമതി മേഖലകൾ, കയ൪, സ്പൈസസ് ബോ൪ഡ് തുടങ്ങിയ കേന്ദ്ര സ്ഥാപനങ്ങൾക്കൊക്കെ പതിവുപോലെ വിഹിതമുണ്ട്. എന്നാൽ, കടുത്ത പ്രതിസന്ധി നേരിടുന്ന എഫ്.എ.സി.ടിയുടെ പുനരുദ്ധാരണ പാക്കേജ് അംഗീകരിക്കപ്പെട്ടിട്ടില്ല. സംസ്ഥാനം ഇതിനായി കടുത്ത സമ്മ൪ദം ഉയ൪ത്തിയിരുന്നു. അടച്ചുപൂട്ടലിൻെറ വക്കത്തുനിൽക്കുന്ന സ്ഥാപനത്തിന് ആകെ 42.66 കോടിയാണ് ബജറ്റിൽ അനുവദിച്ചിരിക്കുന്നത്. കടലാക്രമണം നേരിടാൻ പ്രത്യേക പദ്ധതി കേരളം ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിച്ചവയുടെ കൂട്ടത്തിലില്ല. കൂടുതൽ കടൽ തീരമുള്ള സംസ്ഥാനമെന്ന നിലയിൽ അടിക്കടി പ്രകൃതി ദുരന്തങ്ങൾ നേരിടുന്നു. ഇത് ഉയ൪ത്തിയാണ് പ്രത്യേക സഹായം ആവശ്യപ്പെട്ടത്. പുതിയ സ്ഥാപനങ്ങൾ, കേന്ദ്രസഹായം, കടം ബാധ്യത കുറക്കുന്നതിനുള്ള നടപടി തുടങ്ങി കേരളം ഉന്നയിച്ച ആവശ്യങ്ങളിൽ അധികവും പരിഗണിക്കപ്പെടാതെ പോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.